വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും തലങ്ങും വിലങ്ങും ചീറിപ്പായും; ഒന്നും രണ്ടുമല്ല, 120 എണ്ണം
വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള കാത്തിരിപ്പ് ഇനിയും വൈകില്ല. സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. മൂന്ന് കമ്പനികൾക്കാണ് ട്രെയിനുകളുടെ നിർമ്മാണച്ചുമതല.
ബെമൽ (BEML), കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് (റഷ്യൻ കമ്പനിയായ ടി എം എച്ചും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്ന സംയുക്ത സംരംഭം), ടൈറ്റഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡും ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും (BHEL) ചേർന്ന കൺസോർഷ്യം എന്നിവയ്ക്കാണ് നിർമ്മാണക്കരാറുകൾ ലഭിച്ചിട്ടുള്ളത്.

ഇവരിൽ, ആർ വി എൻ എൽ (RVNL) നേതൃത്വം നൽകുന്ന സംയുക്ത സംരംഭം 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിക്കും. ഓരോ സെറ്റിലും 16 കോച്ചുകൾ വീതമു
ള്ള ട്രെയിനുകളായിരിക്കും നിർമ്മിക്കുക. ആദ്യ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറക്കിയേക്കും.
ആർ.വി.എൻ.എൽ ഡയറക്ടർ (ഓപ്പറേഷൻസ്) എം.പി. സിംഗ് അറിയിച്ചത് പ്രകാരം,
ട്രെയിനിന്റെ ഡിസൈൻ പൂർത്തിയായി. ലാതൂർ ഫാക്ടറിയിൽ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രാഥമിക തടസങ്ങളും നീങ്ങിയിട്ടുണ്ട്', ആർ വി എൻ എൽ ഡയറക്ടർ (ഓപ്പറേഷൻസ്) എംപി സിങ് അറിയിച്ചു. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2032 ഓടെ 120 ട്രെയിനുകളും ട്രാക്കിലെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രോട്ടോടൈപ്പ് നിർമ്മിച്ച ശേഷം, പരീക്ഷണങ്ങൾക്കും സുരക്ഷാ അനുമതികൾക്കും വിധേയമാക്കും. എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നാൽ, 2026-27 സാമ്പത്തിക വർഷത്തിൽ പ്രോട്ടോടൈപ്പ് പുറത്തിറക്കുന്നതിനൊപ്പം സാധാരണ നിർമ്മാണവും ആരംഭിക്കും', അദ്ദേഹം പറഞ്ഞു.
'2026 ജൂണിൽ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനുശേഷം കൂടുതൽ ട്രെയിനുകളുടെ നിർമ്മാണം ആരംഭിക്കും. പ്രോട്ടോടൈപ്പ് നിർമ്മിച്ചുകഴിഞ്ഞാൽ ട്രെയിൻ സെറ്റിന്റെ ചെലവിന്റെ 90 ശതമാനം റെയിൽവേ പിഎസ്‌യു നൽകും. വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ബാക്കി 10 ശതമാനം തുക വിതരണം ചെയ്യുമെന്നും റെയിൽവേ പിഎസ്‌യു റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി.
കിടന്നുറങ്ങി സുഖയാത്ര
വേഗതയും സൗകര്യവും, സുരക്ഷയും ഒത്തുചേരുന്ന സെമി-ഹൈ-സ്പീഡ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്. രാത്രികാല, ദീർഘദൂര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഇത്.
16 കോച്ചുകളിലായി ഏകദേശം 1,128 യാത്രക്കാരെയാണ് സ്ലീപ്പർ ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കുക. എ സി ഫസ്റ്റ് ക്ലാസ്, എ സി 2 ടിയർ, എ സി 3 ടിയർ എന്നിങ്ങനെ മൂന്ന് ക്ലാസുകളായി കോച്ചുകളെ വേർതിരിച്ചിട്ടുണ്ട്. പരമ്പരാഗത രാത്രി ട്രെയിനുകളേക്കാൾ വേഗത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഇത് സഞ്ചരിക്കും.
യാത്രക്കാരുടെ സൗകര്യങ്ങൾക്കായി തത്സമയ ഓഡിയോ/വീഡിയോ അറിയിപ്പുകളും ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേകളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. യു എസ് ബി ചാർജിംഗ് പോർട്ടുകളുള്ള റീഡിംഗ് ലൈറ്റുകൾ, മികച്ച ഓൺബോർഡ് കാറ്ററിംഗിനായി മോഡുലാർ പാൻട്രി യൂണിറ്റുകൾ എന്നിവയുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ബെർത്തുകളും ടോയ്ലറ്റുകളും, മെച്ചപ്പെട്ട സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി, ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളം ലഭ്യമാക്കുന്ന ഷവറുകളുമുണ്ട്. യാത്രക്കാർക്ക് ക്രൂവുമായി ആശയവിനിമയം നടത്താൻ 'ടോക്ക്-ബാക്ക്' ഉപകരണങ്ങളും, സുഗമമായ യാത്രക്കായി സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകളും, ശുചിത്വത്തിനായി ടച്ച്-ഫ്രീ ബയോ-വാക്വം ടോയ്ലറ്റുകളും സ്ലീപ്പർ കോച്ചുകളിലുണ്ട്. ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക റെസ്റ്റ്റൂമുകളും ബെർത്തുകളും ലഭ്യമാക്കിയിട്ടുണ്ട്.
സുരക്ഷാ സവിശേഷതകൾ
എമർജൻസി ബ്രേക്കുകൾ, കൂട്ടിയിടികളിൽ കോച്ചുകൾ പരസ്പരം കയറുന്നത് തടയാൻ രൂപകൽപ്പന ചെയ്ത 'ആൻ്റി-ക്ലൈംബിംഗ്' ഡിസൈൻ, അപകടങ്ങൾ തടയുന്നതിനുള്ള 'കവച്ച് ആൻ്റി-കൊളിഷൻ' സംവിധാനം എന്നിവയും സ്ലീപ്പർ ട്രെയിനിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications