കോട മൂടിയ 900 കണ്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, രാത്രി കാട്ടിലൂടെ യാത്രയും; പാക്കേജ് ഇതാ
വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ രാത്രിയിൽ ഒരു യാത്ര,സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ്).. ഒറ്റപ്പോക്കിന് ഇതൊക്കെ കണ്ട് വന്നാലോ? കൊള്ളാമെന്നാണെങ്കിൽ ഫോണെടുത്ത് വിളിക്കൂ കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക്. ഈ മാസം 22 നാണ് ജംഗിൾ സഫാരി ഉൾപ്പെടെയുള്ള പാക്കേജ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസവും ഇതേ പക്കേജ് പ്രഖ്യാപിച്ചെങ്കിലും മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായോതോടെയാണ് വീണ്ടും പാക്കേജ് പ്രഖ്യാപിച്ചത്. രാവിലെ 5.45 ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ് ആദ്യ യാത്ര.

വയനാട്ടിൽ എത്തിയാൽ യാത്രികർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് സൂചിപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളിലായി 300 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. രാവിലെ എട്ട് മണി മുതലാണ് ഇവിടേക്ക് പ്രവേശനം. സൂചിപ്പാറയിലെ കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ ആനവണ്ടി നേരെ പോകുന്നത് 900 കണ്ടിയിലേക്കാണ്.
മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10കിലോമീറ്റർ പോയാൽ തൊള്ളായിരം കണ്ടിയിലേക്കുള്ള വഴിയായി. ഒറ്റ കാഴ്ചയിൽ ആഹ സുന്ദരം എന്ന് പറഞ്ഞ് പോകുന്ന കാടിന് നടുവിലൂടെയുള്ള ഒരു കിടിലൻ യാത്രയായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മഴയും കോടമഞ്ഞുമൊക്കെയാണെങ്കിൽ പിന്നെ ഇവിടുത്തെ കാഴ്ചകൾ വേറെ ലെവലാണ്. വെറും യാത്രമല്ല കേട്ടോ, ഓഫ് റോഡ് കഴിഞ്ഞാൽ ഇവിടെ ക്യാമ്പ് ചെയ്യാൻ സാധിക്കും. മാത്രമല്ല ഗ്ലാസ് ബ്രിഡ്ജ് കാഴ്ചയും ആവോളം ആസ്വദിക്കാം.
സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവം നൽകുന്ന കാഴ്ചയായിരിക്കും മുത്തങ്ങയിലൂടെയുളള ജംഗിൾ സഫാരി. ആനയും കടുവയും ഇറങ്ങുന്ന കാട്ടിലൂടെ വന്യമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാൻ സാധിക്കുന്ന രീതിയിലായിരിക്കും ഈ യാത്ര. 6.30ക്കാണ് യാത്ര തുടങ്ങുക. സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരി ഡിപ്പോയിൽ മടങ്ങിയെത്തും. തുടർന്ന് രാത്രി രണ്ട് മണിയോടെ കണ്ണൂരിലേക്ക് യാത്ര തിരിക്കും. ഭക്ഷണവും പ്രേവശന നിരക്കുകളും ഉള്‍പ്പെടെയാണ് ടിക്കറ്റ് തുക ഈടാക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 8089463675, 9496131288.












Click it and Unblock the Notifications