വന്ദേ ഭാരത് സ്ലീപ്പർ ആദ്യമെത്തുക ഏത് റൂട്ടിൽ? ടിക്കറ്റ് നിരക്ക് എത്രയായിരിക്കും? വിശദമായി അറിയാം
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സപ്റ്റംബറോടെ ഓടിത്തുടുങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വേഗതയും സൗകര്യങ്ങളും രാത്രികാല യാത്രകളിലേക്ക് വ്യാപിപ്പിക്കുകയാണ് പുതിയ സ്ലീപ്പർ പതിപ്പിലൂടെ റെയിൽവെ ലക്ഷ്യം വെയ്ക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയാ യാത്രയായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രധാനം ചെയ്യുക. ദീർഘദൂര യാത്രകൾക്ക് സ്ലീപ്പർ സർവ്വീസ് കൂടുതൽ ആശ്വാസമാകും. എന്തൊക്കെയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകതകൾ, ആദ്യ സ്ലീപ്പർ ഏത് റൂട്ടിലായിരിക്കും തുടങ്ങിയ വിശദമായ വിവരങ്ങൾ പരിശോധിക്കാം.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുട ( ഐ സി എഫ്) അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബെംഗളൂരു ബി ഇ എം എൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വികസിപ്പിച്ചത്. സ്ലീപ്പർ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ട്രെയൽ റൺ പൂർത്തിയാക്കിയിരുന്നു.
16 കോച്ചുകളിലായി എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ വിഭാഗത്തിലായിരിക്കും വന്ദേഭാരത് എത്തുക. നിലവിൽ മണിക്കൂറിൽ 160 കിമി വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ
സ്ലീപ്പർ ട്രെയിനുകളിലെ അത്യാധുനിക സംവിധാനങ്ങളുടെ ചിത്രങ്ങൾ അടുത്തിടെ റെയിൽവെ പുറത്തുവിട്ടിരുന്നു. തത്സമയ യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്ന സ്ക്രീനുകൾ, റീഡിംഗ് ലാമ്പുകളോടുകൂടിയ യുഎസ്ബി ചാർജിംഗ് , മോഡുലാർ പാന്റ്രി യൂണിറ്റുകൾ, ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, ബയോ-വാക്വം ടോയ്ലറ്റുകൾ എന്നിവയെല്ലാം ട്രെയിനിന്റെ പ്രത്യേകതകളാണ്.
ഇതുകൂടാതെ യാത്രക്കാർക്കായി ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കട്ടിലുകളും ടോയ്ലറ്റുകളും ഈ ട്രെയിനിലുണ്ടാകും. സഹായത്തിനായി ടോക്ക്-ബാക്ക് യൂണിറ്റുകൾ, സി സി ടി വി നിരീക്ഷണം, കോച്ചുകൾക്കിടയിൽ സെൻസർ വാതിലുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കാവച്ച് എന്ന ആന്റി-കൊളിഷൻ സംവിധാനം, എമർജൻസി ബ്രേക്കിംഗ്, ആന്റി - ക്ലൈംബിംഗ് സാങ്കേതികവിദ്യ എന്നിവയും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. പരമാവധി സുരക്ഷ ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.
കേരളത്തിലേക്കാണോ ആദ്യ സ്ലീപ്പർ എത്തുക?
വന്ദേഭാരത് ആദ്യ സ്ലീപ്പറുകൾ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമായിരിക്കുമെന്ന തരത്തിൽ നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനുകളിലെ ഒക്യുപെൻസി റേറ്റിൽ കേരളത്തിൽ ഉയർന്നതാണ്. അതിനാലാണ് തിരുവനന്തപുരം - ബെംഗളൂരു സ്ലീപ്പർ ട്രെയിനുകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത് റെയിൽവെ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല സ്ലീപ്പർ ട്രെയിനുകൾ ഏത് റൂട്ടിലായിരിക്കും സർവ്വീസ് നടത്തുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, ഡൽഹി-മുംബൈ, ഡൽഹി-ഹൗറ,ഡൽഹി-പുണെ, ഡൽഹി-സെക്കന്തരാബാദ് എന്നിങ്ങനെയുള്ള ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടിലായിരിക്കും വന്ദേഭാരത് ട്രെയിനുകൾ ആദ്യം എത്തിയേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ റൂട്ടുകളിൽ സ്ലീപ്പർ ട്രെയിനുകൾ എത്തുന്നത് വിമാനയാത്രയ്ക്ക് താങ്ങാനാവുന്നതും സൗകര്യപ്രദവുമായ ബദലായി മാറും.
വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് എങ്ങനെയായിരിക്കും?
ഇത്രയും സൗകര്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ഉയർന്നതായിരിക്കില്ലേയെന്ന ആശങ്ക യാത്രക്കാർക്ക് ഉണ്ട്. എന്നാൽ നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകൾ പോലെതന്നെ ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിലയിലായിരിക്കുമെന്നാണ് റെയിൽവെ മന്ത്രി അറിയിച്ചത്.
പ്രതീക്ഷയോടെ കേരളവും
വന്ദേഭാരത് സ്ലീപ്പറുകൾ 10 എണ്ണം ഈ വർഷം തന്നെ ഇറക്കും എന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് സ്ലീപ്പർ സർവ്വീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications