വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നതോടെ 5 മണിക്കൂര്‍ ലാഭം; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, എല്ലാം ഒരിടത്തേക്ക്
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആദ്യ സര്‍വീസ് ഡല്‍ഹിയെ ബന്ധിപ്പിച്ചാകുമെന്നാണ് വിവരം. ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്ക് ഒരു സര്‍വീസുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് പ്രതീക്ഷിക്കാം.
ന്യൂഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് പട്‌നയില്‍ എത്തുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ വിവരങ്ങളാണ് ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണ ഈ റൂട്ടില്‍ 14 മണിക്കൂര്‍ വരെ വേണ്ടി വരും. എന്നാല്‍ വന്ദേഭാരത് സ്ലീപ്പര്‍ ഒമ്പത് മണിക്കൂറില്‍ സര്‍വീസ് പൂര്‍ത്തിയാക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബിഹാറില്‍ ഒരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ച പിന്നാലെയാണ് പുതിയ ട്രെയിന്‍ വരുമെന്ന റിപ്പോര്‍ട്ട്...

16 കോച്ചുകളുള്ള സ്ലീപ്പര്‍ ട്രെയിന്‍ ആകും ന്യൂഡല്‍ഹി-പട്‌ന റൂട്ടില്‍ സര്‍വീസ് നടത്തുകയത്രെ. 823 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. ന്യൂഡല്‍ഹി-ഗാസിയാബാദ്, കാണ്‍പൂര്‍, പ്രയാഗ് രാജ്, മുഗള്‍സരായ്, പട്‌ന ജങ്ഷന്‍ എന്നിവിടങ്ങളിയാരിക്കും സ്റ്റോപ്പുകള്‍. 1500നും 1800നുമിടയിലാകും ടിക്കറ്റ് നിരക്ക് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നേരത്തെ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് വലിയ നേട്ടത്തിലാണ്. അതുകൊണ്ടാണ് സ്ലീപ്പര്‍ ട്രെയിനും പരിഗണിക്കുന്നത്. റെയില്‍വെ ബോര്‍ഡ് ആണ് സ്‌റ്റോപ്പുകള്‍ സംബന്ധിച്ചും ടിക്കറ്റ് നിരക്ക് സംബന്ധിച്ചും അന്തിമ വിവരം പുറത്തുവിടുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണ് ബിഹാറിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പാടലിപുത്ര-ഗോരഖ്പൂര്‍ വന്ദേഭാരത് സര്‍വീസ്
ബിഹാറിലെ പാടലിപുത്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയിട്ടാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. അതിവേഗ ട്രെയിന്‍ ആയതിനാല്‍ വന്ദേഭാരതിലുള്ള യാത്ര വഴി 2 മണിക്കൂര്‍ ലാഭിക്കാമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.
ഗോരഖ്പൂരില്‍ നിന്ന് രാവിലെ 5.40ന് പുറപ്പെടുന്ന വന്ദേഭാരത് പാടലിപുത്രയില്‍ 12.45ന് എത്തിച്ചേരും. തിരിച്ച് 3.30ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ ഗോരഖ്പൂരില്‍ രാത്രി 10.30ന് എത്തും. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ഹാജിപൂര്‍, മുസഫര്‍പൂര്‍, ബാപുധാം മോത്തിഹാരി, സഗോലി, ബേട്ടിയ, നര്‍ക്കതിയഗഞ്ച്, ബാഘ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. ബിഹാറിനും യുപിക്കും ലഭിക്കുന്ന 28ാമത് വന്ദേഭാരത് എക്‌സ്പ്രസാണിത്.
മണിക്കൂറില്‍ 160 കിലോമീറ്ററില്‍ യാത്ര ചെയ്യാന്‍ വന്ദേഭാരതിന് സാധിക്കുമെങ്കിലും 130 കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. പാതകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വേഗത കൂട്ടാന്‍ സാധിക്കും. അതിന് പുറമെയാണ് സ്ലീപ്പര്‍ ട്രെയിന്‍ കൂടെ എത്തുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. ഭരണകക്ഷിയായ ബിജെപി-ജെഡിയു സഖ്യവും പ്രതിപക്ഷമായ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യവുമാണ് ഏറ്റുമുട്ടുന്നത്.












Click it and Unblock the Notifications