വന്ദേഭാരത് ഡല്‍ഹി യാത്രയ്ക്ക് ആഗ്ര വഴി പുതിയ സര്‍വീസ്; മറ്റു 2 വിവരങ്ങളും, റൂട്ട് അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് ഏകദേശം 140 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ഏറ്റവും ഒടുവിലാണ് കത്രയില്‍ നിന്ന് കശ്മീര്‍ താഴ്‌വരയിലേക്കുള്ള സര്‍വീസും ഗൊരഖ്പൂര്‍-പട്‌ന സര്‍വീസും ആരംഭിച്ചത്. എന്നാല്‍ ഇവിടെയും വന്ദേഭാരത് സര്‍വീസ് നില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ റൂട്ടുകളില്‍ യാത്രയ്ക്ക് റെഡിയാകുകയാണ് ഈ അതിവേഗ ട്രെയിന്‍.
പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള മൂന്ന് സര്‍വീസുകളാണ് വരാന്‍ പോകുന്നത്. 160 കിലോമീറ്റര്‍ വരെ വേഗതയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ട്രെയിനാണ് വന്ദേഭാരത്. എന്നാല്‍ മിക്ക റൂട്ടുകളിലും 130 കിലോമീറ്റര്‍ വരെ വേഗതയാണ് ഉപയോഗിക്കുന്നത്. പാതയുടെ ശേഷി കൂടി പരിഗണിച്ചാണ് വേഗതയില്‍ മാറ്റം വരുത്തുന്നത്. ഇനി വന്ദേഭാരതുമായി ബന്ധപ്പെട്ട് വരുന്ന മൂന്ന് പുതിയ അപ്‌ഡേറ്റുകള്‍ അറിയാം....

ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ആഗ്ര വഴി മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കാണ് ഒരു വന്ദേഭാരത് എക്‌സ്പ്രസ് വരാന്‍ പോകുന്നത്. ഈ മാസം തന്നെ ട്രയല്‍ രണ്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താജ്മഹലിലേക്ക് വരുന്ന വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് ആഗ്ര വഴിയുള്ള സര്‍വീസ്.
ആഗ്രയില്‍ ഏഴ് മിനുട്ട് വരെ നിര്‍ത്തിയ ശേഷമാകും വന്ദേഭാരതിന്റെ യാത്ര. നിലവില്‍ നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് ആഗ്രയിലൂടെ കടന്നുപോകുന്നത്. ഭോപ്പാല്‍ വന്ദേഭാരത്, ഉദയ്പൂര്‍ വന്ദേഭാരത്, ഖജുറാഹോ വന്ദേഭാരത്, വരാണസി വന്ദേഭാരത് എന്നിവയാണവ. അതിന് പുറമെയാണ് ഇന്‍ഡോര്‍-ഡല്‍ഹി വന്ദേഭാരത് കൂടി വരാന്‍ പോകുന്നത്.
ബെംഗളൂരു, വരാണസി വന്ദേഭാരത് ട്രെയിനുകള്‍
ബെംഗളൂരു-ശിവമോഗ റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് മറ്റൊരു വിവരം. കര്‍ണാടകയുടെ തലസ്ഥാനത്തെയും മധ്യ കര്‍ണാടകയെയും ബന്ധിപ്പിച്ചുള്ള സര്‍വീസ് ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് ഇത് നേട്ടമാകും.
ശിവമോഗ-ബെംഗളൂരു വന്ദേഭാരത് ഉടന്‍ എത്തുമെന്ന് പിസി മോഹന്‍ എംപി അറിയിച്ചു. 2023ല്‍ ശിവമോഗയില്‍ പുതിയ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം വന്ദേഭാരതിനുള്ള ആവശ്യം ശക്തമായിരുന്നു. കര്‍ണാടകയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന 12ാം വന്ദേഭാരത് ആയിരിക്കുമിത്. ബെംഗളൂരു-ബെലഗാവി വന്ദേഭാരത് കഴിഞ്ഞ മെയ് മാസത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നു.
മീററ്റ്-ലഖ്‌നൗ വന്ദേഭാരത് എക്‌സ്പ്രസ് വരാണസി വരെ നീട്ടാന്‍ പോകുന്നു എന്നതാണ് മറ്റൊരു അപ്‌ഡേറ്റ്. 2024 ആഗസ്റ്റ് 31നാണ് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. എന്നാല്‍ യാത്രക്കാരുടെ കുറവ് അനുഭവിക്കുന്നുണ്ട്. വരാണസി വരെ നീട്ടിയാല്‍ നേട്ടമാകുമെന്നാണ് അഭിപ്രായം. ആഗസ്റ്റ് 27 മുതല്‍ വരാണസി വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു. മീററ്റില്‍ നിന്ന് രാവിലെ 6.35ന് പുറപ്പെട്ട് വൈകീട്ട് 6.25ന് വരാണസിയില്‍ എത്തുന്ന രീതിയിലാകും സര്‍വീസ്. മുറാദാബാദ്, ബറേലി, ലഖ്‌നൗ, അയോധ്യ എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.












Click it and Unblock the Notifications