വന്ദേഭാരതിൽ ബെംഗളൂരിലേക്കുള്ള യാത്രക്ക് ചെലവേറും,തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിനേക്കാൾ ഉയർന്ന നിരക്ക്;കാരണം
ബെംഗളൂരു-ഗോവ-വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരദേശ കർണാടകയേയും ബെംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് ആണിത്. നവംബർ 15 മുതൽ ട്രെയിൻ വാണിജ്യ സർവ്വീസ് ആരംഭിക്കും.
അതേസമയം ട്രെയിനിൻ്റെ ഉയർന്ന നിരക്ക് സംബന്ധിച്ച് യാത്രക്കാർ പരാതി ഉയർത്തുന്നുണ്ട്. ഏകദേശം ഒരേ ദൂരം സഞ്ചരിക്കുന്ന മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിനെ അപേക്ഷിച്ച് യശ്വന്ത്പൂർ - മഡ്ഗാവ് വന്ദേഭാരതിൽ യശ്വന്ത്പൂരിൽ നിന്ന് കാർവാറിലേക്കുള്ള യാത്രക്ക് നിരക്ക് കൂടുതലാണെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 640 കീമിയാണ് ഉള്ളത്. വന്ദേഭാരത് ചെയർകാറിന് 1640 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ യശ്വന്ത്പൂരിൽ നിന്ന് കാർവാറിലേക്ക് ഇത് 2,120 രൂപയാണ്. എക്സിക്യൂട്ടീവ് ചെയർ കാറിൽ മംഗളൂരു - തിരുവനന്തപുരം റൂട്ടിൽ 2,970 രൂപയും യശ്വന്ത്പൂർ - കാർവാർ റൂട്ടിൽ 3,720 രൂപയുമാണ് നിരക്ക്.
അതായത് മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ യഥാർത്ഥ ദൂരത്തിന് അനുസൃതമായ നിരക്ക് യാത്രക്കാർ നൽകുമ്പോൾ കർവാർ-യശ്വന്ത്പൂർ റൂട്ടിൽ യഥാർത്ഥ ദൂരത്തേക്കാൾ (640 കീമിയാണ് ദൂരം. എന്നാൽ 760 കീമിയുടെ തുകയാണ് ഈടാക്കുന്നത്) ഉയർന്ന ദൂരത്തിനുള്ള നിരക്കാണ് നൽകുന്നത്. കൊങ്കണ്‍ പാതയിൽ പാത നിർമ്മാണത്തിനും പരിപാലനത്തിനും ഉയർന്ന ചെലവാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ ദൂരത്തേക്കാൾ കൂടുതൽ ദൂരം കണക്കാക്കിയാണ് ഈ റൂട്ടിൽ നിരക്ക് നിശ്ചയിക്കുക. ഇതാണ് നിരക്ക് ഉയരാൻ കാരണം.
കൊങ്കണ്‍ പാതയിൽ യഥാർത്ഥ ദൂരത്തിനൊപ്പം 40 ശതമാനം ദൂരം അധികമായി ചേർക്കും. അതായത് 100 കിമി. സകലേഷ്പൂർ - സുബ്രഹ്മണ്യ റോഡ് ചുരം പാതയിൽ 55 കിമിയാണ് ദൂരം. ഇതിനൊപ്പം 55 കിമി ദൂരം കൂടി അധികമായി ചേർക്കും. അപ്പോൾ ആകെ 110 കീമി വരുമിത്.
അതേസമയം ദീർഘദൂരവും നിരക്ക് ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. യശ്വന്ത്പൂർ-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് യാത്ര പൂർത്തിയാക്കാൻ 13.20 മണിക്കൂറാണ് എടുക്കുന്നത്. കർവാറിലേക്ക് 12 മണിക്കൂറും. തിരിച്ച് മഡ്ഗാവ്-യശ്വന്ത്പൂർ വന്ദേഭാരത് 12.55 മണിക്കൂറിനുള്ളിലാണ് യാത്ര പൂർത്തിയാക്കുക. കർവാറിലേക്കുള്ള യാത്രക്ക് 12.10 മണിക്കൂറും.
ഇത് കാരണം ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും നൽകണം. ഇത് കാറ്ററിംഗ് നിരക്ക് ഇരട്ടിയാക്കും. തിരുവനന്തപുരം-മാംഗളൂരു വന്ദേഭാരത് മണിക്കൂറിൽ 72 കീമി വേഗതയിൽ സഞ്ചരിക്കുമ്പോൾ മഡ്ഗാവ്-യശ്വന്ത്പൂർ എക്സ്പ്രസ് സഞ്ചരിക്കുന്ന പരമാവധി വേഗത വെറും 52 കിമി മാത്രമാണെന്നതാണ് മറ്റൊരു കാര്യം. സാധരണ 55 കീമി വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനാണ് സൂപ്പർ ഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ 52 കീമി വേഗതയിൽ സഞ്ചരിക്കുന്ന വന്ദേഭാരതും സൂപ്പർഫാസ്റ്റ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സൂപ്പർഫാസ്റ്റ് നിരക്ക് തന്നെയാണ് ട്രെയിനിന്‍ ഈടാക്കുന്നതും.


Click it and Unblock the Notifications
