വന്ദേഭാരത് പുതിയ സര്‍വീസ്; രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് യാത്ര, ടിക്കറ്റ് നിരക്ക്, സമയം, റൂട്ട്
ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആദ്യ എഡിഷനായ വന്ദേഭാരത് എക്‌സ്പ്രസ് കൂടുതല്‍ റൂട്ടുകളില്‍ അനുവദിക്കുന്നു. ഏറ്റവും പുതിയതായി അനുവദിക്കുന്നത് ഗോരഖ്പൂര്‍-പട്‌ന റൂട്ടിലാണ്. ഈ മാസം 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം കഴിഞ്ഞെത്തിയാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പരീക്ഷണ യാത്ര നടത്തി കഴിഞ്ഞു. സമയവും ക്രമീകരിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഒഴിവ് അറിയുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം തേടിയിരിക്കുകയാണ്. മോദി ഇപ്പോള്‍ സൈപ്രസിലാണുള്ളത്. ശേഷം കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തുമെന്നാണ് വിവരം. ഇനി ട്രെയിന്റെ പുതിയ വിവരങ്ങള്‍ അറിയാം...

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ വേളയില്‍ തന്നെയാണ് ബിഹാറിനെ ബന്ധിപ്പിച്ച് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നത്. വടക്കന്‍ ബിഹാറിനെയും കിഴക്കന്‍ ഉത്തര്‍ പ്രദേശിനെയും ബന്ധിപ്പിച്ചാണ് വന്ദേഭാരതിന്റെ വരാനിരിക്കുന്ന സര്‍വീസ്. പട്‌നയില്‍ വച്ചായിരിക്കും ഫ്‌ളാഗ് ഓഫ് കര്‍മം മോദി നിര്‍വഹിക്കുക. എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്തുകയത്രെ.
ഗോരഖ്പൂരില്‍ നിന്നുള്ള വന്ദേഭാരത് ട്രെയിന്‍ ബെട്ടിയ, നര്‍കതിയഗഞ്ച്, മുസഫര്‍പൂര്‍ എന്നീ സ്റ്റേഷനുകള്‍ പിന്നിട്ടാണ് പട്‌നയില്‍ എത്തുക. രാവിലെ 6 മണിക്കായിരിക്കും ട്രെയിന്‍ ഗോരഖ്പൂരില്‍ നിന്ന് പുറപ്പെടുക. പട്‌നയില്‍ നിന്ന് തിരിച്ചെത്തുക രാത്രി 9 മണിക്കായിരിക്കും. കഴിഞ്ഞാഴ്ച ഗോരഖ്പൂര്‍ സന്ദര്‍ശിച്ച റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് സര്‍വീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.
പട്‌നയില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള യാത്രയ്ക്ക് 600 രൂപയാകും ടിക്കറ്റ് നിരക്ക്. അതേസമയം, മുസഫര്‍പൂരില്‍ നിന്ന് ഗോരഖ്പൂരിലേക്ക് 480 രൂപയാകും. ഒരുതവണ കൂടി പരീക്ഷണയോട്ടം ഈ ആഴ്ച നടക്കും. ബിഹാറിലെ പാടലിപുത്രയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക എന്നാണ് മറ്റൊരു വിവരം. ബിഹാറും ഉത്തര്‍ പ്രദേശും ബിജെപിയാണ് ഭരിക്കുന്നത്. ബിഹാറില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി-ജെഡിയു സഖ്യം.
30 വന്ദേഭാരത് സ്ലീപ്പര്‍
നടപ്പുസാമ്പത്തിക വര്‍ഷം 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്ത മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങും. സമയം, റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയുടെ കാര്യത്തില്‍ റെയില്‍വെ ബോര്‍ഡ് വൈകാതെ തീരുമാനമെടുക്കും. പ്രധാനമന്ത്രിയാകും അടുത്ത മാസം സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുക.
ബെംഗളൂരുവിലെ ബിഇഎംഎല്ലില്‍ 10 സ്ലീപ്പര്‍ ട്രെയിനുകള്‍ ഒരുങ്ങുന്നുണ്ട്. ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ 10 ട്രെയിനുകളും ഒരുങ്ങുന്നു. 160 മുതല്‍ 240 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ് നടത്തുക. വന്ദേഭാരത് എക്‌സ്പ്രസിന്റെ പരമാവധി വേഗത 130 കിലോമീറ്ററാണ്. സ്ലീപ്പറിന്റെത് 160 കിലോമീറ്ററും. അതായത്, രാജ്യത്ത് ഏറ്റവും വേഗതയിലുള്ള ട്രെയിന്‍ ആകും വന്ദേഭാരത് സ്ലീപ്പര്‍. ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്കായിരിക്കും ആദ്യ സര്‍വീസ് എന്നാണ് വിവരം.












Click it and Unblock the Notifications