വന്ദേഭാരത് സ്ലീപ്പർ ഒന്നല്ല വരുന്നത് രണ്ടെണ്ണം; റെയിൽവെ മന്ത്രി പറയുന്നു..കേരളത്തിന് സ്ലീപ്പർ ഈ റൂട്ടിൽ
വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ എന്ന് വരുമെന്ന ആകാംക്ഷയിലാണ് യാത്രക്കാർ. ഇതിനോടകം തന്നെ സ്ലീപ്പർ ട്രെയിൻ ട്രയൽ റൺ പൂർത്തിയാക്കിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഈ സപ്റ്റംബറോടെ തന്നെ ആദ്യ സ്ലീപ്പർ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ സ്ലീപ്പർ ട്രെയിനിനായി ഒരുമാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. അക്കൂട്ടത്തിൽ മറ്റൊരു സർപ്രൈസ് കൂടി അദ്ദേഹം പങ്കുവെച്ചു. ഒന്നല്ല, രണ്ട് സ്വീപ്പർ സർവ്വീസുകൾ ഒരുമിച്ച് ഇറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കി.ത്.
ന്യൂഡൽഹിയിലെ ഷക്കൂർ ബസ്തി കോച്ചിംഗ് ഡിപ്പോയിൽ ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഒരു ട്രെയിൻ ഇപ്പോൾ ഉദ്ഘാടനത്തിന് തയ്യാറാണ്. രണ്ടാമത്തെ ട്രെയിൻ നിലവിൽ നിർമ്മാണത്തിലാണെന്നും ഒക്ടോബർ 15-ഓടെ ഇത് പൂർത്തിയാകാൻ സാധ്യതയുണ്ടെന്നും വൈഷ്ണവ് വ്യക്തമാക്കി.

'രണ്ട് ട്രെയിനുകളും ഒരുമിച്ച് പുറത്തിറക്കും', മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സാധാരണ സർവീസുകൾ മുടക്കമില്ലാതെ സർവ്വീസ് നടത്താൻ രണ്ടാമത്തെ ട്രെയിൻ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഞങ്ങൾ രണ്ടാമത്തെ ട്രെയിനിനായി കാത്തിരിക്കുന്നത്. അത് ലഭിച്ചാൽ, ഏതെങ്കിലും റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും', മന്ത്രി അറിയിച്ചു.
ഈ വർഷം അവസാനം ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ന്യൂഡൽഹി-പട്ന റൂട്ടിലായിരിക്കും സ്ലീപ്പർ സർവ്വീസ് വരുന്നതെന്ന അഭ്യൂഹം ശക്തമാണ്. ഇത് സംബന്ധിച്ച് പക്ഷെ മന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ന്യൂഡൽഹി-പാട്ന റൂട്ടിൽ പ്രാഗ്‌രാജ് വഴി ഏകദേശം 1000 കിലോമീറ്റർ ദൂരമാണ് താണ്ടേണ്ടത്. 11.5 മണിക്കൂറിനുള്ളിൽ ഈ പരിധി താണ്ടാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഉത്സവ സീസണിലെ യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. വിമാനയാത്രയ്ക്ക് ചെലവ് കുറഞ്ഞ ഒരു ബദലായി വന്ദേഭാരത് സ്ലീപ്പർ മാറും.
അത്യാഢംബര സൗകര്യങ്ങൾ
വിമാനങ്ങളിലേതിന് സമാനമായ ഇന്റീരിയർ, സെൻസർ നിയന്ത്രിത വാതിലുകൾ, സിസിടിവി, ബയോ-ടോയ്‌ലറ്റുകൾ, ചൂടുവെള്ള ഷവറുകൾ തുടങ്ങിയ സൗകര്യങ്ങൾ, സ്ലീപ്പർ സർവ്വീസിലുണ്ട്. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി രൂപകൽപ്പന ചെയ്ത ഈ ട്രെയിനിൽ 24 കോച്ചുകളാണുള്ളത്. കവച് എന്ന കൂട്ടിയിടി വിരുദ്ധ സംവിധാനം പോലുള്ള സുരക്ഷാ ഫീച്ചറുകൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കും. മണിക്കൂറിൽ 180 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. രാജധാനി എക്സ്പ്രസിനെക്കാൾ അല്പം കൂടുതലായിരിക്കും ടിക്കറ്റ് നിരക്ക്. ഇന്ത്യയിലെ ദീർഘദൂര റെയിൽ യാത്രയുടെ നവീകരണത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും പുതിയ സ്ലീപ്പർ ട്രെയിൻ. സമാനമായ സർവീസുകൾ മറ്റ് പ്രധാന റൂട്ടുകളിലും ആരംഭിക്കാൻ പദ്ധതികളുണ്ട്.
ബെംഗളൂരുവിലേക്കല്ല, മംഗളൂരുവിലേക്ക് വരും
കേരളത്തിന് സ്ലീപ്പർ ലഭിക്കുകയാണെങ്കിൽ തിരുവന്തപുരം-ബെംഗളൂരു സർവ്വീസായിരിക്കും ലഭിച്ചേക്കുകയെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകൾ. എന്നാൽ ബെംഗളൂരു റൂട്ടിലേക്കല്ല, മറിച്ച് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആയിരിക്കും പുതിയ സ്ലീപ്പർ എത്തുക എന്നാണ് വിവരം. ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളിൽ മൂന്ന് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം എംകെ രാഘവൻ എംപി ഉന്നയിച്ചിരുന്നു. എന്നാൽ മംഗളൂരു-തിരുവനന്തപുരം സ്ലീപ്പറിന് അംഗീകാരം നൽകുമെന്ന് അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിലേക്ക് വന്ദേഭാരത് സർവ്വീസ് വരുമോ?
സ്ലീപ്പർ ലഭിച്ചില്ലെങ്കിലും തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവ്വീസ് വരുമോയെന്ന് ഉറ്റുനോക്കുകയാണ് യാത്രക്കാർ. നേരത്തേ എറണാകുളം-ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ സർവ്വീസായി വന്ദേഭാരത് ഓടിയിരുന്നു. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. എന്നാൽ വൈകാതെ തന്നെ സർവ്വീസ് പിൻവലിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള എംപിമാർ സർവ്വീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ഈ സർവീസ് യാഥാർത്ഥ്യമായാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.












Click it and Unblock the Notifications