വന്ദേഭാരത് എക്‌സ്പ്രസ് പൊളിയാണ്; 7 മണിക്കൂര്‍ യാത്ര 3 മണിക്കൂര്‍ ആയി ചുരുങ്ങും, സിനിമ കാണുന്ന നേരം
മലയാളി ടൂറിസ്റ്റുകള്‍ ഏറെ എത്തുന്ന നാടാണ് കശ്മീര്‍. മഞ്ഞും മലയും ആകാശവും ചേര്‍ന്ന് ഒരുക്കുന്ന മനോഹര ഭൂമി. നിഷ്‌കളങ്കരായ കശ്മീരി ജനതയുടെ ജീവിതം അടുത്തറിയാം. അതിനെല്ലാം പുറമെ ദാല്‍ തടാകത്തിലൂടെ ഒരു സവാരി... പ്രിയമേറുന്ന ഒരുപിടി അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഈ ഭൂപ്രദേശം ഓര്‍ക്കുമ്പോള്‍ തന്നെ കുളിരാണ്.
പുതിയ റെയില്‍പാത കശ്മീരില്‍ ഒരുങ്ങിക്കഴിഞ്ഞു. ഉദ്ധംപൂര്‍-ശ്രീനഗര്‍-ബാരമുല്ല റെയില്‍വെ ലൈന്‍ വഴി കത്രയില്‍ നിന്ന് താഴ്‌വരയിലേക്ക് യാത്ര ചെയ്യാം. നോര്‍ത്തേണ്‍ റെയില്‍വെയ്ക്ക് കീഴില്‍ വന്ദേഭാരത് ഇതിലൂടെ സര്‍വീസ് ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 19ന് പുതിയ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് കശ്മീര്‍ തയ്യാറെടുക്കുന്നത്.

പുതിയ റെയില്‍വെ ലൈനിലൂടെ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചാല്‍ സമയം ഏറെ ലാഭിക്കാമെന്ന് നോര്‍ത്തേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ശേഖര്‍ ഉപാധ്യായ പറഞ്ഞു. നിലവില്‍ ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് താഴ്‌വരയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സമയം. ഇത് മൂന്ന് മണിക്കൂര്‍ ആയി ചുരുങ്ങും.
ശ്രീനഗറിനും സങ്കല്‍ദാനുമിടയിലാണ് നിലവില്‍ താഴ്‌വരയില്‍ ട്രെയിന്‍ സര്‍വീസുള്ളത്. സങ്കല്‍ദാനില്‍ നിന്ന് കത്രയിലേക്കുള്ള പാത പ്രവര്‍ത്തന സജ്ജമായാല്‍ ചിത്രം മാറും. എല്ലാ ട്രെയിനുകളും കത്രയിലേക്ക് സര്‍വീസ് നീട്ടും. ബനിഹാള്‍-ഖാസിഗുന്ധ് സെക്ഷനില്‍ 2013 മുതല്‍ 18 കിലോമീറ്റര്‍ ട്രെയിന്‍ സര്‍വീസുണ്ട്. ഉദ്ധംപൂര്‍-കത്ര റൂട്ടില്‍ 25 കിലോമീറ്റര്‍ 2014ല്‍ സര്‍വീസ് തുടങ്ങി. ബനിഹാളില്‍ നിന്ന് സങ്കല്‍ദാനിലേക്ക് 2023ലും.
ഇനി സങ്കല്‍ദാന്‍-കത്ര റൂട്ടിലാണ് സര്‍വീസ് തുടങ്ങാന്‍ പോകുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍ പാലമായ ചിനാബ് പാലം ഈ റൂട്ടിലാണ്. തുരങ്കങ്ങള്‍, പാലങ്ങള്‍, താഴ്‌വര എന്നിവിടങ്ങളിലൂടെയെല്ലാം ട്രെയിന്‍ കടന്നുപോകുമെന്നതാണ് പുതിയ പാതയുടെ പ്രത്യേകത. പ്രധാനമന്ത്രി ഏപ്രില്‍ 19നാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്യുക. ഇതോടെ കശ്മീരില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ മൂന്നാകും.
കത്രയില്‍ നിന്ന് ശ്രീനഗറിലേക്കാണ് പുതിയ വന്ദേഭാരത് ആദ്യം സര്‍വീസ് നടത്തുക. ജമ്മു റെയില്‍വെ സ്റ്റേഷന്‍ വിപുലീകരണം നടക്കുകയാണ്. പണി പൂര്‍ത്തിയായാല്‍ കത്രയ്ക്ക് പകരം ജമ്മുവില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ സാധിക്കും. ഇതോടെ ജമ്മു കശ്മീരിലെ രണ്ട് മേഖലയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആയിരിക്കുമിത്.
ഇന്ത്യയിലെ ആദ്യ കേബിള്‍ റെയില്‍വെ പാലമായ അന്‍ജി ഖദ് പാലം, ചിനാബ് പാലം എന്നിവയിലൂടെയുള്ള യാത്രയാണ് ഇതില്‍ ഏറെ ആകര്‍ഷണീയം. കശ്മീരിലെ തണുപ്പില്‍ വന്ദേഭാരത് യാത്ര വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണ് ഇവിടെക്കുള്ള വന്ദേഭാരത് ഒരുക്കിയിരിക്കുന്നത്. ചില്ലില്‍ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ സൗകര്യമുണ്ടാകും. ചൂടുള്ള അവസ്ഥയാകും ട്രെയിനില്‍.












Click it and Unblock the Notifications