പുതിയ നാല് വന്ദേഭാരതുകൾ വരുന്നു; മലയാളികൾക്കും കോളടിച്ചു..ടിക്കറ്റ് നിരക്ക്, സമയം അറിയാം
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നിർണായക മുന്നേറ്റമാണ് വന്ദേ ഭാരത് എക്സ്പ്രസ്. തദ്ദേശീയമായി നിർമ്മിച്ച ഈ അർദ്ധ അതിവേഗ ട്രെയിനിന് വലിയ സ്വീകാര്യതയാണ് യാത്രക്കാർക്കിടയിൽ ലഭിച്ചത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ (പ്രവർത്തനപരമായി 130-160 കിലോമീറ്റർ) സഞ്ചരിക്കാൻ ഈ ട്രെയിനിന് കഴിയും എന്നത് തന്നെയാണ് വന്ദേഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത. വേഗത കൂടാതെ ലോകോത്തര നിലവാരമുള്ള നിരവധി സൗകര്യങ്ങളും വന്ദേ ഭാരത് യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്.
പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ഓൺബോർഡ് വൈഫൈ, ജിപിഎസ് അധിഷ്ഠിത വിവര സംവിധാനങ്ങൾ, മോഡുലാർ ഇന്റീരിയറുകൾ എന്നിവ ഇതിൽപ്പെടുന്നു. കൂടാതെ, കവച് ആന്റി-കൊളീഷൻ സിസ്റ്റം പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ 160 വന്ദേഭാരതുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. ഉടൻ തന്നെ പുതിയ നാല് വന്ദേഭാരത് സർവ്വീസുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവെ. ഇതോടെ രാജ്യത്തെ മൊത്തം വന്ദേ ഭാരത് സർവീസുകളുടെ എണ്ണം 164 ആയി ഉയരും. പുതുതായി അനുവദിച്ച വന്ദേ ഭാരത് ട്രെയിനുകൾ കർണാടക, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പുതിയ സർവ്വീസുകളെ കുറിച്ച് വിശദമായി അറിയാം
കെഎസ്ആർ ബെംഗളൂരു-എറണാകുളം
ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ഈ ട്രെയിൻ, നവംബർ പകുതിയോടെ സർവീസ് തുടങ്ങും.കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. മടക്കയാത്രയിൽ (ട്രെയിൻ നമ്പർ: 26652) ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00-ന് ബെംഗളൂരുവിൽ തിരിച്ചെത്തും.കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ വന്ദേ ഭാരത് സർവീസ് നടത്തും.കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്. ചെയർ കാർ ടിക്കറ്റിന് ഏകദേശം 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് ഏകദേശം 2945 രൂപയുമാണ് നിരക്ക്. ഭക്ഷണമുൾപ്പെടെയാണ് ഈ ടിക്കറ്റ് നിരക്കുകൾ.
ഫിറോസ്പൂർ കാന്റ്-ഡൽഹി
ഏകദേശം 486 കിലോമീറ്റർ ദൂരം 6 മണിക്കൂർ 40 മിനിറ്റിനുള്ളിൽ പിന്നിടും.ബുധനാഴ്ചകളൊഴികെ എല്ലാ ദിവസവും രാവിലെ 7:55-ന് ഫിറോസ്പൂർ കൻ്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:35-ഓടെ ന്യൂഡൽഹിയിലെത്തും. മടക്കയാത്രയിൽ (26461) വൈകുന്നേരം 4:00-ന് ഡൽഹിയിൽ നിന്ന് ആരംഭിച്ച് രാത്രി 10:35-ന് ഫിറോസ്പൂർ കൻ്റിൽ തിരിച്ചെത്തും.ഫരീദ്‌കോട്ട്, ബതിൻഡ, ധൂരി, പട്യാല, അംബാല കൻ്റ്, കുരുക്ഷേത്ര, പാനിപ്പത്ത് എന്നിവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റോപ്പുകൾ. ചെയർ കാറിന് ഏകദേശം 1,200-1,500 രൂപയും, എക്സിക്യൂട്ടീവ് ചെയർ കാറിന് (ഭക്ഷണം ഉൾപ്പെടെ) ഏകദേശം 2,200-2,500 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
, വാരണാസി-ഖജുരാഹോ
ഏകദേശം 443 കിലോമീറ്റർ ദൂരം 7 മണിക്കൂർ 40 മിനിറ്റിനുള്ളിൽ പിന്നിടം. രാവിലെ 5:25-ന് വാരണാസിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:10-ഓടെ ഖജുരാഹോയിൽ എത്തും.മടക്കയാത്രയിൽ (ട്രെയിൻ നമ്പർ 26421) ഉച്ചയ്ക്ക് 2:00-ന് ഖജുരാഹോയിൽ നിന്ന് ആരംഭിച്ച് രാത്രി 9:40-ന് വാരണാസിയിൽ എത്തിച്ചേരും. വിന്ധ്യാചൽ, പ്രയാഗ്രാജ് ഛേയോക്കി, ചിത്രകൂട്ട് ധാം, ബന്ദ, മഹോബ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ ട്രെയിൻ യുനെസ്കോ പൈതൃക കേന്ദ്രങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തും. ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,500-1,800 രൂപയും, എക്സിക്യൂട്ടീവ് ചെയർ (ഭക്ഷണം ഉൾപ്പെടെ) ടിക്കറ്റിന് ഏകദേശം 2,800-3,200 രൂപയുമാണ് നിരക്ക്.
ലഖ്‌നൗ-സഹാറൻപൂർ
ഏകദേശം 520 കിലോമീറ്റർ ദൂരം 7-8 മണിക്കൂർ കൊണ്ട് പിന്നിടുന്ന ഈ ട്രെയിൻ, ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നു. ലഖ്‌നൗവിൽ നിന്ന് രാവിലെ 6:00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30-ഓടെ സഹാറൻപൂരിലെത്തും.തിരികെ, സഹാറൻപൂരിൽ നിന്ന് വൈകുന്നേരം 3:00-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 26503) രാത്രി 10:30-ഓടെ ലഖ്‌നൗവിൽ തിരിച്ചെത്തും. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഈ സർവീസ് ലഭ്യമാണ്.ഉന്നാവോ, കാൺപൂർ സെൻട്രൽ, ഇറ്റാവ, തുണ്ട്‌ല, അലിഗഡ്, ഖുർജ, ബുലന്ദ്‌ഷഹർ, ഗാസിയാബാദ് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ചെയർ കാറിന് ഏകദേശം 1,200-1,500 രൂപയും, ഭക്ഷണമുൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ചെയർ കാറിന് ഏകദേശം 2,200-2,500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications