വന്ദേഭാരത് സ്ലീപ്പർ എത്തുന്നു;മലയാളികൾക്ക് വൻ ലോട്ടറി..മംഗളൂരുവിലേക്കും ബെംഗളൂരുവിലേക്കും പറക്കാം
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പർ എഡിഷൻ ആദ്യം ലഭിക്കുക കേരളത്തിനെന്ന് റിപ്പോർട്ട്. തിരുവനന്തപുരം-മംഗലാപുരം റൂട്ടിലായിരിക്കും ആദ്യ സ്ലീപ്പർ ട്രെയിൻ സർവ്വീസ് നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
16 കോച്ചുകളായിരിക്കും ട്രെയിനിന് ഉണ്ടാകുക. സർവ്വീസ് 1.128 പേർക്ക് സുഖയാത്ര ഒരുക്കും.
ഇന്ത്യയിലെ വിദൂര പ്രദേശങ്ങൾക്കിടയിൽ സുഗമമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വ്ത്യസ്ത പ്രദേശങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ പ്രാപ്യമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് നിർദ്ദിഷ്ട സർവ്വീസുകൾ റെയിൽവെ അവതരിപ്പിക്കുന്നത്. അതിവേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സഹായിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ സ്ലീപ്പർ ട്രെയിനുകളും കേരളത്തിന് വേണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം മംഗളൂരുവിന് പുറമെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും സ്ലീപ്പർ സർവ്വീസ് ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഐടി ജീവനക്കാർക്ക് ഉൾപ്പെടെയുള്ളവർക്ക് വളരെ സൗകര്യപ്രദമായിരുന്ന സർവ്വീസായിരുന്നു ഇത്. സ്പെഷ്യൽ സർവ്വീസായിട്ടായിരുന്നു ട്രെയിൻ ഓടിയത്. എന്നാൽ വൈകാതെ ഈ സർവ്വീസ് റെയിൽവെ നിർത്തലാക്കി. ജനപ്രതിനിധികളടക്കം സർവ്വീസ് പുനഃസ്ഥാപിക്കാൻ ആവശ്യമുയർത്തിയെങ്കിലും റെയിൽവേയിൽ നിന്നും അനുകൂല ഉത്തരം ലഭിച്ചിരുന്നില്ല.
അതേസമയം പുതിയ സ്ലീപ്പർ സർവ്വീസ് എത്തുന്നത്
സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമല്ല, വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകമാകും. രാത്രിയിൽ മികച്ച സൗക്യങ്ങളോടെ കിടന്നുറങ്ങി, ഈ റൂട്ടിലെ മറ്റു ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തിച്ചേരാനാകും. രണ്ട് ഐടി നഗരങ്ങളെയും വന്ദേ ഭാരത് സ്ലീപ്പർ വഴി ബന്ധിപ്പിക്കുന്നതോടെ വാണിജ്യ, ബിസിനസ് സാധ്യതകളും വർധിപ്പിക്കും. കന്യാകുമാരി - ശ്രീനഗർ റൂട്ടിലും സ്ലീപ്പർ സർവ്വീസ് റെയിൽവെയുടെ പരിഗണനയിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അത്യാഡംബര സൗകര്യങ്ങളോടെ കിടന്നുറങ്ങി പോകാം
അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും വന്ദേഭാരത് സ്ലീപ്പർ എത്തുക. സ്ലീപ്പർ ട്രെയിനുകളുടെ ചിത്രങ്ങൾ അടുത്തിടെ റെയിൽവെ പുറത്തുവിട്ടിരുന്നു. 16 കോച്ചുകളാണ് ട്രെയിനിന് ഉളളത്. ഇതിൽ 11 എണ്ണം എസി ത്രീ ടയറാണ്. നാല് കോച്ചുകൾ എസി 2 ടയറും ഒരു കോച്ച് ഫസ്റ്റ് ക്ലാസ് എസിയുമാണ്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 160 കിമിയാണ്. 180 കിമി വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. അധികം കുലുക്കമില്ലാത്ത യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്.
മികച്ച സ്ലീപ്പിങ് ബെർത്തുകൾ, ലൈറ്റിംഗ്, തത്സമയ യാത്രാ അപ്‌ഡേറ്റുകൾ നൽകുന്ന ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്പ്ലേ സിസ്റ്റം, വൈകല്യം ഉള്ളവർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്ലറ്റുകൾ, മോഡുലാർ പാൻട്രി, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ട്രെയിനിൽ ഉണ്ടാകും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ സി എഫ്) ആണ് സ്ലീപ്പർ ട്രെയിനുകളുടെ ഡിസൈൻ കൈകാര്യം ചെയ്യുന്നത്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി ഇ എം എൽ) ആണ് ട്രെയിൻ നിർമ്മിക്കുന്നത്.
കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും
വന്ദേഭാരത് ഭാരത് ചെയർ കാർ ട്രെയിനുകൾ ഇതിനോടകം തന്നെ വിവിധി റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇവയുടെ സ്ലീപ്പർ പതിപ്പിക്കുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ. ആദ്യ ഘട്ടത്തിൽ പത്ത് സ്ലീപ്പർ ട്രെയിനുകളായിരിക്കും വികസിപ്പിക്കുക. രണ്ടാം ഘട്ടത്തിൽ 50 സ്ലീപ്പർ സർവ്വീസുകൾ കൂടി നിർമ്മിക്കാനുള്ള ചുമതല ഐസിഎഫിന് നൽകിയിട്ടുണ്ട്. 2026-27 ഓടെ ഈ ട്രെയിനുകൾ പൂർണ്ണമായും സർവീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications