വന്ദേഭാരത് ഈ സ്റ്റേഷനിൽ നിർത്തും; ഭക്തർക്ക് ആശ്വാസം..ഈ 4 ട്രെയിനുകൾക്കും പൊങ്കാല ദിവസം അധിക സ്റ്റോപ്പുകൾ
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് എത്തുന്ന ഭക്തർക്ക് ആശ്വാസ നടപടിയുമായി ദക്ഷിണ റെയിൽവെ. വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ് റെയിൽവെ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് നടപടി.
ട്രെയിനുകളും താത്കാലിക സ്റ്റോപ്പുകളും വിശദമായി പരിശോധിക്കാം
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20631) മാർച്ച് 3-ന് തിരുവനന്തപുരം പേട്ടയിൽ താൽക്കാലികമായി നിർത്തും. ഉച്ചയ്ക്ക് 2:25-ന് പേട്ടയിലെത്തി ഒരു മിനിറ്റ് നിർത്തി ട്രെയിൻ യാത്ര തുടരും. കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (ട്രെയിൻ നമ്പർ 12081) അന്നേ ദിവസം 1:10-ഓടെ പേട്ടയിൽ ഒരു മിനിറ്റ് നിർത്തും. ഈ അധിക സ്റ്റോപ്പുകൾ തിരുവനന്തപുരം സെൻട്രലിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

മറ്റു ചില ട്രെയിനുകൾക്കും താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിലിന് (ട്രെയിൻ നമ്പർ 12624) മാർച്ച് 3-ന് കഴക്കൂട്ടത്തും (വൈകിട്ട് 3:14 - 3:15) ചിറയിൻകീഴിലും (വൈകിട്ട് 3:26 - 3:27) ഒരു മിനിറ്റ് സ്റ്റോപ്പുകൾ ഉണ്ടാകും. രാമേശ്വരം - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ 16344) അന്ന് പുലർച്ചെ 3:25-ഓടെ ചിറയിൻകീഴിൽ ഒരു മിനിറ്റ് നിർത്തും.
ആറ്റുകാൽ പൊങ്കാലയുടെ വലിയ തീർത്ഥാടക പ്രവാഹം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണങ്ങളെന്ന് പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ദേവദാസ് അറിയിച്ചു. അന്തിമ വിവരങ്ങൾക്കായി ഭക്തർ ഔദ്യോഗിക റെയിൽവേ സോഴ്സുകളും മൊബൈൽ ആപ്ലിക്കേഷനുകളും പരിശോധിക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു.
വിപുലമായ ഒരുക്കങ്ങൾ
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ നിന്ന് വ്യത്യസ്തമായി വലിയൊരുക്കങ്ങളാണ് സർക്കാർ ഒരുക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 700 ബസ്സുകളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. സിറ്റി ഷട്ടിൽ സർവ്വീസിനായി 25 ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളും വിപുലമാക്കുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ നിന്ന് വ്യത്യസ്തമായി വാച്ച് ടവറുകളും മെഗാ ഫോണുകളും പോലീസ് സജ്ജമാക്കും. അഞ്ച് അഡീഷണൽ വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളുമാണ് ഏർപ്പെടുത്തുന്നത്. 76 സിസിടിവി ക്യാമറകൾ അധികമായി ക്രമീകരിക്കും. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ക്രമീകരിക്കും.
പൊങ്കാല ദിവസം തീപൊള്ളൽ ഏൽക്കുന്നതിന് സാധ്യതയുള്ളതിനാൽ സമീപത്തുള്ള സർക്കാർ- സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. ശുചീകരണപ്രവർത്തനങ്ങൾക്കും പൊങ്കാല കഴിഞ്ഞുള്ള ഇഷ്ടിക നീക്കം ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. കൂടുതൽ മൊബൈൽ ടോയ്ലറ്റുകൾ ക്രമീകരിക്കും. ഉത്സവവാർഡുകൾ ഉൾപ്പെടെയുള്ള വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൊങ്കാല ഉത്സവത്തിന് മുമ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications