മലകയറാം, കാട് കറങ്ങാം, കോട പുതച്ച കാഴ്ച കാണാം; വെറും 590 മുതൽ യാത്രാ പാക്കേജുകൾ
കീശകാലിയാകാതെ യാത്ര പോകണം, അതുമാത്രമേ ഉള്ളൂ സഞ്ചാരികളുടെ ആഗ്രഹം. അങ്ങനെ അധികം പണം ചെലവാകാതെ നല്ല കിടിലൻ യാത്ര ആസ്വദിക്കണമെങ്കിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്ര പാക്കേജുകൾ തിരഞ്ഞെടുക്കുന്നതാവും ഉത്തമം. വലിയ ചെലവില്ലാതെ തന്നെ ദിവസങ്ങളോളം യാത്ര ആസ്വദിച്ച് വരാൻ സാധിക്കുന്ന തരത്തിലുള്ള പാക്കേജുകളാണ് ബജറ്റ് സെല്ലിന്റേത്. നവംബർ മാസത്തിൽ കോഴിക്കോട് ബജറ്റ് സെൽ അവതരിപ്പിക്കുന്നതും അത്തരത്തിലുള്ള യാത്രകളാണ്. വിശദമായി നോക്കിയാലോ
നവംബർ 2 മുതൽ തന്നെ അടുത്ത മാസത്തെ പാക്കേജ് തുടങ്ങും. 16 സ്ഥലങ്ങളിലേക്കാണ് യാത്രകൾ തയ്യാറായിരിക്കുന്നത്. അതും നവംബറിൽ കേരളത്തിൽ സന്ദർശിക്കേണ്ട, ശൈത്യകാലം അതിന്റെ ഏറ്റവും രസകരമായ ഭാവത്തിൽ ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങളിലേക്ക്.

നവംബർ 2, 9, 23, 30 എന്നീ തീയതികളിൽ കോഴിക്കോട് നിന്ന് മൂന്നാറിലേക്കാണ് പാക്കേജുള്ളത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രക്ക് 1830 രൂപയാണ് ഒരാൾക്ക് ചെലവ് വരുന്നത്. കോടയിൽ മൂടി നിൽക്കുന്ന മൂന്നാറിനെ കാണാനുള്ള അവസരം ഇക്കുറി നഷ്ടപ്പെടുത്തേണ്ട.
മാമല്ലക്കണ്ടവും മൂന്നാറും ചേർത്തുകൊണ്ടുള്ള മറ്റൊരു പാക്കേജും കോഴിക്കോട് നിന്ന് ഉണ്ട്. ഇതും രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്രയാണ്. 16 നാണ് യാത്ര പുറപ്പെടുന്നത്.1790 രൂപയ്ക്കാണ് പാക്കേജ്. അതിമനോഹരമായ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ സാധിക്കുന്നതാണ് മാമലക്കണ്ടത്തിലേക്കുള്ള യാത്ര. കാടിന് നടുവിലുള്ള ഗ്രാമമാണ് ഇത്. കുന്നുകൾ, നീരരുവികൾ, കാട്ടുചോലകൾ ഇങ്ങനെ പല കാഴ്ചകളും സഞ്ചാരികൾക്ക് അനുഭവിക്കാം.
കോഴിക്കോട് നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ പാക്കേജ് വാഗമൺ-കുമളി പാക്കേജാണ്. 3 ദിവസം നീണ്ട് നിൽക്കുന്ന ഈ യാത്ര 4430 രൂപയാണ് ചിലവ് വരുന്നത്. 15 നാണ് യാത്ര പുറപ്പെടുന്നത്.
നിശബ്ദതാഴ്ചവരയെന്ന് അറിയപ്പെടുന്ന സൈലന്റ് വാലിയിലേക്കാണ് 7 നും 23 നും പാക്കേജ് ഉള്ളത്. പ്രകൃതിയുമായി ഏറ്റവും അടുത്ത് ചെലവഴിക്കാൻ കിട്ടുന്നൊരു അവസരം കൂടിയാണ് ഈ യാത്ര. 1580 രൂപയാണ് പാക്കേജ് തുക.
13 നും 22 നും ഗവി-പരുന്തുംപാറ യാത്ര, 17 ന് അതിരപ്പിള്ളി മലക്കപ്പാറ, 10,24- നെല്ലിയാമ്പതി, 16 ന് ഗുരുവായൂർ-കാടാമ്പുഴ ക്ഷേത്രം, 10 ന് കണ്ണൂർ ഫോർട്ട്-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക്, 17 ന് കണ്ണൂർ ഫോർട്ട്-പയ്യാമ്പലം ബീച്ച്-പറശിനിക്കടവ്, 3,10,17 തീയതികളിൽ വയനാട്, 16 ന് നെഫർറ്റിറ്റി കപ്പൽ യാത്ര എന്നിവയും കോഴിക്കോട് നിന്നുണ്ട്. കൂടുതൽ വിവരങ്ങൾ 9544477954


Click it and Unblock the Notifications