Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേ ഭാരത് എക്‌സ്പ്രസ് അല്ല വന്ദേ മെട്രോ; ആദ്യ വന്ദേ മെട്രോ നാളെ ആരംഭിക്കും, 30 രൂപയില്‍ യാത്ര

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ യാത്രയ്ക്ക് വേഗത കൂട്ടിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍ എത്തിയത്. ഇതിനൊപ്പം മല്‍സര രാഷ്ട്രീയം കൂടി ചേര്‍ന്നപ്പോള്‍ ആദ്യ സര്‍വീസുകള്‍ക്ക് എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും വന്‍ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു. കേരളത്തിന് ഇനിയും വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ലഭിക്കുമെന്നാണ് വാര്‍ത്തകള്‍. വന്ദേ ഭാരത് എത്തിയതോടെ മറ്റു ട്രെയിനുകള്‍ വൈകുന്നു എന്ന ആക്ഷേപവുമുണ്ട്.

വന്ദേ മെട്രോ ട്രെയിന്‍ തുടങ്ങുകയാണിപ്പോള്‍. തിങ്കളാഴ്ച ആദ്യ വന്ദേ മെട്രോ സര്‍വീസ് ആരംഭിക്കും. വന്ദേ ഭാരത് എക്‌സ്പ്രസും വന്ദേ മെട്രോയും ഒരുപോലെ അല്ല. എന്നാല്‍ സമാനമായ പല ഘടകങ്ങളുമുണ്ട്. 30 രൂപയ്ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് വന്ദേ മെട്രോ. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വന്ദേ മെട്രോ വൈകാതെ എത്തുമെന്നാണ് പുതിയ വിവരം. അറിയാം വന്ദേ മെട്രോയെ കുറിച്ച്...

vande metro train ticket rate

ഗുജറാത്തിലെ ബുജ്-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ വന്ദേ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. കച്ച് ജില്ലയെയും ഗുജറാത്തിലെ വാണിജ്യ നഗരമായ അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നതാകും ഈ ട്രെയിന്‍. ഭൂവിസ്തൃതി പരിശോധിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ജില്ലയാണ് കച്ച്.

ആഴ്ചയില്‍ ആറ് ദിവസമാണ് വന്ദേ മെട്രോ സര്‍വീസ് നടത്തുക. രാവിലെ 5.05ന് ബുജ് സ്‌റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 10.50ന് അഹമ്മദാബാദിലെത്തും. 360 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂറിനകം എത്തുമെന്ന് ചുരുക്കം. അതേ ദിവസം വൈകീട്ട് 5.30ന് അഹമ്മദാബാദില്‍ നിന്ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 11.20ന് ബുജിലെത്തും. 110 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ പോകുക.

അന്‍ജര്‍, ഗാന്ധിധാം, ബച്ചാവു, സമഖിയാലി, ഹല്‍വാഡ്, ധ്രഗാധ്ര, വിരംഗം, ചന്ദ്‌ലോദിയ, കലുപുര്‍ എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. ബുജില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ശനി ഒഴികെ ആറ് ദിവസങ്ങളില്‍ സര്‍വീസ് നടത്തും. അഹമ്മദാബാദില്‍ നിന്നുള്ള വന്ദേ മെട്രോ ഞായര്‍ ഒഴികെയുള്ള ആറ് ദിനങ്ങളിലും. മൊത്തം 2058 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാന്‍ സാധിക്കും.

വന്ദേ ഭാരത് എക്‌സ്പ്രസിലെ പോലെ സീറ്റുകളുണ്ടാകും. ഇരുഭാഗത്തും എഞ്ചിനുകളും ഓട്ടോമാറ്റിക് വാതിലുകളുമുണ്ട്. 10 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാകുക. വന്ദേ ഭാരതില്‍ റിസര്‍വ് ചെയ്ത് വേണം യാത്ര. എന്നാല്‍ വന്ദേ മെട്രോയില്‍ റിസര്‍വ് ചെയ്യേണ്ടതില്ല. മറ്റു സാധാരണ തീവണ്ടികളെ പോലെ റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാം. കുറഞ്ഞ ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 30 രൂപയാണ്. ബുജില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു യാത്രയ്ക്ക് 430 രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

ആറ് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് പ്രാധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തത്. ജാര്‍ഖണ്ഡിലെ ടാറ്റനഗരറില്‍ മോദി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു എങ്കിലും മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന് യാത്ര സാധിച്ചില്ല.

ടാറ്റനഗര്‍-പട്‌ന, ബ്രഹ്മപൂര്‍-ടാറ്റനഗര്‍, റൂര്‍ഖേല-ഹൗറ, ദിയോഗര്‍-വാരണാസി, ഭാഗല്‍പൂര്‍-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുക. ബിസിനസുകള്‍, വിദ്യാര്‍ഥികള്‍, പ്രൊഫഷനലുകള്‍, പതിവ് യാത്രക്കാര്‍ എന്നിവര്‍ക്ക് പുതിയ സര്‍വീസ് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+