ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം? പ്രയോജനങ്ങള്‍ ഇതാണ്
അന്താരാഷ്ട്ര യാത്രകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ കുറയ്ക്കാനും ലക്ഷ്യമിട്ട് രാജ്യത്ത് ഇലക്ട്രോണിക് പാസ്പോര്‍ട്ട് അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇ-പാസ്പോര്‍ട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ രേഖകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചത്. യാത്രക്കാരുടെ വിരലടയാളം ഉള്‍പ്പെടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ആള്‍മാറാട്ടം പോലുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കഴിയും. വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കാനും ഇ-പാസ്പോര്‍ട്ട് സഹായിക്കും.
എന്താണ് ഇ-പാസ്പോര്‍ട്ട്?
ഒരു ഇ-പാസ്പോര്‍ട്ട് പരമ്പരാഗത പാസ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ പിന്‍ കവറിനുള്ളില്‍ ഒരു ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ ചിപ്പില്‍ വിരലടയാളങ്ങള്‍, മുഖത്തിന്റെ സൂക്ഷ്മമായ ഡാറ്റ, ഡിജിറ്റല്‍ ഒപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ലഭിക്കും.
പാസ്പോര്‍ട്ടില്‍ അച്ചടിച്ച ഡാറ്റയും ഡിജിറ്റല്‍ രേഖകളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. കൃത്രിമത്വം നടന്നാല്‍ പിന്‍ കവറിലുള്ള സ്വര്‍ണ്ണ നിറമുള്ള ചിപ്പ് വഴി എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഐഡന്റിറ്റി മോഷണം, ഡ്യൂപ്ലിക്കേഷന്‍, വ്യാജരേഖ എന്നിവയില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു.

വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഗേറ്റുകളില്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്യാനും ഇ-പാസ്പോര്‍ട്ട് സഹായിക്കും. ഇത് ക്യൂവിന്റെ നീളം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പൗരന്മാരുടെ യാത്രാ രേഖകള്‍ക്ക് മികച്ച അന്താരാഷ്ട്ര സ്വീകാര്യത ഉറപ്പാക്കുന്നു. ആള്‍മാറാട്ടം തടയാനും പാസ്പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് വലിയൊരു അളവില്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ചിപ്പുകള്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതിനാല്‍ യാത്രക്കാരന് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് എളുപ്പമാക്കാം.
സര്‍ക്കാര്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുക എന്ന ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍, സാധാരണ പാസ്പോര്‍ട്ടിന് അര്‍ഹതയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. നിലവില്‍ ഇ-പാസ്പോര്‍ട്ടിന്റെ വിതരണം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ സാധാരണ പാസ്പോര്‍ട്ടിന്റേതിന് സമാനമാണ്.
സ്വന്തമായി ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍
പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ അല്ലെങ്കില്‍ ലോഗിന്‍ ചെയ്ത് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുക. തുടര്‍ന്ന് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക. ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് പ്രാദേശിക പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലോ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുക. ഒറിജിനല്‍ രേഖകളുമായി അപ്പോയിന്റ്‌മെന്റ് സെന്ററില്‍ എത്തുക. ഇവിടെ വെച്ച് ബയോമെട്രിക് ഡാറ്റയായ ഫോട്ടോയും വിരലടയാളങ്ങളും എടുക്കും. എല്ലാ നടപടികളും പൂര്‍ത്തിയായാല്‍ ഇ-പാസ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ലഭിക്കും.












Click it and Unblock the Notifications