വന്ദേഭാരത് എറണാകുളത്ത് എത്തില്ല; 9 ട്രെയിനുകള്‍ വൈകും, ഇന്ന് തീവണ്ടി യാത്രക്കാര്‍ അറിയേണ്ടത്
കൊച്ചി: ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വെ. നിരവധി ട്രെയിനുകള്‍ വൈകിയോടും. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. കളമശേരി റെയില്‍വെ സ്‌റ്റേഷനില്‍ സിഗ്നല്‍ ജോലികള്‍ നടക്കുന്നതിനാലാണ് ഇന്നത്തെ ക്രമീകരണം. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ബെംഗളൂരുവിലേക്കുള്ള മടക്ക സര്‍വീസ് തൃശൂരില്‍ നിന്നാണ് ആരംഭിക്കുക.
തൃശൂരിനും എറണാകുളത്തിനും ഇടയിലാണ് ജോലികള്‍. ഈ റൂട്ടിലാണ് ട്രെയിനുകള്‍ വൈകുന്നത്. എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകും. 1.25നാണ് ട്രെയിന്‍ സാധാരണ പുറപ്പെടുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45ന് ശേഷമാകും യാത്ര ആരംഭിക്കുക എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

കൂടാതെ എട്ട് ട്രെയിനുകള്‍ ഇന്ന് വൈകിയോടും. ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ കാല്‍ മണിക്കൂര്‍ വൈകും. ലോകമാന്യതിലക്-തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ് 25 മിനുട്ട് വൈകും. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് 25 മിനുട്ട് വൈകും. തിരുനല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് 40 മിനുട്ട് വൈകും. ഗാന്ധിധാം-തിരുനല്‍വേലി എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ വൈകും.
മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകും. മലബാര്‍ മേഖലയില്‍ ഈ ട്രെയിന്‍ കൃത്യസമയം പാലിക്കുമെങ്കിലും പിന്നീട് വൈകും. തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകും. ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ മുക്കാല്‍ മണിക്കൂര്‍ വൈകും.


Click it and Unblock the Notifications
