ആനയ്‌ക്കൊപ്പം 'സെല്‍ഫി'; വന്യജീവി ടൂറിസം തമാശയല്ല; കാട്ടില്‍ ഈ അപകടങ്ങള്‍ പതിയിരിപ്പുണ്ട്
വന്യജീവി ടൂറിസത്തിന് ഇപ്പോള്‍ വലിയ പ്രചാരമാണ് ലോകമെമ്പാടും ലഭിക്കുന്നത്. കാടുകളിലേക്ക് ട്രക്കിങ്ങിനും മറ്റുമായി പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പലരും വന്യജീവികളെക്കുറിച്ച് മതിയായ അവബോധമില്ലാതെയാണ് കാടു കാണാനായി പോകുന്നത്. ചൈനയിലെ അല്‍തായ് പ്രവിശ്യയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദസഞ്ചാരിയെ ഹിമപ്പുലി ആക്രമിച്ച സംഭവം വന്യജീവി ടൂറിസത്തിലെ അപകടങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
കെകെതുവോഹായ് സീനിക് ഏരിയയില്‍ സ്‌കീയിംഗിന് എത്തിയ സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. മഞ്ഞിലൂടെ നീങ്ങുകയായിരുന്ന ഹിമപ്പുലിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ക്ക് കടിയേറ്റത്. പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹിമപ്പുലികള്‍ വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.

വന്യജീവി ആവാസവ്യവസ്ഥകള്‍ സന്ദര്‍ശിക്കുമ്പോള്‍ സഞ്ചാരികള്‍ പലപ്പോഴും അവഗണിക്കുന്ന അഞ്ച് സുപ്രധാന കാര്യങ്ങള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി, വന്യമൃഗങ്ങള്‍ ശാന്തമായി കാണപ്പെട്ടാല്‍ അവ സുരക്ഷിതരാണെന്ന് അര്‍ത്ഥമില്ല. അവയുടെ പെരുമാറ്റം എപ്പോള്‍ വേണമെങ്കിലും മാറാം. രണ്ടാമതായി, മനുഷ്യര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ ഇരപിടിയന്‍ മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. മഞ്ഞിലായാലും പരുക്കന്‍ ഭൂപ്രദേശങ്ങളിലായാലും അവയുടെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. മൂന്നാമത്തെ പ്രധാന കാര്യം മൊബൈല്‍ ഫോണുകളുടെ ഉപയോഗമാണ്. ഫോണുകളില്‍ മികച്ച ഒപ്റ്റിക്കല്‍ സൂം ഇല്ലാത്തതിനാല്‍ പലരും നല്ല ചിത്രങ്ങള്‍ക്കായി മൃഗങ്ങളുടെ തൊട്ടടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നു. ഈ ചെറിയ ദൂരവ്യത്യാസം മൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ കാരണമാകും.
നാലാമതായി, പ്രദേശവാസികളും ഗൈഡുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തില്‍ നിന്നാണ് ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപപ്പെടുന്നത്. അവസാനമായി, വന്യജീവി മേഖലകള്‍ മിക്കവാറും ഒറ്റപ്പെട്ട ഇടങ്ങളിലായതുകൊണ്ട് തന്നെ അപകടം സംഭവിച്ചാല്‍ പെട്ടെന്ന് സഹായം എത്തിക്കുക പ്രായോഗികമല്ല. ഭൂപ്രകൃതിയും കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കും. വന്യജീവി ടൂറിസം മനോഹരമായ അനുഭവങ്ങള്‍ നല്‍കുമെങ്കിലും കടുത്ത ജാഗ്രതയും മൃഗങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനവും അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കേവലമായ ജിജ്ഞാസ മാരകമായ അപകടങ്ങളിലേക്ക് നയിക്കും.












Click it and Unblock the Notifications