വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ജുലൈ അവസാനത്തോടെ; വരുന്നത് 2 സർവ്വീസുകൾ?
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ ജുലൈയോടെ സർവ്വീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്ലീപ്പർ ട്രെയിനിന്റെ സ്പീഡ് ട്രയൽ ഇതിനോടകം പൂർത്തിയാക്കിയതായി റെയിൽവെ അറിയിച്ചു. ട്രെയിന്റെ വേഗതയും മറ്റ് സാങ്കേതിക കാര്യങ്ങളും സംബന്ധിച്ച പരിശോധന ലഖ്നൗവിലെ റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഏതൊക്കെ റൂട്ടിൽ സർവ്വീസ് അനുവദിക്കണം, സ്ലീപ്പർ ടിക്കറ്റുകൾ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് റെയിൽവെ പരിശോധിക്കുന്നത്.
ഈ വർഷം തന്നെ 30 സ്ലീപ്പർ സർവ്വീസുകൾ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് റെയിൽവെ നടത്തുന്നത്. ഇതിനോടകം 10 സ്ലീപ്പർ ട്രെയിനുകൾ നിർമ്മിച്ച് കഴിഞ്ഞു. ബെംഗളൂരിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ്
ട്രെയിൻ നിർമ്മിച്ചത്. ആദ്യ ട്രെയിനിന് പച്ചക്കൊടി ലഭിച്ച ശേഷം മറ്റ് ട്രെയിനുകൾ ഘട്ടം ഘട്ടമായി ട്രാക്കിലിറക്കും. 10 പുതിയ സ്ലീപ്പർ ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ സി എഫ്) നിർമ്മിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ ട്രെയിനിൻ്റെ കോച്ചുകൾ ബി ഇ എം എല്ലും ഐ സി എഫും ചേർന്നാണ് നിർമ്മിക്കുന്നത്.

160 കിലോമീറ്റർ വേഗതയിൽ വന്ദേ ഭാരത്
സ്ലീപ്പർ ട്രെയിനുകൾ 160 കിമി വേഗതിയിലായിരിക്കും സഞ്ചരിക്കുക. നിലവിൽ രാജ്യത്തോടുള്ള ഏറ്റവും വേഗതയുള്ള ട്രെയിനുകൾ രാജധാനി, ശതാബ്ദി, വന്ദേ ഭാരത് (ചെയർ കാർ) എന്നിവയാണ്. ഇവ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. വന്ദേഭാരത് സ്ലീപ്പറുകൾ 160 കിമി വരെ വേഗതയിലായിരിക്കും ഓടുക. ഘട്ടം ഘട്ടമായി വേഗത വർധിപ്പിക്കും. ഹൈ സ്പീഡ് ട്രെയിനുകൾ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ ലൈനിലായിരിക്കും ഓടിക്കുക. ഈ റെയിൽവേ ലൈനുകൾ അതിവേഗ പാതയാക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി ആന്റി- കൊയിലീഷൻ സാങ്കേതികവിദ്യയും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും റെയിൽവേ സ്വീകരിക്കും.
കേരളത്തിനാകുമോ ആദ്യ ട്രെയിൻ?
വന്ദേഭാരത് ചെയർ കാറുകൾക്ക് വലിയ സ്വീകരാര്യത ലഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ സ്ലീപ്പർ ട്രെയിനുകൾ ആദ്യത്തേത് കേരളത്തിനായിരിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ റെയിൽവെ വ്യക്തത വരുത്തിയിട്ടില്ല. സ്ലീപ്പർ ലഭിക്കുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കായിരിക്കും ആദ്യം സർവ്വീസ്. കഴിഞ്ഞ മാസം ദക്ഷിണ റെയിൽവെ മാനേജർ ഈ സർവ്വീസ് സംബന്ധിച്ച് കേരളത്തിന് ഉറപ്പ് നൽകിയിരുന്നു. 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എത്തുന്ന തരത്തിലായിരിക്കും സർവ്വീസ്.












Click it and Unblock the Notifications