ഓണം ക്ഷീണം കഴിഞ്ഞില്ലേ? എന്നാൽ തയ്യാറായിക്കോളൂ; ഒറ്റ ദിവസം കൊണ്ട് പോയി വരാൻ ഒരു കിടിലൻ യാത്ര
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത് . സഞ്ചാരികൾ പലരും കൂട്ടത്തോെ യാത്ര റദ്ദാക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുകളും വയനാട്ടിലേക്കുള്ള യാത്ര താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വയനാട് യാത്ര പാക്കേജുകൾ പുനഃരാരംഭിച്ചിരിക്കുകയാണ് ബജറ്റ് സെല്ലുകൾ. തങ്ങളുടെ വയനാട് ട്രിപ്പ് ഈ മാസം 16 നും 22 നും നടക്കുമെന്ന് കണ്ണൂർ കെ എസ് ആർ ടി സി അറിയിച്ചു. പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം
കണ്ണൂരിൽ നിന്നും രാവിലെ ആറ് മണിക്കാണ് യാത്ര പുറപ്പെടുക. ആദ്യം പോകുന്നത് തുഷാര ഗിരി വെള്ളച്ചാട്ടത്തിലേക്കാണ്. പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർന്നുള്ളതാണ്. ഈ മഴക്കാലത്ത് കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങളിലൊന്ന് കൂടിയാണ് തുഷാരഗിരി.

ഇവിടെ നിന്നും നേരേ പോകുന്നത് എൻ ഊര് ആദിവാസി പൈതൃക ഗ്രാമത്തിലേക്കാണ്. വയനാട്ടിലെ ആദിവാസികളുടെ സംസ്കാരവും പാരമ്പര്യവും അടുത്ത് അറിയാൻ കഴിയുന്ന ഇടമാണിത്. ഇവിടെ നിന്ന് പൂക്കോട് തടാകം കാണാനായി തിരിക്കും. ഇവിടം കണ്ട് കഴിഞ്ഞാൽ ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങളും സന്ദർശിക്കും. രാത്രി 11 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ് .
ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര
വയനാട്ടിലേക്ക് മാത്രമല്ല ഓണാവധി പൊളിക്കാൻ കപ്പൽ യാത്രയും കണ്ണൂരിൽ സെൽ ഒരുക്കിയിട്ടുണ്ട്. കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 28 രാവിലെ അഞ്ച് മണിയോടെയാണ് ഈ യാത്ര കണ്ണൂരിൽ നിന്നും പുറപ്പെടുക .ഒരാളിൽ നിന്നും 4590 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്ക് 2280 രൂപയാണ് ചാർജ്. പ്രോഗ്രാം കഴിഞ്ഞു 29 നു രാവിലെ കണ്ണൂരിൽ തിരിച്ചെത്തും . പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ് നടത്താനും ഫോൺ: 8089463675 9497007857












Click it and Unblock the Notifications