വന്ദേഭാരത് എക്‌സ്പ്രസ് ആദ്യമായി വെജിറ്റേറിയന്‍ ആകുന്നു; കോച്ച് കൂട്ടിയത് നേട്ടം, അടിപൊളി യാത്ര
രാജ്യത്തിന്റെ അതിവേഗ ട്രെയിന്‍ ആയ വന്ദേഭാരത് എക്‌സ്പ്രസ് പുതിയ മാറ്റത്തിന് ഒരുങ്ങി. വന്ദേഭാരതിലെ യാത്രയില്‍ ലഭിക്കുന്ന ഭക്ഷണം പൂര്‍ണമായി വെജിറ്റേറിയന്‍ ആക്കാന്‍ തീരുമാനം. ന്യൂഡല്‍ഹി-കത്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതില്‍ ആണ് പുതിയ മാറ്റം. ഒരു പക്ഷേ, കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലേക്കും ഈ മാറ്റം കൊണ്ടുവന്നേക്കും.
കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നവരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഡല്‍ഹി-കത്ര വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ഈ ട്രെയിനില്‍ ഭക്ഷണമായോ ചെറുകടികളായോ നോണ്‍ വെജിറ്റേറിയന്‍ അനുവദിക്കില്ല എന്നാണ് പുതിയ വിവരം. ജീവനക്കാര്‍, യാത്രക്കാര്‍, അനുബന്ധ ജോലിക്കാന്‍ എന്നിവരെല്ലാം ഈ നിബന്ധന പാലിക്കണം.

അതേസമയം, രണ്ട് 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് അടുത്തിടെയാണ് കോച്ചുകള്‍ 16ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിലെ ആറ് ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിന്‍ നിറയെ യാത്രക്കാരുമായിട്ടാണ് സര്‍വീസ്.
കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഈ ട്രെയിന് സ്‌റ്റോപ്പ് ഉള്ളത്. രാവിലെ 5.15നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 1.20ഓടെ കാസര്‍ഗോഡ് എത്തും. 2.30നാണ് മടക്ക യാത്ര തുടങ്ങുക. രാത്രി 10.40ന് തിരുവനന്തപുത്ത് എത്തും.
എസി ചെയര്‍ കാറിന് 1590 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരതിന്റെ കോച്ചുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. സമല്‍കോട്ട്, രാജമുണ്ട്രി, വിജയവാഡ, ഖമ്മം, വാറങ്കല്‍ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
രാവിലെ 5.45ന് വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.20നാണ് സെക്കന്തരാബാദ് സ്റ്റേഷനില്‍ എത്തുക. തിരിച്ച് മൂന്ന് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.35ന് വിശാഖപട്ടണത്ത് എത്തും. എസി ചെയര്‍ കാര്‍ ടിക്കറ്റിന് 1720 രൂപയും എക്‌സിക്യുട്ടവ് ചെയര്‍ കാറിന് 3170 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ യാത്രക്കാരുള്ള രണ്ട് ട്രെയിനുകള്‍ക്കാണ് നിലവില്‍ 20 കോച്ചാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഈ വര്‍ഷം കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. നിലവില്‍ രാജ്യത്ത് 135 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കശ്മീര്‍ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി വന്ദേഭാരത് ആണ് ഇനി സര്‍വീസ് തുടങ്ങാന്‍ പോകുന്നതില്‍ ആകര്‍ഷണീയമായത്. ചിനാബ് പാലം കടന്ന് പോകുന്ന ഈ ട്രെയിന്‍ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications