രണ്ടാം വന്ദേഭാരത് സ്ലീപ്പറിന് നാല് സ്റ്റോപ്പ് മാത്രം; തേഡ് എസി ടിക്കറ്റ് 1915 രൂപ, വെള്ളി സര്‍വീസ് ഇല്ല
രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണസി-ന്യൂഡല്‍ഹി റൂട്ടിലാണ് ഈ ട്രെയിന്‍ ഓടുക. നാളെ മുതലാണ് കൊമേഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ബെംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുവന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ആണിത്.
വാരണസി-ന്യൂഡല്‍ഹി റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ നമ്പര്‍ 27421/27422 ആണ്. തിങ്കളാഴ്ച രാത്രി മുതല്‍ ഈ സര്‍വീസ് ആരംഭിക്കും. വാരണസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ വെള്ളിയാഴ്ച സര്‍വീസ് നടത്തില്ല. ന്യൂഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കുള്ള ട്രെയിന്‍ ശനിയാഴ്ചയും സര്‍വീസ് നടത്തില്ല.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ വന്ദേഭാരത് സ്ലീപ്പറിന് സാധിക്കും. എന്നാല്‍ ന്യൂഡല്‍ഹി-വാരണസി റൂട്ടില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നാല് സ്‌റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ എന്നതും എടുത്തു പറയണം.
വാരണസിയില്‍ നിന്ന് പുറപ്പെട്ടാല്‍ പ്രയാഗ് രാജ്, കാണ്‍പൂര്‍ സെന്‍ട്രല്‍, അലിഗഡ്, ഗാസിയാബാദ് എന്നീ സ്റ്റേഷനുകളിലാണ് സ്‌റ്റോപ്പുകള്‍. ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. നിരവധി തീര്‍ഥാടകര്‍ എത്തുന്ന നഗരമാണ് വാരണസി. അതുകൊണ്ടുതന്നെ ഈ നഗരത്തിലേക്ക് അതിവേഗം എത്താന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ തീര്‍ഥാടകരും ടൂറിസ്റ്റുകളും പരിശോധിക്കാറുണ്ട്.
വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് അറിയാം
16 കോച്ചുള്ള ട്രെയിന്‍ ആണ് അനുവദിച്ചിട്ടുള്ളത്. വാരണസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തേഡ് എസി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1915 രൂപയാണ് ടിക്കറ്റ് നിരക്ക്. സെക്കന്റ് എസിയില്‍ 2470 രൂപയും ഫസ്റ്റ് ക്ലാസില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരണസിയില്‍ നിന്ന് പ്രയാഗ് രാജിലേക്ക് പോകുന്നവര്‍ക്ക് യഥാക്രമം 1010, 1305, 1600 എന്നിങ്ങനെയാണ് മൂന്ന് ക്ലാസുകളിലെയും ടിക്കറ്റ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണസി. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ അനുവദിച്ചതില്‍ നരേന്ദ്ര മോദി റെയില്‍വെ മന്ത്രാലയത്തെ നന്ദി അറിയിച്ചു. വാരണസിയില്‍ നിന്ന് രാത്രി 8.50നാണ് ട്രെയിന്‍ പുറപ്പെടുക. പുലര്‍ച്ച ആറ് മണിക്ക് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും. ന്യൂഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെട്ട് രാവിലെ ഏഴ് മണിക്ക് വാരണസിയില്‍ എത്തുന്ന വിധമാണ് മടക്ക സര്‍വീസ്.


Click it and Unblock the Notifications
