വന്ദേഭാരത് എക്‌സ്പ്രസില്‍ സോമനാഥ് യാത്ര; കുറഞ്ഞ സമയം മതി, ടിക്കറ്റ് നിരക്ക് അറിയാം
അഹമ്മദാബാദ്: എല്ലാ സംസ്ഥാനങ്ങള്‍ക്കും പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ അനുവദിക്കുകയാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം. പ്രധാന നഗരങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കല്‍, മതപരമായ പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കല്‍, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍, ബിസിനസുകാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കല്‍ എന്നിവയെല്ലാം ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത പുതിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഹമ്മദാബാദിനെയും സോമനാഥ നഗരത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ സര്‍വീസ്. സബര്‍മതിയില്‍ നിന്ന് വെരാവലിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. സബര്‍മതി-വെരാവല്‍ വന്ദേഭാരത് എക്‌സ്പ്രസ് എന്നാണ് ട്രെയിന്‍ അറിയപ്പെടുന്നത്.

22991, 22992 എന്നീ നമ്പറുകളിലെ വന്ദേഭാരത് എക്‌സ്പ്രസുകളാണ് സബര്‍മതിയില്‍ നിന്ന് വെരാവലിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ ഓടും. രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയാകുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തും. ഉച്ചയ്ക്ക് ശേഷം മടങ്ങുന്ന ട്രെയിന്‍ രാത്രിയാകുമ്പോള്‍ സബര്‍മതിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
അതിരാവിലെ യാത്ര, ടിക്കറ്റ് നിരക്ക്
സബര്‍മതിയില്‍ നിന്ന് വെരാവലിലേക്കുള്ള പാത 438 കിലോമീറ്ററാണ്. ഏഴ് മണിക്കൂറാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് വന്ദേഭാരതിന് വേണ്ടിവരുന്നത്. രാവിലെ 5.25ന് സബര്‍മതിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.25ന് വെരാവലിലെത്തും. ഉച്ചയ്ക്ക് ശേഷം 2.40നാണ് വെരാവലില്‍ നിന്ന് പുറപ്പെടുക. രാത്രി 9.35ന് സബര്‍മതിയില്‍ എത്തിച്ചേരും.
അഹമ്മദാബാദില്‍ നിന്ന് 20 മിനുട്ട് യാത്ര ചെയ്താല്‍ സബര്‍മതിയിലെത്താം. വെരാവലില്‍ നിന്ന് 20 മിനുട്ട് യാത്ര ചെയ്താല്‍ സോമനാഥ ക്ഷേത്രത്തിലുമെത്താം. വിരംഗം, സുരേന്ദ്രനഗര്‍, വാങ്കനര്‍, രാജ്‌കോട്ട്, ജുനാഗഡ് എന്നീ സ്‌റ്റേഷനുകളില്‍ വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. എസി ചെയര്‍ കാര്‍ ടിക്കറ്റിന് 1105 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 2110 രൂപയുമാണ് വേണ്ടി വരിക.
തീര്‍ഥാടക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള മറ്റു സര്‍വീസ്
2019ലാണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ രാജ്യത്ത് സര്‍വീസ് ആരംഭിച്ചത്. അതിവേഗം എത്തുന്നതും ആഡംബര യാത്രയുമാണ് വന്ദേഭാരതിനെ ജനപ്രിയമാക്കിയത്. എന്നാല്‍ വന്ദേഭാരത് കടന്നുപോകുന്നതിന് മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് പ്രതിസന്ധിയാണ്. കേരളത്തില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. രണ്ട് ട്രെയിനുകള്‍ കൂടി കേരളത്തിന് വൈകാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ നഗര്‍-പട്‌ന, ബ്രഹ്മപൂര്‍-ടാറ്റ നഗര്‍, റൂര്‍ക്കേല-ഹൗറ, ദിയോഗര്‍-വരാണസി, ഭഗല്‍പൂര്‍-ഹൗറ, ഗയ-ഹൗറ തുടങ്ങിയ റൂട്ടുകളിലെല്ലാം അടുത്തിടെ വന്ദേഭാരത് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യവും ഈ സര്‍വീസുകള്‍ക്കുണ്ട്. കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും.
ജാര്‍ഖണ്ഡിലെ ദിയോഗറിനെ ബന്ധിപ്പിച്ചുള്ള സര്‍വീസ് വഴി ബൈദ്യനാഥ് ധാം തീര്‍ഥാടകര്‍ക്ക് ആശ്വാസം ലഭിക്കും. ഉത്തര്‍ പ്രദേശിലെ വരാണസിയിലുള്ള വിശ്വനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് ഇതുവഴിയുള്ള സര്‍വീസ്. കാളിഘഡ്, ബേലുര്‍ മഠ് എന്നീ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് സൗകര്യമാണ് ഹൗറ എക്‌സ്പ്രസ്.












Click it and Unblock the Notifications