വന്ദേഭാരത് ചെന്നൈയിലേക്ക്; ഡല്‍ഹിയില്‍ നിന്ന് 27 മണിക്കൂറില്‍ എത്താം, രാജധാനിയേക്കാള്‍ വേഗം
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു. എല്ലാ സംസ്ഥാനത്തേക്കും വന്ദേഭാരതുകള്‍ കൂടുതലായി അനുവദിക്കാനാണ് റെയില്‍വെയുടെ തീരുമാനം. കേരളത്തിലേക്ക് രണ്ടെണ്ണം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം, തമിഴ്‌നാടിനും കൂടുതല്‍ വന്ദേഭാരത് ലഭിക്കാന്‍ പോകുകയാണ്. വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നതോടെ ദീര്‍ഘദൂര സര്‍വീസ് വഴി രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളെയും ഡല്‍ഹിയുമായി ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായിട്ടാണ് ചെന്നൈ-ന്യൂഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്. നിലവിലുള്ള അതിവേഗ ട്രെയിനുകളേക്കാള്‍ വേഗത്തില്‍ വന്ദേഭാരത് ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് ആയിരിക്കും വന്ദേഭാരത് സര്‍വീസ് നടത്തുക. നിലവില്‍ രാജധാനി എക്‌സ്പ്രസ്, ദുരന്തോ എക്‌സ്പ്രസ് എന്നിവ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏകദേശം 29 മുതല്‍ 34 മണിക്കൂര്‍ വരെ ഈ ട്രെയിനുകള്‍ക്ക് വേണ്ടി വരുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങിയാല്‍ 27 മണിക്കൂര്‍ കൊണ്ട് ചെന്നൈയിലെത്താന്‍ സാധിക്കും.
നിസാമുദ്ദീനില്‍ നിന്ന് ചെന്നൈയിലേക്കുള്ള ദുരന്തോ എക്‌സ്പ്രസ് ഉച്ചയ്ക്ക് ശേഷം 3.55നാണ് യാത്ര തുടങ്ങുന്നത്. തൊട്ടടുത്ത ദിവസം രാത്രി 9 മണിക്ക് ചെന്നൈയില്‍ എത്തും. ഏകദേശം 29 മണിക്കൂര്‍ ഈ യാത്രയ്ക്ക് വേണ്ടി വരുന്നു. രാജധാനി എക്‌സ്പ്രസ് ഉച്ചയ്ക്ക് ശേഷം 3.35നാണ് യാത്ര പുറപ്പെടുന്നത്. തൊട്ടടുത്ത ദിവസം രാത്രി 9 മണിക്ക് ചെന്നൈയിലെത്തും. എന്നാല്‍ ഈ രണ്ട് ട്രെയിനിനേക്കാള്‍ വേഗതയില്‍ വന്ദേഭാരത് എത്തുമെന്നാണ് റെയില്‍വ വൃത്തങ്ങള്‍ പറയുന്നത്.
മണിക്കൂറില്‍ 160 കിലോമീറ്ററിലാകും വന്ദേഭാരതിന്റെ സര്‍വീസ്. എക്‌സിക്യൂട്ടീവ് ക്ലാസ്, എസി ചെയര്‍ കാര്‍ എന്നീ രണ്ട് തരം ബോഗികളാണ് ഉണ്ടാകുക. എസി ചെയര്‍കാറിന്റെ ഏകദേശം ഇരട്ടി നിരക്ക് വരും എക്‌സിക്യൂട്ടീവ് ക്ലാസിന്. ഇന്റര്‍നെറ്റ് സേവനം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും വന്ദേഭാരതില്‍ ലഭിക്കും. ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ടിക്കറ്റ് നിരക്ക് അറിയാം.
ഗൊരഖ്പൂര്‍-പട്‌ന വന്ദേഭാരത് യാത്ര
ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുതിയ വന്ദേഭാരത് ഉടന്‍ സര്‍വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 500 കിലോമീറ്ററാണ് ഈ യാത്ര. ഗൊരഖ്പൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് എക്‌സ്പ്രസ് മുസഫര്‍പൂരില്‍ നിര്‍ത്തി പട്‌നയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഈ പാതയാണ് പുതിയ സര്‍വീസിന് പരിഗണിക്കുന്നതത്രെ.
പട്‌ന ഗൊരഖ്പൂര്‍ യാത്രയ്ക്ക് 600 രൂപയും മുസഫര്‍പൂര്‍ ഗൊരഖ്പൂര്‍ യാത്രയ്ക്ക് 480 രൂപയും ടിക്കറ്റ് നിരക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്. ഗൊരഖ്പൂരില്‍ നിന്ന് രാവിലെ ആറ് മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ പകല്‍ പത്ത് മണിയോടെ മുസഫര്‍പൂരിലെത്തും. 11 മണിയോടെ പട്‌നയിലും. ബിസിനസുകാര്‍ക്കും ജോലിക്കാര്‍ക്കും ഈ സര്‍വീസ് ഗുണം ചെയ്യും.
കേരളത്തിലേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്നാണ് പുതിയ വിവരം. ബെംഗളൂരു-തിരുവനന്തപുരം, പാലക്കാട്- തിരുവനന്തപുരം എന്നീ റൂട്ടിലാകും സര്‍വീസ് എന്ന് സൂചനയുണ്ട്. അതേസമയം, വന്ദേഭാരതിന് സമാനായ അമൃതഭാരത് ട്രെയിനും കേരളത്തിന് ലഭിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം റെയില്‍വെ ഇതുവരെ നടത്തിയിട്ടില്ല. രാജ്യത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 200 വന്ദേഭാരത് ട്രെയിനുകളും 50 വന്ദേഭാരത് സ്ലീപ്പറുകളും 100 അമൃതഭാരത് ട്രെയിനുകളും സര്‍വീസ് തുടങ്ങും.












Click it and Unblock the Notifications