രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ; ഒന്ന് കേരളത്തിന്?ബെംഗളൂരോ മംഗളൂരോ? സാധ്യത ഇങ്ങനെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. ബംഗാളിനും അസമിനും ഇടയിലാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. നിരവധി സംസ്ഥാനങ്ങൾ സ്ലീപ്പർ സർവ്വീസുകൾക്കായി ആവശ്യം ഉയർത്തുന്നുണ്ട്. അതിനിടയിലിതാ ബെംഗളൂരു ആസ്ഥാനമായ ബി ഇ എം എൽ അടുത്ത മാസത്തോടെ രണ്ട് റേക്കുകൾ കൂടി തയ്യാറാക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതേസമയം ഇതിലൊന്ന് കേരളത്തിന് ലഭിക്കുമോയെന്നതാണ് മലയാളികളുടെ ചോദ്യം.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി (ഐ സി എഫ്.) ബി ഇ എം എൽ.ന്റെ കരാർ പ്രകാരം 16 കോച്ചുകളുള്ള 10 സ്ലീപ്പർ റേക്കുകൾ മാർച്ച് 31-നകം റെയിൽവേയ്ക്ക് കൈമാറണം. എന്നാൽ, ഈ സമയപരിധി പാലിക്കാനാകില്ലെന്ന് ഐ സി എഫ് വൃത്തങ്ങൾ അറിയിച്ചുണ്ട്. മാർച്ച് അവസാനത്തോടെ കുറഞ്ഞത് മൂന്നോ നാലോ വന്ദേ ഭാരത് റേക്കുകൾ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാക്കിയുള്ള ആറെണ്ണം തുടർന്ന് ഓരോ മാസവും ഒരെണ്ണം വീതം നൽകാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

10 ട്രെയിനുകൾ ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ഏറ്റവും അവസാനമായുള്ള നിർദേശം. എന്നാൽ ട്രെയിനുകൾ ബെംഗളൂരുവിൽ നിന്ന് ലഭിച്ചാലും, ട്രയലുകളും പരിശോധനകളും അനുമതികളും ആവശ്യമാണ്. അതിനാൽ തിരക്കുകൂട്ടുന്നതിൽ അർത്ഥമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഘട്ടംഘട്ടമായി 260 സ്ലീപ്പർ റേക്കുകൾ കൂടി നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിട്ടിരുന്നു. ഈ റേക്കുകളുടെ പദ്ധതി നിലവിൽ രൂപകൽപ്പന ഘട്ടത്തിലാണെന്നും ആദ്യത്തെ 10 റേക്കുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ആരംഭിക്കൂ എന്നും ഐ സി എഫ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ 260 വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ നിർമ്മിക്കാനുള്ള ഔദ്യോഗിക പദ്ധതികൾക്കിടയിലും, ഐ സി എഫ്. 50 റേക്കുകൾ സ്വന്തമായി നിർമ്മിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.
കേരളം പ്രതീക്ഷയിൽ
നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരുന്നു രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ബംഗാളിനും അസമിനുമിടയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബി ജെ പിയെ സംബന്ധിച്ച് ഇത്തവണ കേരളത്തിൽ അവരുടെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ടാമത്തെ ട്രെയിൻ കേരളത്തിന് നൽകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
സ്ലീപ്പർ സർവ്വീസിനായി രണ്ട് റൂട്ടുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്. ഒന്ന് മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിലാണ്. നിലവിൽ ഒരു വന്ദേഭാരത് എക്സപ്രസ് ഈ റൂട്ടിലുണ്ട്. സ്ലീപ്പർ കൂടി എത്തുന്നത് കൂടുതൽ സൌകര്യപ്രദമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറ്റൊരു റൂട്ട് തിരുവനന്തപുരത്തിനും ബെംഗളൂരിനുമിടയിലാണ്. നിലവിൽ കൊച്ചി-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുന്നുണ്ട്. വലിയ ഡിമാൻ്റാണ് സർ്വ്വീസിനുള്ളത്. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്. ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications