വന്ദേ ഭാരത് സ്ലീപ്പര്‍ ആദ്യ സര്‍വീസ് ഈ റൂട്ടില്‍; 20 കോച്ചുകള്‍, ആഴ്ചയില്‍ 4 ദിവസം യാത്ര
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ ട്രെയിന്‍ രാജ്യത്ത് ആദ്യ സര്‍വീസിന് ഒരുങ്ങുന്നു. നേരത്തെ രണ്ട് റൂട്ടുകള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു എങ്കിലും ആറ് മാസം നീണ്ട സര്‍വെകള്‍ക്ക് ശേഷം പുതിയ പാതയാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റു ട്രെയിനുകള്‍ക്ക് തടസമില്ലാത്ത സമയം, യാത്രക്കാര്‍ കൂടുതലുള്ള പാത എന്നിവ പരിഗണിച്ചാണ് പുതിയ റൂട്ട് നിശ്ചയിച്ചിട്ടുള്ളത്.
ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലേക്കാണ് ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ദിവസങ്ങള്‍ക്കകം സമയക്രമം റെയില്‍വെ പ്രഖ്യാപിക്കും. അടുത്ത മാസം സര്‍വീസ് ആരംഭിക്കുകയും ചെയ്യും. വന്ദേഭാരത് എക്‌സ്പ്രസ്, വന്ദേ മെട്രോ എന്നിവയ്ക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നത്.

കാണ്‍പൂര്‍, മഥുര, ആഗ്ര റൂട്ടാണ് ശുപാര്‍ശ ചെയ്യപ്പെട്ട ഒന്ന്. ഓന്‍ല, ചന്ദോസി, മുറാദാബാദ്, ഗാസിയാബാദ് റൂട്ടാണ് മറ്റൊന്ന്. എന്നാല്‍ ഏറ്റവും ഒടുവില്‍ ധാരണയായിരിക്കുന്നത് ബറേലി ജങ്ഷന്‍ വഴിയാണ്. ലഖ്‌നൗവില്‍ നിന്ന് തുടങ്ങി ബറേലി വഴി മുംബൈയിലേക്ക് സ്ലീപ്പര്‍ ട്രെയിന്‍ എത്തും. കിടന്ന് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ട്രെയിന്‍ ആയതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1200 പേര്‍ക്ക് യാത്ര ചെയ്യാം
ഹര്‍ദോയ്, ഷാജഹാന്‍പൂര്‍, ബറേലി ജങ്ഷന്‍, റാംപൂര്‍, മുറാദാബാദ്, ഗാസിയാബാദ്, ഹസ്രത് നിസാമുദ്ദീന്‍, ആഗ്ര വഴിയാണ് മുംബൈയിലേക്ക് ആദ്യ വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട്. 20 കോച്ചുകളുള്ള ട്രെയിന്‍ ആകും സര്‍വീസ് നടത്തുക. 1200 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ കോച്ചുകള്‍ക്കൊപ്പം സീറ്റും ലഗേജ് റാക്കുകളുമുള്ള കോച്ചുകളുമുണ്ടാകും.
ആഴ്ചയില്‍ നാല് ദിവസമായിരിക്കും സ്ലീപ്പര്‍ ട്രെയിനിന്റെ സര്‍വീസ്. എപ്പോഴാണ് യാത്ര തുടങ്ങേണ്ടത് എന്ന സമയക്രമം കൂടി നിശ്ചയിച്ചാല്‍ റെയില്‍വെ പ്രഖ്യാപനം നടത്തും. പിന്നീട് ട്രെയിന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുങ്ങും. 2019ല്‍ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തുടങ്ങിയതും ഉത്തര്‍ പ്രദേശില്‍ നിന്നായിരുന്നു. വാരണാസി-ന്യൂഡല്‍ഹി റൂട്ടിലായിരുന്നു ഈ സര്‍വീസ്. നിലവില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ നിറഞ്ഞ സീറ്റുകളിലാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
ബറേലി ലോകമാന്യ തിലക് എക്‌സ്പ്രസ്, രാംനഗര്‍-ബാന്ദ്ര എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് നിലവില്‍ ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നത്. നിറഞ്ഞ യാത്രക്കാരുമായിട്ടാണ് ഈ സര്‍വീസുകള്‍. അതുകൊണ്ടുതന്നെയാണ് ആദ്യ വന്ദേഭാരത് സ്ലീപ്പറിനും ഈ റൂട്ട് പരിഗണിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം പത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം. ന്യൂഡല്‍ഹി-സെക്കന്തരാബാദ് റൂട്ടിലും സര്‍വീസ് വൈകാതെ തുടങ്ങും. രാജധാനി, ദുരന്തോ എക്‌സ്പ്രസുകള്‍ ഈ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രയ്ക്ക് 22 മുതല്‍ 24 മണിക്കൂര്‍ വരെ വേണ്ടിവരുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് എക്‌സ്പ്രസ് 17 മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.












Click it and Unblock the Notifications