ബെംഗളൂരുവിന് മുമ്പ് വാരണസി; വന്ദേഭാരത് സ്ലീപ്പര്‍ എത്തുക ഒക്ടോബര്‍ 31ന്, രാത്രി 8.50ന് പുറപ്പെടും

ബെംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് സ്ലീപര്‍ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെ മറ്റൊരു വിവരം. ഡല്‍ഹി-വാരണസി റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ആദ്യമെത്തുകയത്രെ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും ചേര്‍ന്നാണ് ഒക്ടോബര്‍ 31ന് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഡല്‍ഹി-വാരണസി റൂട്ടിലാണ് സര്‍വീസ് ആരംഭിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടന ദിവസം പകല്‍ 11 മണിക്കായിരിക്കും സര്‍വീസ്. പതിവ് സര്‍വീസ് ആരംഭിച്ചാല്‍ രാത്രി യാത്രയാകും. പ്രയാഗ് രാജ് ജങ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍, അലിഗഡ് ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം സ്വീകരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി എന്നും വാര്‍ത്തയിലുണ്ട്.

Vande Bharat Sleeper Delhi-Varanasi

രാജ്യത്ത് ഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കാണിത്. ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് മുന്നോടിയായി കഴിഞ്ഞ ജനുവരിയിലാണ് ഈ ട്രെയിന്‍ അനുവദിച്ചത്. ഉത്തര്‍ പ്രദേശ് അടുത്ത വര്‍ഷം ആദ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ ഘട്ടത്തിലാണ് ഉത്തര്‍ പ്രദേശിന് വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

ഇതുവരെ വന്ന വാര്‍ത്തകള്‍ പ്രകാരം രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരു-മുംബൈ റൂട്ടിലായിരിക്കും എന്നാണ്. നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. അതിനിടെയാണ് രണ്ടാമത്തെ വന്ദേഭാരത് ഉത്തര്‍ പ്രദേശിനായിരിക്കുമെന്ന പുതിയ വിവരം. ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസവും ഡല്‍ഹി-വാരണസി റൂട്ടില്‍ സര്‍വീസുണ്ടാകും.

വന്ദേഭാരത് സ്ലീപ്പര്‍ ഡല്‍ഹി-വാരണസി ഷെഡ്യൂള്‍ അറിയാം

വാരണസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് 27421 നമ്പറിലാകും ട്രെയിന്‍ സര്‍വീസ്. വാരണസിയില്‍ നിന്ന് രാത്രി 8.50ന് പുറപ്പെടും. ന്യൂഡല്‍ഹിയില്‍ എത്തുക തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 5.55ന് ആയിരിക്കും. പ്രയാഗ് രാജ്, കാണ്‍പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ 27422 എന്ന നമ്പറിലായിരിക്കും. ഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 6.45ന് വാരണസിയില്‍ എത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണസി. പ്രയാഗ് രാജില്‍ നിന്നുള്ളവര്‍ക്ക് അതിവേഗം ഡല്‍ഹിയിലെത്താന്‍ ഈ ട്രെയിന്‍ സഹായിക്കും എന്നതും എടുത്തു പറയണം. ഹംസഫര്‍ എക്‌സ്പ്രസ്, ശിവഗംഗ എക്‌സ്പ്രസ്, പ്രയാഗ് രാജ് എക്‌സ്പ്രസ് എന്നിവയാണ് ഇതുവഴി സര്‍വീസ് നടത്തുന്ന പ്രധാന പ്രീമിയം ട്രെയിനുകള്‍. ഇക്കൂട്ടത്തിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ കൂടി വരികയാണ്. 16 കോച്ചുള്ള സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കും ഇതുവഴി സര്‍വീസ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം വരുന്ന വേളയില്‍ ടിക്കറ്റ് നിരക്ക്, ഓരോ സ്‌റ്റേഷനുകളിലും എത്തുന്ന സമയം എന്നിവ വ്യക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma