ചെന്നൈയില്‍ നിന്നുള്ള വന്ദേഭാരത് നീട്ടി; ഇനി 9 മണിക്കൂര്‍ യാത്ര, എസി ചെയറില്‍ ടിക്കറ്റ് നിരക്ക് 1635
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേഭാരതിന്റെ ദൂരപരിധി നീട്ടി. ചെന്നൈയില്‍ നിന്നുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് നരസാപൂര്‍ വരെ നീട്ടിയത്. ഇന്ന് മുതല്‍ പുതിയ സര്‍വീസ് ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് തുടങ്ങി ആന്ധ്ര പ്രദേശ് വരെ നീളുന്ന സര്‍വീസ് ബിസിനസുകാര്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്കെല്ലാം ഗുണം ചെയ്യും. ഇന്ന് നരസാപൂരില്‍ നിന്നാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച മുതല്‍ ചെന്നൈയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
ദക്ഷിണ റെയില്‍വെക്ക് കീഴിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ചെന്നൈയില്‍ നിന്ന് തുടങ്ങി വിജയവാഡ വരെയായിരുന്നു സര്‍വീസ്. ഇതാണ് നരസാപൂരിലേക്ക് നീട്ടിയത്. 20678 നമ്പറിലുള്ള ട്രെയിന്‍ നരസാപൂരില്‍ നിന്ന് ചെന്നൈയിലേക്ക് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും, തിരിച്ചും. ചൊവ്വാഴ്ച മാത്രം സര്‍വീസുണ്ടാകില്ല.

ചെന്നൈയില്‍ നിന്ന് ആന്ധ്രയിലെ തീരദേശ മേഖലയിലേക്കുള്ള യാത്രയ്ക്ക് ഒമ്പത് മണിക്കൂര്‍ മതിയാകുമെന്നത് മേഖലയിലുള്ളവര്‍ക്ക് നേട്ടമാണ്. 655 കിലോമീറ്ററാണ് ചെന്നൈക്കും നരസാപൂരിനുമിടയിലുള്ളത്. അതിവേഗം ചെന്നൈയിലെത്തണം എന്നുള്ളവര്‍ക്ക് മികച്ച ഒപ്ഷനാണ് ഈ വന്ദേഭാരത്. റെനിഗുണ്ട ജങ്ഷന്‍, നെല്ലൂര്‍, ഓംഗോലെ, തെനാലി ജങ്ഷന്‍, വിജയവാഡ ജങ്ഷന്‍, ഗുഡിവാഡ ജങ്ഷന്‍, ഭീമാവരം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ചെന്നൈലേക്കുള്ള വന്ദേഭാരത് ഉച്ചയ്ക്ക് 2.50നാണ് നരസാപൂരില്‍ നിന്ന് പുറപ്പെടുക. രാത്രി 11.45ന് ചെന്നൈയിലെത്തും. അതിരാവിലെ 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് നരസാപൂരില്‍ മടങ്ങിയെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എസി ചെയര്‍ കാര്‍ ടിക്കറ്റിന് 1635 രൂപയാണ് വരുന്നത്. എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 3030 രൂപയും. എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 530 പേര്‍ക്ക് യാത്ര ചെയ്യാം.
വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള വഴി
ഭക്ഷണം ഒഴിവാക്കിയാല്‍ വന്ദേ ഭാരത് ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കാം. ഏകദേശം 250 രൂപ ലാഭിക്കാന്‍ സാധിക്കും. IRCTC-യോ സര്‍ക്കാരോ നല്‍കുന്ന പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ശ്രദ്ധിച്ചാലും നേട്ടമുണ്ടാക്കാം. ഐആര്‍സിടിസി ആപ്പിലെ നോട്ടിഫിക്കേഷന്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ അവസാന നിമിഷത്തിലെ ഉയര്‍ന്ന നിരക്കുകള്‍ ഒഴിവാക്കാം.
സ്ഥിരം യാത്രക്കാര്‍ക്ക്, IRCTC-യുടെ ലോയല്‍റ്റി പ്രോഗ്രാമുകളിലോ പ്രത്യേക മെമ്പര്‍ഷിപ്പ് കാര്‍ഡുകളിലോ ചേരാം. ഇത് ഭാവി ബുക്കിംഗുകളില്‍ പോയിന്റുകളോ റിവാര്‍ഡുകളോ ഡിസ്‌കൗണ്ടുകളോ നേടാന്‍ സഹായിക്കും. യുപിഐ പേയ്‌മെന്റ് വഴി പണം അടയ്ക്കുമ്പോള്‍ റിവാര്‍ഡ് കിട്ടും. അതും പണം ലാഭിക്കാനുള്ള വഴിയാണ്. അവധി ദിവസങ്ങളിലെ യാത്രയ്ക്ക് നിരക്ക് കൂടും. സീസണിലും നിരക്ക് കൂടിയേക്കും. പ്രവൃത്തി ദിവസങ്ങളില്‍ യാത്ര തിരഞ്ഞെടുത്താല്‍ ടിക്കറ്റ് നിരക്ക് കുറയും. ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുമ്പുള്ള സ്റ്റേഷന്‍ തിരഞ്ഞെടുത്താലും ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധിക്കും.












Click it and Unblock the Notifications