വന്ദേഭാരത് സ്ലീപ്പര്‍ 180 കി.മീ വേഗതയില്‍ ചീറിപ്പാഞ്ഞു; ആദ്യ സര്‍വീസിന് ഒരുങ്ങുന്നു, സാധ്യത ഈ റൂട്ടില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ അന്തിമ വേഗ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ (സിആര്‍എസ്) മേല്‍നോട്ടത്തില്‍ കോട്ട-നാഗ്ദ പാതയില്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കി.മീ വേഗതയില്‍ പാഞ്ഞു.
യാത്രാസ്ഥിരത, അടിയന്തര ബ്രേക്കിംഗ്, സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സമഗ്ര സാങ്കേതിക പരിശോധനകളാണ് ട്രയലിനിടെ നടന്നത്. ട്രെയിന്‍ അതിവേഗ യാത്രാ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും റെയില്‍വെ അറിയിച്ചു.

അതിവേഗ ട്രയല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചു. കോട്ട-നാഗ്ദ പാതയില്‍ മണിക്കൂറില്‍ 180 കി.മീ വേഗതയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സിആര്‍എസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് അദ്ദേഹം കുറിച്ചു. വെള്ളം നിറച്ച ഗ്ലാസുകള്‍ ചലിക്കാതെ നിന്ന വാട്ടര്‍-ഗ്ലാസ് പ്രകടനം, ട്രെയിനിന്റെ സസ്പെന്‍ഷന്‍ മികവും യാത്രാസുഖവും എടുത്തു കാട്ടി.
ദൂരയാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ റേക്കാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. സുഖപ്രദമായ സ്ലീപ്പര്‍ ബര്‍ത്തുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, നവീകരിച്ച ശുചിമുറികള്‍, അഗ്‌നിബാധ-സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍, സിസിടിവി, ഡിജിറ്റല്‍ യാത്രാ വിവരങ്ങള്‍, ഊര്‍ജ്ജക്ഷമത എന്നിവയടക്കം ലോകോത്തര യാത്രാനുഭവത്തിനുള്ള സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.
കവച്, ക്രാഷ്-പ്രൂഫ് സെമി-പെര്‍മനന്റ് കപ്ലറുകള്‍, ആന്റി-ക്ലൈംബറുകള്‍, ഫയര്‍ ബാരിയര്‍ ഡോറുകള്‍, യുവി-സി എസി അണുവിമുക്തമാക്കല്‍, കേന്ദ്രീകൃത ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, അടിയന്തര ടോക്ക്-ബാക്ക് യൂണിറ്റുകള്‍, കേന്ദ്രീകൃത കോച്ച് നിരീക്ഷണ സംവിധാനം തുടങ്ങി നിരവധി നൂതന സുരക്ഷാ-സാങ്കേതിക ഫീച്ചറുകള്‍ ട്രെയിനിലുണ്ട്. ഭിന്ന ശേഷിക്കാരായ യാത്രക്കാര്‍ക്കായി പ്രത്യേക ശുചിമുറികളും, മുകളിലെ ബര്‍ത്തുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഏണിപ്പടികളും ട്രെയിനിലൊരുക്കിയിട്ടുണ്ട്.
പുതു വര്‍ഷത്തില്‍ റെയില്‍വെയുടെ പ്രധാന ശ്രദ്ധ വന്ദേഭാരത് സ്ലീപ്പറില്‍ ആയിരിക്കും. ന്യൂഡല്‍ഹിയെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂഡല്‍ഹി-പട്ന റൂട്ടിലാണ് സര്‍വീസ് എന്നാണ് ഇതുവരെയുള്ള വിവരം. ട്രെയിനുകള്‍ സര്‍വീസിന് തയ്യാറായാല്‍ റെയില്‍വെ ബോര്‍ഡ് റൂട്ടും യാത്രാ നിരക്കും പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസിന് എത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications