ഡൽഹി മെട്രോയിൽ നാളെ സൗജന്യ യാത്ര ആർക്കൊക്കെ? അറിയാം
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ പ്രധാന ചടങ്ങിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രാലയം നൽകുന്ന ക്ഷണക്കത്തുള്ളവർക്ക് ഡൽഹി മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു.
ക്ഷണിക്കപ്പെട്ടവർക്ക് ചടങ്ങിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായി പ്രത്യേക ക്യുആർ ടിക്കറ്റുകൾ നൽകും. ഈ യാത്രകളുടെ ചെലവ് പ്രതിരോധ മന്ത്രാലയം ഡിഎംആർസിക്ക് തിരികെ നൽകും. ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാൽ ഖില, ജമാ മസ്ജിദ്, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷനുകളിൽ ചടങ്ങ് പ്രമാണിച്ച് തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ, മെട്രോ സർവീസുകൾ എല്ലാ ലൈനുകളിലും രാവിലെ 4 മണിക്ക് ആരംഭിക്കും. രാവിലെ 6 മണിവരെ ട്രെയിനുകൾ ഓരോ 30 മിനിറ്റിലും സർവീസ് നടത്തും. അതിനുശേഷം പതിവ് സമയക്രമം പാലിക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം
79ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങി രാജ്യതലസ്ഥാനം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിആഘോഷങ്ങൾക്ക് നേതൃത്വം നൽകും. 'നവ ഭാരതം' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന വിഷയം.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ, ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ പൂക്കൾ വർഷിക്കും. ഒരു ഹെലികോപ്റ്റർ ദേശീയ പതാകയും മറ്റൊന്ന് 'ഓപ്പറേഷൻ സിന്ദൂർ' ചിത്രീകരിക്കുന്ന പതാകയും വഹിക്കും.
വിംഗ് കമാൻഡർ വിനയ് പൂനിയയും വിംഗ് കമാൻഡർ ആദിത്യ ജയ്‌സ്വാളുമായിരിക്കും ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ദൗത്യത്തിന്റെ വിജയം ആഘോഷിക്കും. ഗ്യാൻപഥിലെ വ്യൂ കട്ടറിൽ ഓപ്പറേഷൻ സിന്ദൂർ ലോഗോ ഉണ്ടാകും. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും ഈ ദൗത്യത്തെ അടിസ്ഥാനമാക്കിയായിരിക്കും.
ക്ഷണക്കത്തുകളിൽ ഓപ്പറേഷൻ സിന്ദൂർ ലോഗോയും 'നവ ഭാരതം' എന്ന പ്രമേയത്തിൽ ചെന്നാബ് പാലത്തിന്റെ വാട്ടർമാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂക്കൾ വർഷിച്ചതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിക്കുമ്പോൾ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) കേഡറ്റുകളും 'മൈ ഭാരത്' സന്നദ്ധപ്രവർത്തകരും ദേശീയ ഗാനം ആലപിക്കും.
രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലുമായി 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പോലീസിനെയും വിന്യസിച്ചു. കൂടാതെ, ഉയരമുള്ള കെട്ടിടങ്ങളിൽ സ്നൈപ്പർമാരെയും നഗരത്തിൽ ഉടനീളം ക്യാമറാ നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്.ഡൽഹി പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗം എന്നിവർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. പലതട്ടുകളായുള്ള സുരക്ഷാ വലയം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.
സിസിടിവി ക്യാമറകൾ, ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ, ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ എന്നിവ ഉപയോഗിച്ച് ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം നടത്തും.ഓഗസ്റ്റ് 15-ന് ക്ഷണക്കത്തുള്ളവർക്ക് മാത്രമേ ചെങ്കോട്ടയിലേക്ക് പ്രവേശനമുള്ളൂ. കൂടാതെ, ലേബൽ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ പരിസരത്തേക്ക് പ്രവേശനാനുമതിയുള്ളൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു
സുരക്ഷാ പരിശീലനങ്ങൾക്ക് പുറമെ, രാത്രികാല പട്രോളിംഗും കാൽനട പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള മേഖലകളിൽ രഹസ്യാന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിന വാരത്തിൽ അർദ്ധസൈനിക വിഭാഗങ്ങളും പ്രത്യേക കമാൻഡോകളും ഉൾപ്പെടെ 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പോലീസിനെയും വിന്യസിച്ചതായി പോലീസ് അറിയിച്ചു. സമാധാനത്തിന് ഭംഗം വരുത്തുന്ന ഏതെങ്കിലും ഓൺലൈൻ ഭീഷണികളോ തെറ്റായ വിവരങ്ങളോ കണ്ടെത്താനും തടയാനും സൈബർ യൂണിറ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications