ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത്; യാത്രയ്ക്ക് ചെലവാകുക ഇത്ര രൂപ;ടിക്കറ്റ് നിരക്ക് പുറത്തുവിട്ട് റെയിൽവെ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു-ബെലഗാവി വന്ദേഭാരത് യാഥാർത്ഥ്യമാകാൻ പോകുകയാണ്. 10 ന്പ്രധാനമന്ത്രി നരേന്ദ്രമോദി സർവ്വീസ് ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ പുതിയ യെല്ലോ മെട്രോ ലൈനിന്റെ ഉദ്ഘാടനവും അന്ന് തന്നെ പ്രധാനമന്ത്രി നിർവ്വഹിക്കും. അജ്നി (നാഗ്പൂർ)-പുണെ, അമൃത്സർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര എന്നീ റൂട്ടുകളിലെ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ഇതേ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ട്രെയിനിന്റെ സമയം പരിശോധിക്കാം
കെ എസ് ആർ ബെംഗളൂരുവിനും ബെലഗാവിക്കും ഇടയിലുള്ള ദൂരം 611 കിലോമീറ്ററാണ്. രാവിലെ 5:20-ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ്.ഉച്ചയ്ക്ക് 2:20-നാണ് ബെംഗളരുവിൽ നിന്ന് പുറപ്പെടുക. രാത്രി 10:40-ന് ട്രെയിൻ ബെലഗാവിയിൽ തിരിച്ചെത്തും. അതായത് രാവിലെ ബെംഗളൂരുവിലേക്ക് തിരിച്ചാൽ അതേ ട്രെയിനിന് തന്നെ തിരികെ നാട്ടിലെത്താം. ഏകദേശം 8 മണിക്കൂർ 30 മിനിറ്റാണ് യാത്രാ ദൈർഘ്യം. തുംകുരു, ദാവൻഗെരെ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.

ടിക്കറ്റ് നിരക്ക്
എക്സിക്യൂട്ടീവ് ചെയർകാറിൽ കാറ്ററിംഗ് സേവനങ്ങളോടുകൂടി യാത്ര ചെയ്യാൻ 2,905 രൂപയാണ് ചാർജ്. കാറ്ററിംഗ് ഇല്ലാതെ ഇത് 2535 രൂപയാണ് നിരക്ക്. എസി ചെയർകാറിൽ കാറ്ററിംഗ് സേവനങ്ങളോടെ യാത്ര ചെയ്യുന്നതിന് 1,575 രൂപയാണ് നിരക്ക്. കാറ്ററിംഗ് ഒഴിവാക്കുകയാണെങ്കിൽ 1,264 രൂപ നൽകിയാൽ മതി. ഈ നിരക്കുകളിൽ ബാധകമായ ജിഎസ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വന്ദേ ഭാരത് എക്സ്പ്രസിലെ ആധുനിക സൗകര്യങ്ങൾ എന്തൊക്കെയാണ്?
ലോകോത്തര നിലവാരമുള്ള ഓട്ടോമാറ്റിക് വാതിലുകൾ, ഓൺബോർഡ് വൈ-ഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ബയോ-വാക്വം ടോയ്‌ലറ്റുകൾ, മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ട്
ട്രെയിനുകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കും; റെയിൽവെ മന്ത്രി
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുമെന്ന് റെയിൽവെ. ഒരു പ്രത്യേക ട്രെയിനിനുള്ള കരാറുകള്‍ക്ക് പകരമായി ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ക്ക് കരാര്‍ നല്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിലുള്ള നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിന് കീഴില്‍ ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഐ ആര്‍ സി ടി സി ബേസ് കിച്ചനുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും റൂട്ട് തിരിച്ചുള്ള ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും ചെയ്തു. കരാറുകാര്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കരാറുകാരുടെ അച്ചടക്കലംഘനങ്ങളും അന്യായമായ ആനുകൂല്യങ്ങളും തടയുന്നതിനും ഐ ആര്‍ സി ടി സി ശക്തമായ നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണ നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐ ആര്‍ സി ടി സി സംഘടിപ്പിച്ച ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ക്കായുള്ള ടെന്‍ഡറുകളില്‍ മൊത്തം 24 പേര്‍ ലേലത്തില്‍ പങ്കെടുത്തു.അതില്‍ 20 സ്ഥാപനങ്ങള്‍ക്ക് ഐ ആര്‍ സി ടി സി കരാര്‍ നല്‍കി.ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഐ ആര്‍ സി ടി സി ഒരു കരാറും നല്കിയിട്ടില്ല. ഒന്നിലധികം സേവന ദാതാക്കള്‍ക്ക് നല്‍കിയ ലെറ്റേഴ്സ് ഓഫ് അവാര്‍ഡിന്റെ(LOA) വിശദാംശങ്ങള്‍ ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കരാര്‍ ലഭിച്ച ആര്‍ക്കും ഇതുവരെ ക്ലസ്റ്റര്‍ എ കരാറുകളുടെ 80% ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ പ്രതിദിനം ശരാശരി 16.5 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. സുഗമവും തടസ്സമില്ലാത്തതുമായ രീതിയില്‍ ഇത്രയും വലിയ അളവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ഐ ആര്‍ സി ടി സി ശ്രമിക്കുകയാണെന്നുംയാത്രക്കാരുടെ മൊത്തത്തിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അധികൃതർ പ്രതികരിച്ചു.












Click it and Unblock the Notifications