ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത ഇതാ; വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങി വിയറ്റ്നാം..ഇനി വിസ വേണ്ടിവരില്ല
ഹോച്ചുമിൻ: അടുത്തിടെയാണ് തായ്‌ലന്റും ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചത്. കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇപ്പോഴിതാ വിയറ്റ്നാമും അത്തരമൊരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
വിയറ്റ്നാം സാംസ്കാരിക, കായിക, വിനോദസഞ്ചാര മന്ത്രി ങുന്‍ വാന്‍ ജങ് ആണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ് വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് നീക്കം.സമീപകാലത്ത് വിയറ്റ്നാം സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിയറ്റ്നാം പുതിയ തീരുമാനത്തിന് ഒരുങ്ങുന്നത്.

30 ദിവസത്തേക്കായിരിക്കും സാധുത. മെയ് 10 വരെയായിരിക്കും ഇളവ് ലഭിച്ചേക്കുക. ആവശ്യക്കാർ ഏറിയാൽ പദ്ധതി നീട്ടിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം.
വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. നവംബർ മുതൽ ഏപ്രിൽ വരെയാണ് വിയറ്റ്നാം സന്ദർശിക്കാൻ പറ്റിയ സമയം. ഇംഗ്ലിഷ് അക്ഷരമാലയിലെ 'എസ്' പോലെയുള്ള ആകൃതിയാണ് വിയറ്റ്നാമിന്. ഒരേസമയം വ്യത്യസ്ത കാലാവസ്ഥാ മേഖലകളെ ഉൾക്കൊള്ളുന്ന രാജ്യം കൂടിയാണിത്. അതുകൊണ്ട് തന്നെ ഒരേ സമയം വ്യത്യസ്ത കാലാവസ്ഥയായിരിക്കും ഇവിടെ. ഹാനോയ്. ഹോ ചി മിൻ സിറ്റി, ഹാ ലോങ് ബേ, ഹോയ് ആൻ, ഡാ നാങ് എന്നിവയാണ് വിയറ്റ്നാമിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ. ആധുനികതയോടൊപ്പം പഴമയേയും ചേർത്ത് പിടിക്കുന്നവരാണ് വിയറ്റ്നാമുകാർ. അതുകൊണ്ട് തന്നെ ഇത്തരം സൗന്ദര്യങ്ങളെല്ലാം തന്നെ വിയറ്റ്നാം യാത്രയിൽ ആസ്വദിക്കാൻ സാധിക്കും.
കേരളക്കാർക്ക് നേരിട്ട് വിമാനമുണ്ട്
വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം കൊച്ചിയിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് സർവ്വീസ് ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് (VIETJET) ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുന്നത്. വിയറ്റ്നാമിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് നേരത്തേ മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. .












Click it and Unblock the Notifications