വന്ദേഭാരത് വീണ്ടുമെത്തുന്നു; മഹാരാഷ്ട്ര, കർണാടക, തെലങ്കാന മൂന്ന് സംസ്ഥാനങ്ങളിലേക്കും ഇനി യത്ര എളുപ്പം
പൂനെയിൽ നിന്നും നാല് പുതിയ വന്ദേഭാരത് സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൂനെ-വഡോദര, പൂനെ-സെക്കന്ദരാബാദ്, പൂനെ-ഷെഗോൺ, പൂനെ ബെലഗാവി എന്നീ റൂട്ടുകളിലാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക. പുതിയ ട്രെയിനുകൾ കർണാടക, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.
നിലവിൽ പൂനെയിൽ നിന്ന് കോലാപൂർ ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുതിയ നാല് ട്രെയിനുകൾ കൂടി വരുന്നതോടെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം ആറാകും. കൽബുർഗി വഴി പോകുന്ന പൂനെ-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിൻ മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടായിരിക്കും സർവ്വീസ് നടത്തുക. ദൗണ്ട്, സോലാപൂർ, കലബുറഗി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കും. ഇതുവഴിയുള്ള യാത്രാ സമയം 2-3 മണിക്കൂർ വരെ കുറയ്ക്കാൻ പുതിയ സർവ്വീസിലൂടെ സാധിക്കും. ബിസിനസ്സ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കും പോകുന്നവർക്ക് സർവ്വീസ് കുടുതൽ സഹായകമാകും.

കലബുറഗിയിലുള്ളവർക്ക് ബെംഗളൂരുവിനേക്കാൾ അടുത്ത് കിടക്കുന്ന നഗരം ഹൈദരാബാദ് ആണ്. അതുകൊണ്ട് തന്നെ ബിസിനസ്സ്, മെഡിക്കൽ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഈ പുതിയ വന്ദേ ഭാരത് സർവീസ് കൂടുതൽ പ്രയോജനകരമാകും.
പൂനെ ബെലഗാവി വന്ദേഭാത്
ഹുബ്ബള്ളി-ബെലഗാവി-പൂനെ റൂട്ടിൽ ദിവസേന ഒരു സെമി-ഹൈ സ്പീഡ് ട്രെയിൻ വേണമെന്ന ആവശ്യം നിരവധി കാലമായി ബെലഗാവി നിവാസികൾ ഉയർത്തുന്നു. പുതിയ വന്ദേഭാരത് ആഴ്ചയിൽ മൂന്ന് ദിവസം സർവ്വീസ് നടത്തുമെന്നാണ് വിവരം. ട്രെയിനിന് സത്താറ, സാംഗ്ലി, മിറാജ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചേക്കും.
വിനോദയാത്രക്കാർക്കും തീർത്ഥാടകർക്കും ഗുണം
പൂനെ-ഷെഗോൾ വന്ദേ ഭാരത് ട്രെയിനിന് ദൗണ്ട്, അഹമ്മദ്‌നഗർ, ഛത്രപതി സംഭാജിനഗർ, ജൽന എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ അനുവദിക്കും. മഹാരാഷ്ട്രയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗജാനൻ മഹാരാജ് ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഈ റൂട്ട് വളരെ സൗകര്യപ്രദമാകും.
മറ്റൊരു സർവ്വീസായ പൂനെ-വഡോദര ട്രെയിൻ മഹാരാഷ്ട്രയെയും ഗുജറാത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ലോണാവാല, പൻവേൽ, വാപി, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകുക. പൂനെയിൽ നിന്ന് വഡോദരയിലേക്കുള്ള യാത്രാ സമയം 9 മണിക്കൂറിൽ നിന്ന് 6-7 മണിക്കൂറായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഈ റൂട്ട് മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം നൽകും.
ടിക്കറ്റ് നിരക്ക് എങ്ങനെ?
ഏകദേശം 1,500 രൂപ മുതൽ 2,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ പ്രതീക്ഷിക്കുന്നത്.
വന്ദേഭാരത് സ്ലീപ്പറും എത്തിയേക്കും
വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ ആഗസ്റ്റിൽ ആരംഭിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആദ്യ സ്ലീപ്പർ പൂനെയിൽ നിന്ന് നാഗ്പൂരിലേക്ക് ആയിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
പുതിയ സർവീസുകളുടെ ഔദ്യോഗിക ഷെഡ്യൂൾ റെയിൽവേ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും പുതിയ വന്ദേഭാരത് എത്തുന്നുവെന്ന വാർത്തകളിൽ യാത്രക്കാർ ആവേശത്തിലാണ്. കുറഞ്ഞ സമയത്തിനുള്ളിൽ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്താം എന്നത് തന്നെയാണ് യാത്രക്കാരുടെ സന്തോഷം ഇരട്ടിയാക്കുന്നത്.












Click it and Unblock the Notifications