സ്‌പെഷ്യലാണ് ഈ വന്ദേഭാരത്; അവസാന നിമിഷം ബുക്ക് ചെയ്താലും സീറ്റ്... ഈ റൂട്ടില്‍ രണ്ടാക്കേണ്ടി വരും
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ യാത്രയുടെ രീതി തന്നെ മാറിയിട്ടുണ്ട്. ആഡംബരം, അതിവേഗം എന്നെല്ലാം ചേര്‍ത്ത് പറയാവുന്ന ഈ ട്രെയിന്‍ സര്‍വീസ് മിക്കതും വലിയ നേട്ടം കൊയ്യുന്നു. ആഴ്ചകള്‍ക്ക് മുമ്പേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ് പല വന്ദേഭാരത് എക്‌സ്പ്രസും. കേരളത്തില്‍ അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ലാഭത്തിലാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ വേളയിലാണ് ഒട്ടേറെ സീറ്റുകള്‍ കാലിയായി ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ദീപാവലി സീസണില്‍ രാജ്യത്തെ മിക്ക ട്രെയിനുകളിലും വന്‍ തിരക്കായിരുന്നു എങ്കിലും ഇവിടെ മറിച്ചായിരുന്നു കാര്യങ്ങള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിനും തെലങ്കാനയിലെ സെക്കന്തരാബാദിനും ഇടയില്‍ ഓടുന്ന വന്ദേഭാരത് ട്രെയിന്‍ ആണ് യാത്രക്കാരില്ലാതെ പ്രതിസന്ധി നേരിടുന്നത്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് നാഗ്പൂര്‍-സെക്കന്തരാബാദ് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. നാഗ്പൂരിനെ ബന്ധിപ്പിച്ചുള്ള മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ആണിത്. ആരംഭിച്ചത് മുതല്‍ സീറ്റുകള്‍ കാലിയായാണ് സര്‍വീസ്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പല പദ്ധതികളും റെയില്‍വെ നടപ്പാക്കുന്നുണ്ടെങ്കിലും രക്ഷയില്ല. ഏകദേശം 35 ശതമാനം യാത്രക്കാര്‍ മാത്രമാണുള്ളതെന്ന് നാഗ്പൂരില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സീസണ്‍ സമയത്തും 900 സീറ്റോളം ഒഴിഞ്ഞായിരുന്നു യാത്ര. അതുകൊണ്ടുതന്നെ അവസാന നിമിഷം ബുക്ക് ചെയ്താലും യാത്രയ്ക്ക് അവസരം ലഭിക്കുമായിരുന്നു. ക്രമേണ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് റെയില്‍വെ അധികൃതരുടെ തുടക്കംമുതലുള്ള പ്രതീക്ഷ. പരസ്യം ചെയ്തും സോഷ്യല്‍ മീഡിയ ഉപയോഗിച്ചും പരമാവധി യാത്രക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വേണ്ട ഫലം ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍ രണ്ട് സാധ്യതകളാണ് കാണുന്നത്. സാധാരണ മിക്ക വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും എട്ട് കോച്ചുകളാണുള്ളത്. എന്നാല്‍ നാഗ്പൂര്‍-സെക്കന്തരാബാദ് റൂട്ടില്‍ 20 കോച്ചുള്ള വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. എട്ട് കോച്ചുള്ള ട്രെയിനാക്കി മാറ്റി വ്യത്യസ്ത സമയങ്ങളില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ ലാഭകരമാകും എന്നാണ് പറയപ്പെടുന്നത്. അല്ലെങ്കില്‍ ഈ റൂട്ടിലോടുന്ന ട്രെയിനുകളുടെ സമയം മാറ്റണം.
31 മറ്റു ട്രെയിനുകള്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം. രാജധാനിയും ദുരന്തോ എക്‌സ്പ്രസുമെല്ലാം ഇതില്‍പ്പെടും. ഇതാണ് വന്ദേഭാരതില്‍ യാത്രക്കാരെ കുറയ്ക്കുന്ന ഘടകം എന്ന അഭിപ്രായവുമുണ്ട്. ട്രെയിന്റെ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് നാഗ്പൂര്‍ സെന്‍ട്രല്‍ റെയില്‍വെയുടെ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ അമന്‍ മിത്തല്‍ നല്‍കുന്നത്.
സമയം ക്രമീകരിക്കുക, ബോഗികള്‍ കുറയ്ക്കുക, മറ്റു ട്രെയിനുകളുടെ സമയത്തിലും നേരിയ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നടപടികള്‍ വൈകാതെ ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അതേസമയം, ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്ക് ആരംഭിച്ച സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്രസ് യാത്രക്കാരുടെ തിരക്ക് കാരണം സര്‍വീസ് ഈ മാസം 20 വരെ നീട്ടിയിരിക്കുകയാണ്.












Click it and Unblock the Notifications