കോടമഞ്ഞ് പുതച്ചുറങ്ങുന്ന കോഴിക്കോടിന്റെ സ്വന്തം ഗവി; ചൂടേൽക്കാതെ കറങ്ങാം, വയലടയിൽ
കോഴിക്കോട്:തെക്കൻ കേരളത്തിലുള്ളവർക്ക് ഏതു സീസണിലും മഞ്ഞും തണുപ്പും ആസ്വദിക്കണമെന്നു തോന്നുമ്പോൾ പോകാൻ ഗവിയും മൂന്നാറും ഒക്കെയുണ്ട്. എന്നാൽ മലബാറുകാരുടെ കാര്യത്തിൽ അങ്ങനെ സ്ഥലങ്ങളില്ല എന്നാണ് പലരും കരുതുന്നത്. പക്ഷേ, ഗവി പോല മനോഹരവും ഊട്ടി പോലെ കോടമഞ്ഞും തണുപ്പുമുള്ള ഒരിടം ഇതാ നമ്മുടെ കോഴിക്കോടുണ്ട്. അതാണ് വയലട.
കോഴിക്കോടുകാരുടെ ഗവിയെന്നും മലബാറുകാരുടെ ഊട്ടിയെന്നും ഒക്കെ സഞ്ചാരികൾ വിളിക്കുന്ന വയലട ശരിക്കും ഒരു സ്റ്റാർ തന്നെയാണ്. കോഴിക്കോടൻ കാഴ്ചകൾ ഏറ്റവും മനോഹരമായി കാണാനും ഉഗ്രനൊരു യാത്ര നടത്താനും പറ്റിയ ഇടം. തണുപ്പിന്‍റെയും മഞ്ഞിന്‍റെയും കാര്യം പിന്നെ പറയേണ്ടല്ലോ അല്ലേ...

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലെ മനോഹരമായ കൊടുമുടിയാണ് വയലട. ഇവിടെ എത്തിയാൽ മേഘങ്ങൾക്ക് താഴെ വെള്ളത്താൽ ചുറ്റപ്പെട്ട ഹരിതഭൂമിയും കക്കയം ഡാം റിസർവോയറിൻറെ മനോഹര കാഴ്ചകളും കാണാൻ സാഘിക്കും. സമൂഹമാധ്യമങ്ങളിലെ യാത്രാ പ്രേമികളാണ് വയലടയെ വൈറലാക്കിയത്. ഇപ്പോൾ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വയലട മാറി.
സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. ചെറിയ വലിയ മലകൾ ധാരാളം ഉണ്ടിവിടെ. അതുകൊണ്ട് തന്നെ ട്രെക്കിങ്ങിനും മികച്ച ഇടമാണ് ഇവിടം. വന്നാൽ പിന്നെ മടങ്ങിയെത്താൻ സമ്മതിക്കാത്ത വിധത്തിലുള്ള കാഴ്ചകളും കാലാവസ്ഥയുമാണ് ഇവിടെയുള്ളത്. കോമഞ്ഞിനും ചിലപ്പോൾ ചെറിയ മഴയ്ക്കും ഒപ്പമായിരിക്കും മുകളിലേക്കുള്ള നടത്തം. വ്യൂ പോയിന്‍റിൽ എത്തിയാൽ അവിടെ നിന്നുള്ള താഴ്വരകളുടെയും ഗ്രാമങ്ങളുടെയും കാഴ്ചകൾ മനംകരവും.പോരാമ്പ്രാ, കൂരാച്ചുണ്ട് തുടങ്ങിയ മലയോര ഗ്രാമങ്ങളുടെ കിടിലൻ വ്യൂ ഇവിടുന്ന് കിട്ടും.
കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയാണ് ഇവിടേക്ക് എത്തേണ്ടത്. താമശ്ശേരി ഭാഗത്ത് നിന്ന് - എസ്‌റ്റേറ്റ് മുക്ക് വഴിയും. സ്വന്തം വണ്ടിപിടിച്ചെത്തുന്ന സഞ്ചാരികൾ കുറവല്ല. ഇവിടേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസും ആളുകൾക്ക് പ്രയോജപ്പെടുത്താം. ബസ് ഇറങ്ങി വ്യൂ പോയിന്റിലേക്ക് ഇറങ്ങി നടക്കുകയാണ് വേണ്ടത്.
വയലടയിലേക്ക് വരുന്നവർ സമീപത്തെ മുള്ളൻപാറ കൂടി കാണാനുള്ള തയ്യാറെടുപ്പോടെ വരണം. ഇതു വിട്ടുപോയാൽ പിന്നെ വൻ നഷ്ടമായിരിക്കുമേ.. ഈ പാറയുടെ മുകളിൽ ചെന്നാൽ ഭംഗിയാർന്ന കുറേ കാഴ്ചകളാണ് കാത്തിരിക്കുന്നത്. കാടും മലകളും മാത്രമല്ല. കോഴിക്കോടെ പെരുവണ്ണാമൂഴി റിസർവോയർ, കക്കയം ഡാം എന്നിങ്ങനെ ഓരോ സഞ്ചാരിയും കാണാനാഗ്രഹിക്കുന്ന ഇടങ്ങളുടെ ആകാശക്കാഴ്ച ഇതിനു മുകളിൽ നിന്നു കാണാം. സൂര്യാസ്തമയം കാണാൻ സാധിക്കുന്ന വിധത്തിൽ വണം ഇവിടേക്ക് വരാൻ.












Click it and Unblock the Notifications