വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റ് അടുത്ത 10 ദിവസത്തേക്ക് കിട്ടാനില്ല; പുതിയ നിരക്ക് അറിയാം, കശ്മീര്‍ യാത്ര
ശ്രീനഗര്‍: വന്ദേഭാരത് എക്‌സ്പ്രസ് കശ്മീര്‍ താഴ്‌വരയിലേക്ക് സര്‍വീസ് തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നേയുള്ളൂ. വലിയ തിരക്കാണ് കത്ര-ശ്രീനഗര്‍ റൂട്ടില്‍ അനുഭവപ്പെടുന്നത്. പലരും ടിക്കറ്റ് കിട്ടാനില്ല എന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. അടുത്ത പത്ത് ദിവസത്തേക്ക് മുഴുവന്‍ സീറ്റുകളും ബുക്കിങ് നടന്നുവെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് കത്ര റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ശര്‍മ പറയുന്നു. തീര്‍ഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് വന്ദേഭാരത് പോകുന്നത് എന്നതിനാല്‍ തിരക്ക് ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്യുകയും അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.

വൈഷ്‌ണോ ദേവി ക്ഷേത്രം, കശ്മീര് താഴ്‌വര എന്നിവയെല്ലാം യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. കൂടാതെ തണുത്തുറഞ്ഞ മേഖലയിലൂടെയും ട്രെയിന്‍ പോകുന്നുണ്ട്. ചിനാബ് നദിക്ക് കുറുകെയുള്ള പാലം, തുരങ്കങ്ങള്‍ എന്നിവയിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്നതാണ്. ജൂണ്‍ ആറിനാണ് ശ്രീനഗര്‍-കത്ര റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്. മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം. നേരത്തെ ആറ് മണിക്കൂറോളം വേണ്ടി വന്നിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ റെയില്‍വെ പാലമായ അന്‍ജി ഖദിലൂടെയും വന്ദേഭാരത് കടന്നുപോകും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുല്ല റെയില്‍വെ ലിങ്ക് 272 കിലോമീറ്ററാണ്. 43780 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ പാതയില്‍ 36 തുരങ്കങ്ങളും ചെറുതും വലുതുമായ അനേകം പാലങ്ങളുമുണ്ട്. പലര്‍ക്കും അറിയേണ്ടത് കശ്മീര്‍ താഴ്‌വരയിലേക്കുള്ള ടിക്കറ്റ് നിരക്കിനെ കുറിച്ചാണ്.
പുതിയ ടിക്കറ്റ് നിരക്ക് അറിയാം
കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള 26401 നമ്പര്‍ ട്രെയിന്‍ രാവിലെ 8.10നാണ് പുറപ്പെടുക. 11.10ഓടെ ശ്രീനഗറിലെത്തും. ചെയര്‍ കാറില്‍ 715 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ ഭക്ഷണം കൂടി ലഭിക്കും. ചൊവ്വാഴ്ചകളില്‍ സര്‍വീസുണ്ടാകില്ല. അറ്റക്കുറ്റ പണികള്‍ക്ക് വേണ്ടിയാണ് ഈ ദിവസം സര്‍വീസ് ഒഴിവാക്കുന്നത്. അതേസമയം, കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള മറ്റൊരു ട്രെയിന്‍ (26403) ഉച്ചയ്ക്ക് 2.55ന് പുറപ്പെടും. വൈകീട്ട് 5.50ന് ശ്രീനഗറിലെത്തും. ഇതില്‍ 660 രൂപയാണ് ടിക്കറ്റ് നിരക്ക്.
ചായയും കടിയും കൂടി ചേരുമ്പോള്‍ 695 രൂപയാകും ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍ കാറിലെ യാത്രയ്ക്ക് 1270 രൂപയാണ് ടിക്കറ്റ്. ഈ ട്രെയിന്‍ ബുധനാഴ്ച സര്‍വീസ് നടത്തില്ല. അതേസമയം, ശ്രീനഗറില്‍ നിന്ന് കത്രയിലേക്കുള്ള (26404) ട്രെയിന്‍ രാവിലെ എട്ട് മണിക്ക് പുറപ്പെട്ട് 11 മണിക്ക് കത്രയിലെത്തും. ബുധനാഴ്ച സര്‍വീസില്ല.
ശ്രീനഗറില്‍ നിന്ന് കത്രയിലേക്കുള്ള മറ്റൊരു ട്രെയിന്‍ (26402) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കത്രയിലെത്തും. ചൊവ്വാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. കത്രയില്‍ എത്തിക്കഴിഞ്ഞാല്‍ ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ലഭിക്കും. ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് വന്ദേഭാരത് ഉള്‍പ്പെടെ 15 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൊങ്കണ്‍ വഴിയുള്ള മംഗള എക്‌സ്പ്രസില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലെത്തിയാല്‍ കശ്മീരിലേക്ക് പോകാന്‍ എളുപ്പമാണ്. ആഴ്ചയില്‍ സര്‍വീസ് നടത്തുന്ന മറ്റു ട്രെയിനുകളും മലയാളികള്‍ക്ക് തിരഞ്ഞെടുക്കാം.












Click it and Unblock the Notifications