വന്ദേഭാരത് ട്രെയിനില്‍ തേനീച്ചകള്‍ ഇളകി; യാത്രക്കാര്‍ക്ക് കുത്തേറ്റു, ടോയ്‌ലറ്റില്‍ കയറിയിട്ടും രക്ഷയില്ല
വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു. മധ്യപ്രദേശിലെ ഖജുറാഹോ സ്‌റ്റേഷനിലാണ് സംഭവം. ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം. ക്ലീനിങ് നടക്കുന്നതിനാല്‍ യാത്രക്കാര്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് തേനീച്ചകള്‍ കൂട്ടത്തോടെ ഇളകിയെത്തിയത്.
പരിഭ്രാന്തരായ യാത്രക്കാര്‍ തിടുക്കത്തില്‍ ട്രെയിനിന് അകത്തേക്ക് കയറാന്‍ ശ്രമിച്ചു. ഈ വേളയില്‍ പലര്‍ക്കും പരിക്കേറ്റു. എ-2 കോച്ചിന് അകത്ത് കയറിയ തേനീച്ചകള്‍ മിക്ക യാത്രക്കാരെയും കുത്തി. പലര്‍ക്കും മുഖത്തും കഴുത്തിലും കുത്തേറ്റ് നീരുകെട്ടി. ചിലര്‍ തേനീച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ടോയ്‌ലറ്റില്‍ കയറിയെങ്കിലും ഫലമുണ്ടായില്ല.

പ്ലാറ്റ്‌ഫോമില്‍ അറ്റക്കുറ്റ പണികള്‍ പുരോഗമിക്കുന്നുണ്ട്. ഈ വേളയില്‍ തേനീച്ച കൂട് ഇളകിയതാണ് എന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് റെയില്‍വെ ജാന്‍സി ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ മനോജ് കുമാര്‍ സിങ് പറഞ്ഞു. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയമുണ്ടായിരുന്നു. ഈ വേളയിലാണ് തേനീച്ചകള്‍ കൂട്ടത്തോടെ എത്തിയതും എല്ലാവരെയും കുത്തിയതും.
14 പേര്‍ക്ക് പരിക്കേറ്റു. ഒരു പ്രായമുള്ള സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. പലരും ബെഡ് ഷീറ്റ് മറച്ചുപിടിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്. തേനീച്ച കുത്തിയതിന് പിന്നാലെ പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ട്രെയിനിലെ ജീവനക്കാര്‍ മതിയായ വൈദ്യ സഹായം നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ലളിത്പൂര്‍, ജാന്‍സി സ്റ്റേഷനുകളില്‍ വെച്ച് വൈദ്യസഹായം നല്‍കി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഈ സ്റ്റേഷനുകളില്‍ അല്‍പ്പ നേരം മാത്രമാണ് നിര്‍ത്തിയതെന്നും എല്ലാവര്‍ക്കും ചികില്‍സ കിട്ടിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. 22469 നമ്പറിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഡല്‍ഹിയെയും ഖജുറാഹോ സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ യാത്ര എട്ടര മണിക്കൂറാണ്. ആഗ്ര, ഗ്വാളിയോര്‍, ദാട്ടിയ, ജാന്‍സി, ലളിത്പൂര്‍, തികംഗഡ്, ചത്തര്‍പൂര്‍ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.
നിരവധി ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള മധ്യപ്രദേശിലെ സ്ഥലമാണ് ഖജുറാഹോ. ഛത്തര്‍പൂര്‍ ജില്ലയിലാണിത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ഖജുറാഹോ. 2024 മാര്‍ച്ചിലാണ് ഇവിടേക്ക് ഡല്‍ഹിയില്‍ നിന്ന് വന്ദേഭാരത് ആരംഭിച്ചത്.


Click it and Unblock the Notifications
