വന്ദേഭാരത് കോഴിക്കോട്ടേക്ക് ഇപ്പോഴില്ല; എങ്കിലും മലയാളിക്ക് നേട്ടം, മുംബൈ യാത്ര എളുപ്പമാകും
മുംബൈ: യാത്രക്കാര്‍ കുറവുള്ള രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ലയിപ്പിക്കാന്‍ സാധ്യത. ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെ ഇങ്ങനെ ഒരു പദ്ധതി ആലോചിക്കുന്നത്. മതിയായ യാത്രക്കാരില്ലാത്ത റൂട്ടില്‍ ബോഗികളുടെ എണ്ണം കുറയ്ക്കുക, മറ്റേതെങ്കിലും ഭാഗത്തേക്ക് കൂടി സര്‍വീസ് നീട്ടുക തുടങ്ങിയ പദ്ധതികളാണ് റെയില്‍വെ ആലോചിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിന്‍ വരാന്‍ പോകുന്നത്. എങ്കിലും ചില തടസങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. രാജ്യത്ത് ഏറ്റവും തിരക്കേറിയ റെയില്‍വെ സ്‌റ്റേഷനുകളിലൊന്നാണ് മുംബൈയിലേത്. ഇവിടെ യാത്ര അവസാനിപ്പിക്കുന്ന രീതിയില്‍ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ മറ്റു ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വേണ്ടി വന്നേക്കും. അറിയാം വിശദാമായി...

മുംബൈയില്‍ നിന്ന് ഗോവയിലേക്കും ഗോവയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് പകരം മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് ഒരു സര്‍വീസ് നടത്തുക എന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. രണ്ട് വന്ദേഭാരതിലും പകുതിയേ യാത്രക്കാരുള്ളൂ. ഇങ്ങനെ കൂടുതല്‍ കാലം സര്‍വീസ് സാധ്യമല്ല എന്നതിനാല്‍ റെയില്‍വെ ബദല്‍ മാര്‍ഗം ആരായുകയാണ്.
കര്‍ണാടകയില്‍ നിന്നുള്ള എംപി കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രിയെ കണ്ട് മംഗലാപുരത്തിന് നിന്ന് ഗോവയിലേക്കുള്ള സര്‍വീസ് മുംബൈ വരെ നീട്ടണം എന്ന് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെ പുതിയ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ യാത്രാ സമയം 12 മണിക്കൂര്‍ ആയി ഉയരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ യാത്രക്കാരുള്ള വന്ദേഭാരതുകളിലൊന്നാണ് ഗോവ-മംഗലാപുരം റൂട്ടിലേത്. ഈ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് ആലോചിച്ചെങ്കിലും കര്‍ണാടകയില്‍ നിന്നുള്ള എതിര്‍പ്പ് കാരണം മാറ്റിവച്ചു.
കോഴിക്കോട്ടേക്ക് നീട്ടണം
ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണം എന്ന് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്ന് പിടി ഉഷ എംപിയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. മംഗലാപുരം-ഗോവ വന്ദേഭാരത് നാലര മണിക്കൂറിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. ബാക്കിയുള്ള സമയം കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം.
മുംബൈ-ഗോവ വന്ദേഭാരത് തുടക്കത്തില്‍ നിറയെ യാത്രക്കാരുള്ള സര്‍വീസ് ആയിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. എന്നാല്‍ മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് ഒറ്റ സര്‍വീസ് എന്നാക്കി മാറ്റിയാല്‍ യാത്രക്കാര്‍ കൂടുതലുണ്ടാകുമെന്നാണ് പ്രതീക്ഷ. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്ക് വന്ദേഭാരത് വരുന്നത് മലയാളിക്കും നേട്ടമാണ്. മലയാളികളുടെ സ്ഥിരസാന്നിധ്യമുള്ള നഗരമാണ് മംഗലാപുരം.
മുംബൈയില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10നാണ് ഗോവയിലെത്തുക. വീണ്ടും യാത്ര തുടര്‍ന്ന് വൈകീട്ട് ആറിന് മംഗലാപുരത്ത് എത്തുന്ന രീതിയിലാകും പുതിയ ഷെഡ്യൂള്‍ എന്നാണ് കരുതുന്നത്. അതേസമയം, രാവിലെ 8.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തും. രാത്രി ഒമ്പതിന് മുംബൈയിലുമെത്തും. ഇതിന് മുംബൈയിലെത്തുന്ന ട്രെയിനുകളുടെ ഷെഡ്യൂളില്‍ ചില മാറ്റം വരുത്തിയേക്കും.












Click it and Unblock the Notifications