വിമാന യാത്ര വിനയാക്കല്ലേ, ഹാൻഡ് ലഗേജിൽ എന്തൊക്കെ സാധനങ്ങൾ കൊണ്ടുപോകാം? അറിയാം
വിമാനയാത്രയിൽ കൈയ്യിൽ കരുതുന്ന ഹാൻഡ് ലഗേജിൽ എന്തൊക്കെ
സാധനങ്ങൾ സൂക്ഷിക്കാമെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ ഹാൻഡ് ലഗേജിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റു ചെയിതിരുന്നു. ഷൂട്ടിങ് പരിശീലിക്കുന്ന ഇയാൾ യാത്രയ്ക്കു മുൻപ് ബാഗിൽ നിന്ന് വെടിയുണ്ട എടുത്തു മാറ്റാൻ മറന്നു പോയതാണ് വിനയായത്. ഈ സംഭവം കൂടി കഴിഞ്ഞതോടെ ഹാൻഡ് ലഗേജിൽ എന്തൊക്കെ സൂക്ഷിക്കാമെന്ന ചോദ്യത്തിന് ശക്തിയേറുകയാണ്.
യഥാർത്ഥത്തിൽ ആർമി, പോലീസ് ഉദ്യോഗസ്ഥർക്കു പോലും എയർ പോർട്ടിൽ ഹാൻഡ് ലഗേജിൽ വെടിയുണ്ട സൂക്ഷിക്കാൻ അനുമതി ഇല്ല. ബുള്ളറ്റുകൾ ചെക്ക് ഇൻ ബാഗിൽ മാത്രമെ സൂക്ഷിക്കാൻ സാധിക്കൂ. ചെറിയ ബ്ലേഡ്, കത്തി, ബാറ്ററികൾ എന്നിങ്ങനെ വിമാനയാത്രയിൽ ഹാൻഡ് ലഗേജിൽ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കളെന്തെല്ലാമെന്ന് പരിശോധിക്കാം.

നിങ്ങളോരു കായികതാരമാണെങ്കിൽ കൂടി ചില സ്പോർട്ട്സ് എക്യുപ്മെന്റ്സ് വിമാനയാത്രയിൽ ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. ഉദാഹരണത്തിന് ബേസ്ബോൾ ബാറ്റ്, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റ്, ഗോൾഫ് കളിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്ക്, ഹോക്കി സ്റ്റിക്ക്, ലാക്രോസ് സ്റ്റിക്ക്, ബില്യാർഡ്സ് സ്നൂക്കർ ഇവയൊന്നും ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ല. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം ചെക്ക് ഇൻ ബാഗിൽ മാത്രെ സൂക്ഷിക്കാൻ സാധിക്കു.
കൂടാതെ ലൈറ്റർ, തീപ്പെട്ടി, കത്തി, കൂർത്ത മുനയുള്ള വസ്തുക്കൾ, കത്രിക, ബോക്സ് കട്ടറുകൾ, ഐസ് ആക്സ്, ഐസ് പിക്ക്, വാൾ, ടർപെന്റൈൻ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുകൾ തുടങ്ങിയ യാതൊരുവിധ വസ്തുക്കളും ഹാൻഡ് ബാഗിൽ പാടില്ല.
അതേസമയം, കുറിപ്പടിയോടു കൂടിയ ഇൻഹേലർ, മരുന്ന് എന്നിവയും കുഞ്ഞുങ്ങളുടെ ഭക്ഷണവും അനുവദിക്കും. സ്പ്രേ പെയിന്റ്, കണ്ണീർ വാതകം, കുളങ്ങളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറിൻ, ലിക്വിഡ് ബ്ലീച്ച് എന്നിവയും കൈയിൽ കരുതുന്ന ബാഗിൽ ഉണ്ടാകരുത്. ഈ വസ്തുക്കൾ ഒരു സൂചന മാത്രമാണ്. എന്നാൽ യാത്രയുടെ സമയത്ത് ഹാൻഡ് ലഗേജിൽ സംശയകരമായ എന്തെങ്കിലും വസ്തു കണ്ടെത്തിയാൽ ഉചിതമായ നടപടി അധികൃതർ സ്വീകരിക്കും. അതുകൊണ്ടു തന്നെ വിമാനയാത്രയെ തടസപ്പെടുത്തുകയോ മറ്റുള്ളവരെ ആക്രമിക്കാൻ സാധ്യതയുള്ളതോ ആയ വസ്തുക്കൾ വിമാനത്തിൽ കൈയിൽ കരുതുന്ന ബാഗിൽ ഉണ്ടാകരുത്.












Click it and Unblock the Notifications