അത്യാധുനിക സൗകര്യങ്ങളോടെ വന്ദേഭാരത് സ്ലീപ്പർ, ഒരു ട്രെയിനിന്റെ വില 120 കോടി രൂപ !
കുറച്ചേറെ നാളുകളായി രാജ്യത്തെ റെയിൽവേ മേഖലയിൽ സജീവ ചർച്ചാ വിഷയം വന്ദേഭാരത് തന്നെയാണ്. വന്ദേഭാരതിനെ അനുകൂലിക്കുന്നവർ ഒരു വശത്തും എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന നിരക്കല്ല വന്ദേഭാരത് ഈടാക്കുന്നത് എന്ന് വിമർശിക്കുന്നവരും ചുറ്റുമുണ്ട്. എന്നാൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ച പുതിയ വന്ദേഭാരതിന്റെ ചിത്രങ്ങൾ വൈറലാണ്.
വന്ദേ ഭാരതിന്റെ സ്ലീപർ വേർഷന്റെ ചിത്രങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരിക്കുന്നത്. കാഴ്ച്ചക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ചിത്രങ്ങളാണിത്. 2024 ആദ്യ മാസങ്ങളിൽത്തന്നെ വന്ദേ ഭാരതിന്റെ സ്ലീപ്പർ വേർഷൻ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അത്യാഡംബര സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. പതിവ് ഇന്ത്യൻ ട്രെയിൻ രീതികളെ മാറ്റി നിർത്തി നോക്കിയാൽ ഇതിന് ഒരു ഇന്റർനാഷണൽ ടച്ചുണ്ടെന്ന് പറയാം.ബെർത്തുകളുടെ വീതിയാണ് ഇതിൽ ആദ്യം എടുത്തു പറയേണ്ട പ്രത്യേകത. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് സമാനമായ ലൈറ്റിങ്ങും ഇന്റീരിയറും നൽകിയിട്ടുണ്ട്. അതായത് പരമ്പരാഗത ഇന്ത്യൻ ട്രെയിനുകളെ അപേക്ഷിച്ച് കുറേക്കൂടി പ്രകാശഭരിതമാണ് വന്ദേഭാരത് സ്ലീപ്പറിന്റെ ഉൾവശം.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിശാലമായതും, അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ ശുചി മുറി സംവിധാനവും ഒരുക്കും. പാൻട്രി സംവിധാനം കുറേക്കൂടി മെച്ചപ്പെടുത്തും. നിലവിലുള്ള കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ യൂസർ ഫ്രണ്ട്ലി സംവിധാനമാണ് ഇനി വരികയെന്നും ചിത്രത്തിൽ നിന്ന് മനസിലാക്കാനാകും. കോൺസെപ്റ്റ് ട്രെയിൻ എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഭേലിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആണ് വന്ദേ ഭാരത് മാതൃകയിലുള്ള 80 സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നത്. ആറു വർഷത്തിനകം 80 സ്ലീപ്പർ ട്രെയിനുകൾ നിർമിച്ച് കൈമാറാനാണ് കരാർ നൽകിയിരിക്കുന്നത്. 35 വർഷത്തേക്ക് ഈ ട്രെയിനുകളുടെ സർവ്വീസ് നടത്തേണ്ടതും ഭേൽ തന്നെയായിരിക്കും. ഒരു ട്രെയിനിന് 120 കോടി രൂപയാണ് കൺസോർഷ്യം ക്വോട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ചിട്ടുള്ള റെഗുലേറ്ററി ഫയലിങിൽ ഭേൽ വ്യക്തമാക്കിയിട്ടുണ്ട്.9,600 കോടി രൂപയാണ് 80 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വില.












Click it and Unblock the Notifications