തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് ഈ സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് വരുമോ? ആവശ്യം ശക്തം
തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സപ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധം കടുക്കുന്നു. കോട്ടയം വഴി പോകുന്ന ട്രെയിനിനാണ് നിലവിൽ ഇവിടെ സ്റ്റോപ്പ് ഇല്ലാത്തത്. ട്രെയിനിന് എന്തുകൊണ്ട് സ്റ്റോപ്പ് അനുവദിക്കുന്നില്ലന്ന ചോദ്യത്തിന് ഇപ്പോഴും റെയിൽവെയ്ക്ക് മറുപടി ഇല്ല.
കേരളത്തിന്‍റെ ആദ്യ സെമി-ഹൈ-സ്പീഡ് ട്രെയിനായ കാസർഗോഡ്-തിരുവനന്തപുരം (കോട്ടയം വഴി) വന്ദേ ഭാരത് എക്സ്പ്രസ് 2023 സപ്റ്റംബറിലാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. ആഴ്ചയിൽ ആറ് ദിവസവുമുള്ള സർവ്വീസിന് കാസർഗോഡിനും (KGQ) തിരുവനന്തപുരം സെൻട്രലിനും (TVC) ഇടയിൽ ഒമ്പത് സ്റ്റോപ്പുകളാണുള്ളത്. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം ജംഗ്ഷൻ എന്നിവയാണ് സ്റ്റേഷനുകൾ.

ഇത് കൂടാതെ ആലപ്പുഴ വഴി രണ്ടാമതൊരു വന്ദേഭാരത് കൂടി കാസർഗോഡേക്ക് ഉണ്ട്. അതേവർഷം സപ്റ്റംബറിലായിരുന്നു ട്രെയിൻ അവതരിപ്പിച്ചത്. ഈ ട്രെയിനിന് നിലവിൽ തിരൂർ സ്റ്റോപ്പുണ്ട്. ഇതുകൂടാതെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജംഗ്ഷൻ, തൃശ്ശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. തിരുവനന്തപുരത്തിനും മംഗളൂരു സെൻട്രലിനും ഇടയിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആദ്യം അവതരിപ്പിച്ച സർവ്വീസിന് തിരൂരിൽ സ്റ്റേഷൻ അനുവദിക്കാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. വളരെ അധികം ഡിമാന്റ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ട്രെയിനുള്ള ആവശ്യം പരിഗണിക്കാത്തത് എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
മൂന്നാം വന്ദേഭാരതിനായി പ്രതീക്ഷയോടെ കേരളം
കേരളത്തിൻ്റെ മൂന്നാമത്തെ സെമി-ഹൈ-സ്പീഡ് ട്രെയിനായ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എറണാകുളം ജംഗ്ഷനിൽ (ERS) നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്കാണ് (BNC) ട്രെയിൻ സർവ്വീസ് നടത്തുന്നത്. 608 കിലോമീറ്റർ ദൂരം 8-9 മണിക്കൂറിനുള്ളിൽ ഈ ട്രെയിൻ പിന്നിടും.
ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആകാനാണ് സാധ്യത) പാലക്കാട്-കോയമ്പത്തൂർ റൂട്ടിലൂടെയാകും സർവീസ്. തൃശൂർ, പാലക്കാട് ജംഗ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
എറണാകുളത്ത് നിന്ന് ഏകദേശം രാവിലെ 6:00-നും ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 5:00-നും ട്രെയിൻ പുറപ്പെടും. 8 എസി ചെയർ കാറുകൾ, 3 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ, 1 പാൻട്രി കാർ, 2 ഡ്രൈവിംഗ് ട്രെയിലറുകൾ എന്നിവയടക്കം 16 കോച്ചുകളായിരിക്കും ട്രെയിനിന് ഉണ്ടാകുക.
ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,800-2,200 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3,200-3,800 രൂപയുമായിരിക്കും നിരക്ക്. വൈഫൈ, ഇ-കാറ്ററിംഗ്, ബയോ-ടോയ്‌ലറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഈ ട്രെയിനിലുണ്ട്.












Click it and Unblock the Notifications