മഴ അടിച്ചുപൊളിക്കാൻ യാത്ര പ്ലാൻ ചെയ്യുകയാണോ?; ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര വേണ്ട
തിരുവനന്തപുരം: മഴ ആസ്വദിക്കാൻ ഗംഭീര യാത്രകൾ പ്ലാൻ ചെയ്ത് ഇരിപ്പായിരിക്കും പലരും. വാരാന്ത്യത്തിൽ ട്രക്കിങും ബോട്ടിങും മഴ നടത്തവുമെല്ലാം പദ്ധതി ഇട്ടവരും കാണും. എന്നാൽ സഞ്ചാരികളെ അൽപം ക്ഷമിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. മഴ കനത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള യാത്രകൾ മാറ്റിവെയ്ക്കണമെന്നാണ് അധികൃതർ പറയുന്നത്. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും യാത്ര വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദമായി അറിയാം
വയനാട്ടിലേക്ക് പേകേണ്ട
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാഴാഴ്ച സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. പൊതു ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.

പത്തനംതിട്ടയിലും നിയന്ത്രണം
പത്തനംതിട്ട ജില്ലയില്‍ 2024 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതൽ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവർത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.
പൊൻമുടി അടച്ചു
പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം.
കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു
കക്കയം ഇക്കോ ടൂറിസം സെന്ററും കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രവും അടച്ചു.കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്റര്‍ ഇനി അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുകയാണെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.മഴ ശക്തമായതിനാല്‍ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികളുടെ പ്രവേശനവും അനിശ്ചിത കാലത്തത്തേക്ക് നിർത്തിവെച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കരിയാത്തുംപാറയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.












Click it and Unblock the Notifications