വന്ദേഭാരത് ട്രെയിനിൽ ഇനി ഈ സൗകര്യം ഉണ്ടാകില്ല? യാത്രക്കാരെ നിരാശരാക്കി പുതിയ നിർദ്ദേശം
ട്രെയിൻ യാത്രയിലെ 'ഗെയിം ചെയ്ഞ്ചറാണ്' വന്ദേഭാരത് എക്സ്പ്രസ് എന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയാകില്ല. മികച്ച സൌകര്യങ്ങളോടെയുള്ള അതിവേഗ യാത്രയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രധാന ആകർഷണം. ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ,ഇൻഫോടൈൻമെന്റ് സ്ക്രീനുകൾ,ബയോ വാക്വം ടോയ്‌ലറ്റുകൾ തുടങ്ങിയ ഒട്ടനവധി സൌകര്യങ്ങൾ ഈ ട്രെയിനിലുണ്ട്.
എന്നാൽ ഇതിലെല്ലാം ഉപരിയായി യാത്രക്കാരെ ഏറെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു എക്സിക്യൂട്ടീവ് ക്ലാസിലെ 360 ഡിഗ്രി കറങ്ങുന്ന സീറ്റുകൾ. എക്സിക്യൂട്ടീവ് ക്ലാസിൽ ട്രെയിൻ പോകുന്ന ദിശയിലേക്ക് തിരിച്ചു വെക്കാവുന്ന സീറ്റുകളാണിത്. എന്നാൽ ഈ സൌകര്യം വന്ദേഭാരതിൽ വേണ്ടെന്ന നിർദേശമാണ് ഉയരുന്നത്. കറങ്ങുന്ന സീറ്റുകൾ ചെയർ കാർ എക്സിക്യൂട്ടീവ് ക്ലാസുകളിൽ നിന്നും ഒഴിവാക്കണമെന്ന് റെയിൽവെ എഞ്ചിനിയർമാരാണ് നിർദേശിച്ചത്. പ്രിൻസിപ്പൽ സിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാരുടെയും കോച്ച് നിർമ്മാണ യൂണിറ്റുകളുടെയും സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ചർച്ചയായത്.

ഇപ്പോൾ ഉള്ള സീറ്റുകളിൽ കറങ്ങുന്ന സംവിധാനങ്ങൾ ഉണ്ട്. എന്നാൽ ഇടയ്ക്കിടെ സീറ്റുകൾ കറക്കിയാൽ ഇവ എളുപ്പത്തിൽ മോശമായിപ്പോകാനുള്ള സാധ്യത ഉണ്ട്. സീറ്റുകളുടെ ഭാഗങ്ങൾ പെട്ടന്ന് തന്നെ അയയുകയും തേഞ്ഞ് പോകുകയും ചെയ്യും. മാത്രമല്ല ഇത്തരത്തിൽ സീറ്റുകൾ തിരിക്കുന്നതിന് കൂടുതൽ സ്ഥലവും ആവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കറങ്ങുന്ന സീറ്റുകൾക്ക് പകരം കറങ്ങാത്ത ഉറപ്പിച്ച് നിർത്തുന്ന സീറ്റുകൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള സീറ്റുകൾ ഏറെക്കാലം നിലനിൽക്കുമെന്നും പരിപാലിക്കാനും എളുപ്പമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കറങ്ങുന്ന സീറ്റുകൾ ഒഴിവാക്കിയാൽ ആ ഭാഗത്ത് സീറ്റുകൾ തമ്മിലുള്ള അകലം കുറച്ച് എക്സിക്യൂട്ടീവ് കോച്ചിൽ ഒരു നിര കൂടി അധികമായി ഉൾപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി കൂടുതൽ യാത്രക്കാരെ ട്രെയിനിൽ ഉൾപ്പെടുത്താനാകുമെന്നും ഇവർ വാദിക്കുന്നു. അതേസമയം നിർദേശം വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഉദ്യോഗസ്ഥരോട് റെയിൽവെ ബോർഡ് നിർദേശിച്ചു. എന്നിരുന്നാലും ഈ നിർദേശം അംഗീകരിക്കപ്പെടുമോയെന്ന കാര്യം വ്യക്തമല്ല. ഇനി നിർദേശം നടപ്പാക്കിയാൽ തന്നെ ഇപ്പോഴുള്ള വന്ദേഭാരത് ട്രെയിനുകളിൽ ഈ നിർദേശം നടപ്പാകുമോ അതോ പുതുതായി നിർമ്മിക്കുന്ന വന്ദേഭാരതുകളിൽ മാത്രമായി പുതിയ നിർദേശം നടപ്പാക്കുമോ എന്നതാണ് പ്രധാന ചോദ്യം.
അതേസമയം റൊട്ടേറ്റിംഗ് സീറ്റുകൾ ഒഴിവാക്കുന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ നിരാശയായേക്കും. കാരണം വന്ദേഭാരതിലെ വലിയ ഗ്ലാസ് വിൻഡോ വഴി പുറത്തെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഇതോടെ നഷ്ടമാകും. മാത്രമല്ല കുടുംബമായും സുഹൃത്തുക്കളുമായും യാത്ര ചെയ്യുമ്പോൾ സീറ്റുകൾ തിരിച്ചിട്ട് സംസാരിക്കാനും ഇടപെടാനുമുള്ള അവസരങ്ങളും ഇതോടെ ഇല്ലാതാകും.


Click it and Unblock the Notifications