വന്ദേഭാരത് പുതിയ മോഡൽ എത്തുന്നു; പക്ഷെ യാത്രക്കാർക്ക് വേണ്ടിയല്ല,.ഗെയിം ചെയ്ഞ്ചറാകും
ഇനി ചരക്കുകളും വേഗത്തിലെത്തും, ഇതിനായി പുതിയ വന്ദേഭാരത് സർവ്വീസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവെ. രണ്ട് മാസത്തിനുള്ളിൽ വന്ദേഭാരത് പാഴ്സൽ സർവ്വീസുകൾ ട്രാക്കിലിറങ്ങുമെന്നാണ്് ചെന്നെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഉദ്യോഗസ്ഥർ പറയുന്നത്. ചരക്ക് ഗതാഗതം കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സർവ്വീസ്.
16 കോച്ചുകളായിരിക്കും പാഴ്സൽ സർവ്വീസുകളിലും ഉണ്ടാകുക. ഒറ്റയടിക്ക് 264 ടൺ വരെ ചരക്കുകൾ വരെ വഹിക്കാൻ ഇവയ്ക്ക് ശേഷിയുണ്ടാകും. നിലവിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിമീ മാത്രമാണ്. അവിടെയാണ് വന്ദേഭാരത് പാഴ്സൽ ട്രെയിനുകൾ ഗെയിം ചെയിഞ്ചറാകുക.

വന്ദേ ഭാരത് പാഴ്സൽ ട്രെയിൻ മണിക്കൂറിൽ 160 കിമീ പരമാവധി വേഗതയിലും 90 കിമീ ശരാശരി വേഗതയിലും സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാതൃഭൂമി ന്യസ് റിപ്പോർട്ട് ചെയ്തു.
പ്രോസസ് ചെയ്ത ഭക്ഷ്യവസ്തുക്കൾ പോലെയുള്ള സാധനങ്ങൾ സാധാരണയായി കാർഗോ വിമാനങ്ങളിലാണ് കൊണ്ടുപോകാറുള്ളത്. ഇത് വളരെയധികം ചിലവേറിയതാണ്. എന്നാൽ പുതിയ വന്ദേ ഭാരത് സർവീസുകൾ എത്തുന്നതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷിതവും ലാഭകരവുമായ രീതിയിൽ ഇത്തരം വസ്തുക്കൾ എത്തിക്കാൻ സഹായകമാകും.
ആദ്യഘട്ടത്തിൽ മുംബൈ-കൊൽക്കത്ത റൂട്ടിലായിരിക്കും പാഴ്സൽ ട്രെയിൻ ഓടുക. റെയിൽവേയുമായി ദീർഘകാല കരാറിലേർപ്പെടുന്ന കമ്പനികൾക്ക് പാഴ്സൽ ഗതാഗതത്തിൽ പ്രത്യേക ഇളവുകൾ ലഭിക്കും.
ഒരു വർഷത്തിലേറെയായി ഐസിഎഫിൽ ഈ ട്രെയിനിന്റെ നിർമ്മാണം നടന്നുവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) നേതൃത്വത്തിൽ അടുത്ത മാസം കാർഗോ പരിശോധനകൾ നടത്തുമെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
സ്ലീപ്പർ ട്രെയിൻ എന്ന്?
വന്ദേഭാരതിന്റെ മറ്റൊരു പതിപ്പായ സ്ലീപ്പർ ട്രെയിൻ എന്ന് വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ഈ വർഷം അവസാനത്തോടെ പുതിയ പതിപ്പ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. സപ്റ്റംബർ ബിഹാർ തിരഞ്ഞെടുപ്പിന് മുൻപ് സ്ലീപ്പർ അവതരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഡൽഹി-പാട്ന സ്ലീപ്പർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതല്ലെങ്കിൽ ഡൽഹി-കൊൽക്കത്ത , ഡൽഹി-ഹൗറ സർവ്വീസുകൾ ആയിരിക്കും പ്രഖ്യാപിക്കുകയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്. എന്തായാലും വന്ദേഭാരത് എക്സ്പ്രസ് പോലെ തന്നെ സ്ലീപ്പർ പതിപ്പുകളും ഹിറ്റായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications