ബെംഗളൂരു ടിക്കറ്റ് കിട്ടാതെ വലയുന്നവർക്ക് ആശ്വാസമാകുമോ മംഗളൂരു-ബെംഗളൂരു വന്ദേഭാരത്? പ്രതീക്ഷയോടെ മലബാറുകാർ
മംഗളൂരു-ബെംഗളൂരു റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ് വന്ദേഭാരത്. 16 കോച്ചുകളുള്ള വന്ദേഭാരത് റേക്കാണ് ഇന്ന് ട്രയൽ റണ്‍ നടത്തിയത്. സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയിൽ വന്ദേഭാരത് ട്രയൽ റണ്‍ വിജയകരമായി ട്രയൽ റണ്‍ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ പാതയിലും വന്ദേഭാരത് ട്രയൽ റണ്‍ നടത്തിയിരിക്കുന്നത്.
വളരെയേറെ വെല്ലുവിളി നിറഞ്ഞ പാതയാണ് ഹാസൻ-മംഗളൂരു റെയിൽവേ ലൈനിലെ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട്. 57 തുരങ്കങ്ങളും 226-ലധികം പാലങ്ങളും 108 വളവുകളും നിറഞ്ഞ ഈ പാതയിൽ ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇതുവഴി പോകുന്ന ട്രെയിനുകൾക്ക് നിലവിൽ മുന്നിലെ എൻജിന് പുറമെ പിന്നിൽ നിന്ന് തള്ളാനായി 'ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകളും ഘടിപ്പിക്കാറുണ്ട്. വന്ദേഭാരത് ഇത്തരമൊരു സംവിധാനങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ഇതുവഴിയുള്ള യാത്ര പൂർത്തിയാക്കിയത്.

മുഴുവൻ പാതയിലൂടെയും വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയാൽ പുതിയ സർവ്വീസിന് റെയിൽവെ മന്ത്രാലയം അനുമതി നൽകും. നിലവിൽ 9 മണിക്കൂർ കൊണ്ടാണ് ഈ പാതയിൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്. വന്ദേഭാരത് 7 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷയോടെ വടക്കൻ മലബാറുകാർ
നിലവിൽ മലബാർ മേഖലയിൽ നിന്ന് പ്രത്യേകിച്ച് കാസർഗോഡ്-കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് ബെംഗളൂരിലേക്കുള്ള ട്രെയിൻ യാത്ര ദൈർഘ്യമേറിയതാണ്. ഏകദേശം 15 മണിക്കൂർ കൊണ്ടാണ് പല ട്രെയിനുകളും യാത്ര പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തിൽ ബസുകളേയാണ് പലരും ആശ്രയിക്കുന്നത്. അതേസമയം തിരക്കുള്ള സമയങ്ങളിലും വാരാന്ത്യങ്ങളിലും ഉയർന്ന നിരക്കാണ് ബസുകൾ ഈടാക്കുക. എന്നിരുന്നാലും വേഗത്തിൽ എത്താമെന്ന പ്രതീക്ഷയിൽ ഉയർന്ന തുക കൊടുക്കാൻ യാത്രക്കാർ തയ്യാറാകും.
അതേസമയം മാംഗളൂരു വഴി പുതിയ വന്ദേഭാരത് അനുവദിച്ചാൽ അത് കാസർഗോഡ്, കണ്ണൂർ അടക്കമുള്ള വടക്കൻ മലബാറിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. മലബാറിൽ നിന്നും ട്രെയിൻ മാർഗമോ റോഡ് മാർഗമോ എളുപ്പത്തിൽ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരാനാകും. മംഗളൂരുവിൽ എത്തിയാൽ ചുരുങ്ങിയ സമയം കൊണ്ട് ബെംഗളൂരുവിലേക്ക് എളുപ്പത്തിലുള്ള യാത്ര സാധ്യമാകും.
ട്രയൽ റണ്ണിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് ബെംഗളൂരിലേക്ക് ട്രെയിൻ സർവ്വീസ് നടത്തിയത്. പുതിയ സർവ്വീസും ഇതേ സമയക്രമം പാലിച്ചാൽ ബെംഗളൂരിൽ രാത്രി 11 മണിയോടെ തന്നെ യാത്രക്കാർക്ക് എത്താം. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വാരാന്ത്യ യാത്രക്കാർക്കുമെല്ലാം ഈ ട്രെയിൻ കൂടുതൽ സൌകര്യപ്രദമാകും.


Click it and Unblock the Notifications