വിയറ്റ്‌നാം വിളിക്കുന്നു; വിസ ഇല്ലെങ്കിലും വന്നോളൂ, 9 രാജ്യങ്ങള്‍ക്ക് കൂടി ഇളവ്, ഇന്ത്യക്കാര്‍ക്ക് മറ്റൊരു വഴി
ഹാനോയ്: നിരവധി രാജ്യങ്ങളാണ് വിസ ഇല്ലാതെ മറ്റു രാജ്യക്കാര്‍ക്ക് പ്രവേശന അനുമതി നല്‍കുന്നത്. ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വിയറ്റ്‌നാം ആണ് ഏറ്റവും ഒടുവില്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലാന്റ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ അയല്‍പ്രദേശമായ വിയറ്റ്‌നാമിലേക്ക് സമീപകാലത്ത് വിദേശികള്‍ കൂടുതലായി എത്തുന്നുണ്ട്.
വിയറ്റ്‌നാമിലേക്ക് വിസ ഇല്ലാതെ വരാമെന്നും 45 ദിവസം തങ്ങാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒരു തവണ വിയറ്റ്‌നാമില്‍ പ്രവേശിച്ചാല്‍ 45 ദിവസം വരെ വിസയില്ലാതെ കറങ്ങാം. സുപ്രധാന ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഒട്ടേറെ ഗ്രാമങ്ങളുള്ള നാടാണിത്. അതുകൊണ്ടുതന്നെ ഗ്രാമീണതയും പച്ചപ്പുമെല്ലാം ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ എത്തുന്നത്. ഏത് രാജ്യക്കാര്‍ക്കാണ് പുതിയ ഇളവ് എന്ന് അറിയാം...

ആഗസ്റ്റ് 15 മുതലാണ് 9 രാജ്യക്കാര്‍ക്ക് വിസ ഇല്ലാതെ പ്രവേശിക്കാനുള്ള ഇളവ് വിയറ്റ്‌നാം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് 14 വരെ ഈ പദ്ധതി തുടരും. പിന്നീട് ചര്‍ച്ചകള്‍ നടത്തിയ ശേഷം ആവശ്യമെങ്കില്‍ പദ്ധതി നീട്ടും. ചെക്ക് റിപബ്ലിക്, സ്വിറ്റ്‌സര്‍ലാന്റ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിയറ്റ്‌നാം നേരത്തെ ഇളവ് നല്‍കിയിരുന്നു.
ഇപ്പോള്‍ 9 രാജ്യക്കാര്‍ക്ക് കൂടിയാണ് വിയറ്റ്‌നാം വിസ രഹിത യാത്രയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്. ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ഹംഗറി, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ്, റുമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ പൗരന്മാര്‍ക്ക് കൂടിയാണ് ഇപ്പോള്‍ അവസരം ലഭിച്ചത്. നേരത്തെ അവസരം നല്‍കുമ്പോള്‍ അംഗീകൃത ടൂറിസ്റ്റ് ഓപറേറ്റര്‍മാര്‍ മുഖേന വരണം എന്ന നിബന്ധനയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ നിബന്ധനകളും എടുത്തു മാറ്റി.
ഇന്ത്യക്കാര്‍ക്ക് ഇ-വിസ വഴി പോകാം
നിലവിലെ പട്ടികയില്‍ ഇന്ത്യയില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് വിയറ്റ്‌നാമിലേക്ക് വിസ ഇല്ലാതെ യാത്ര സാധ്യമല്ല. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ അനുവദിക്കും. നേരിട്ട് എംബസികളില്‍ പോയി അപേക്ഷിക്കാതെ ഓണ്‍ലൈന്‍ വഴി വിസ കിട്ടുന്ന പദ്ധതിയാണിത്. 90 ദിവസം കാലാവധിയാണ് ഇ-വിസ വഴി എത്തുന്നവര്‍ക്ക് വിയറ്റ്‌നാം അനുവദിക്കുന്നത്.
വിസ ഇല്ലാതെ എത്തുന്നവര്‍ക്ക് 45 ദിവസം തങ്ങാനാണ് അനുമതിയുള്ളത്. അതു കഴിഞ്ഞ ശേഷവും വിയറ്റ്‌നാമില്‍ നില്‍ക്കണം എന്ന് തോന്നുന്നവര്‍ക്ക് ഇ-വിസ വഴി അപേക്ഷ സമര്‍പ്പിക്കാം. വിസ ലഭിച്ചവര്‍ക്ക് ഒന്നിലധികം തവണ വിയറ്റ്‌നാമില്‍ പ്രവേശിക്കാന്‍ സാധിക്കും. വിസ ഇല്ലാതെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് 45 ദിവസത്തിന് ശേഷവും രാജ്യത്ത് തങ്ങണം എന്ന് തോന്നുന്നു എങ്കില്‍ മറ്റൊരു വഴിയുണ്ട്.
45 ദിവസം തികയുന്ന വേളയില്‍ വിയറ്റ്‌നാമിന് പുറത്തുപോയി തിരിച്ചുവരാം. അയല്‍രാജ്യങ്ങളായ തായ്‌ലാന്റ് ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. തായ്‌ലാന്റിന് പുറമെ കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും വിയറ്റ്‌നാമിലേക്ക് എത്തി 45 ദിവസം കൂടി താമസിക്കാം. തായ്‌ലാന്റിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. അതുകൊണ്ടുതന്നെ നേരിട്ട് തായ്‌ലാന്റില്‍ പോയ ശേഷം ഇ-വിസ അപേക്ഷിച്ച് വിയറ്റ്‌നാമും കറങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും.












Click it and Unblock the Notifications