ആലപ്പുഴയും അർത്തുങ്കൽ പള്ളിയും കണ്ട് മടങ്ങാം; യാത്ര കളറാക്കാൻ വയനാടും പിടിക്കാം ഇതാ പാക്കേജ്
ഇടുക്കി: വേനലവധി ആയതോടെ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി യാത്ര പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, വയനാട്, സാഗർ റാണി കപ്പൽ യാത്ര തുടങ്ങി കെ എസ് ആർ ടി സി യുടെ തൊടുപുഴ ബജറ്റ് സെല്ലും നിരവധി യാത്രകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട് .യാത്ര വിവരങ്ങൾ വിശദമായി അറിയാം
വിഷുവിന് തലേന്ന്∙ 13ന് വാഗമണ്ണിലേക്കാണ് പാക്കേജ്. നാടുകാണി പവിലിയൻ, അയ്യപ്പൻകോവിൽ ,തൂക്കുപാലം, വാഗമൺ അഡ്വഞ്ചർ പാർക്ക് എന്നിവയെല്ലാം കാണാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. ഈ ഏകദിന യാത്രയ്ക്ക് 450 രൂപയാണ് ചെലവ്. സെല്ലിന്റെ അടുത്ത യാത്ര 18 ന് വയനാടിലേക്കാണ്. ഈ ചുട്ടുപൊള്ളുന്ന ചൂടത്ത് വയനാടൻ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പാകത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. 21നാണ് തിരികെ എത്തുക. 1830 രൂപയാണ് പാക്കേജ് തുക. 21ന് കൊച്ചിയിൽ സാഗർ റാണി കപ്പൽ യാത്രയും തിരഞ്ഞെടുക്കാം. 1110 രൂപയാണ് ചെലവ്.

ചിത്രപൗർണമി ഉത്സവം നടക്കുന്ന കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലേക്ക് 23 ന് പ്രത്യേകം പാക്കേജ് ഉണ്ട്. കേരളത്തിലെ ഏറ്റവും പുരാതന കണ്ണകി ക്ഷേത്രമായ ഇവിടം വർഷത്തിൽ ഒരിക്കൽ മാത്രമാണ് തുറക്കുക. 720 രൂപയാണ് യാത്ര ചെലവ്.
കായൽ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴ വരെ പോയി വരാവുന്നതാണ് മറ്റൊരു പാക്കേജ്. 28 നാണ് ഈ യാത്ര. പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ പുന്നമടക്കായൽ യാത്രയുമാണ് പാക്കേജിൽ കാണാൻ സാധിക്കുക. ആലപ്പുഴ ബീച്ചിലെ സൂര്യാസ്തനവും കണ്ട് മടങ്ങാവുന്ന യാത്രയ്ക്ക് ബോട്ടിങ് ചാർജ് ഉൾപ്പെടെ 950 രൂപയാണ് നൽകേണ്ടത്.
ഇവയൊന്നും കൂടാതെ മൂകാംബിക ,തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യാത്രാ പക്കേജും ഉണ്ട് ഈ മാസം അവസാനത്തോടെയായിരിക്കും ഈ യാത്രകൾ. റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, കോളജ് തുടങ്ങി ഗ്രൂപ്പായി വരുന്നവർക്ക് ബസ് ബുക്ക് ചെയ്ത് പോകാനുള്ള സൗകര്യങ്ങളും ഉണ്ട്. ഇത് പ്രത്യേകം ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 83048 89896, 97449 10383. 96051 92092.












Click it and Unblock the Notifications