വന്ദേഭാരത് എക്‌സ്പ്രസ് ഈ സംസ്ഥാനത്ത് 26 എണ്ണം; ഇനിയും വരുന്നു, പൂര്‍ണിയ-പട്‌ന റൂട്ടില്‍
രാജ്യത്ത് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് വലിയ കരഘോഷത്തോടെയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓരോ സ്‌റ്റേഷനിലും സ്വീകരണവും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യവുമെല്ലാം വന്ദേഭാരതിനെ കൂടുതല്‍ മാധ്യമങ്ങളില്‍ നിറച്ചു. പല സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് വേണം എന്ന് ഇനിയും ആവശ്യമുണ്ട്. കേരളത്തിലും പുതിയ സര്‍വീസ് വേണമെന്ന് ആവശ്യം ശക്തമാണ്.
ഒരു സംസ്ഥാനത്ത് 26 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്ത് മൊത്തം സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളുടെ ആറില്‍ ഒന്നും ഈ സംസ്ഥാനത്താണ്. ഇതിന് പുറമെ ഒരു ജോഡി വന്ദേഭാരത് കൂടി അനുവദിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വെ മന്ത്രാലയം. ഏതാണ് ആ സംസ്ഥാനം, എന്താണ് തുടര്‍ച്ചയായി ട്രെയിന്‍ അനുവദിക്കാന്‍ കാരണം എന്ന് അറിയാമോ...

രാജ്യത്ത് മൊത്തം സര്‍വീസ് നടത്തുന്നത് 150 വന്ദേഭാരത് എക്‌സ്പ്രസുകളാണ്. ഏറ്റവും ഒടുവില്‍ കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്-കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അനുവദിച്ചത്. ഇനി അടുത്തത് ബിഹാറിനും രാജസ്ഥാനുമാണ് വന്ദേഭാരത് അനുവദിക്കാന്‍ പോകുന്നത്. ബിഹാറിന് നിലവില്‍ 26 വന്ദേഭാരത് എക്‌സ്പ്രസുകളുണ്ട്. അതിന് പുറമെയാണ് പുതിയത് ലഭിക്കാന്‍ പോകുന്നത്.
പൂര്‍ണിയ-പട്‌ന എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ബിഹാറിന് അടുത്ത വന്ദേഭാരത് വരുന്നത്. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെക്ക് കീഴിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഉത്തരാഖണ്ഡ്, ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം ബിഹാറില്‍ നിന്ന് വന്ദേഭാരത് സര്‍വീസുണ്ട്. ദീപാവലി സീസണില്‍ ന്യൂഡല്‍ഹിയിലേക്കും ബിഹാറില്‍ നിന്ന് വന്ദേഭാരതുണ്ടായിരുന്നു.
ബിഹാറിന് വേണ്ടി പുതിയ ഗതാഗത സൗകര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് ബിഹാറിന് പ്രത്യേക പരിഗണന എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബിജെപി-ജെഡിയു സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഇവിടെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും കൊണ്ടുപിടിച്ച ശ്രമം നടത്തവെയാണ് ബിഹാറിന് കൂടുതല്‍ വാഗ്ദാനങ്ങളുമായി ബിജെപി കളം നിറയുന്നത്.
ന്യൂഡല്‍ഹി-ബിക്കാനീര്‍ വന്ദേഭാരത് വരുന്നു
രാജസ്ഥാനിലെ ബിക്കാനീറിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് വരുന്നു. ബിക്കാനീര്‍ എംപിയും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ പുതിയ സര്‍വീസ് നേട്ടം കൊയ്യുമെന്നാണ് കരുതുന്നത്.
നിലവില്‍ രാജസ്ഥാനില്‍ നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. അജ്മീര്‍-ചണ്ഡീഗഡ്, ജയ്പൂര്‍-ഉദയ്പൂര്‍ സിറ്റി, ജോധ്പൂര്‍-സബര്‍മതി, ഉദയ്പൂര്‍-ആഗ്ര എന്നീ റൂട്ടുകളിലാണ് ഈ സര്‍വീസുകള്‍. അതിന് പുറമെയാണ് രാജ്യതലസ്ഥാനത്തെ കൂടി ബന്ധിപ്പിച്ച് പുതിയ സര്‍വീസ് വരുന്നത്. വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് തുടങ്ങുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications