ഓണത്തിന് സ്പെഷ്യൽ വന്ദേഭാരത് വരുമോ? തിരക്ക് കുറക്കാൻ 112 സർവ്വീസുകളുമായി റെയിൽവെ
കൊച്ചി: ഓണത്തിരക്കിനിടെ ആശ്വാസ നടപടിയുമായി റെയിൽവെ. തിരക്ക് പരിഗണിച്ച് 112 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവെ പ്രഖ്യാപിച്ചു. 54 സർവീസുകൾ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്. ബാക്കി വരുന്ന 58 സർവീസുകൾ മറ്റ് റെയിൽവേ സോണുകളാണ് നടത്തുക.
ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയായിരിക്കും സ്പെഷ്യൽ സർവ്വീസുകൾ ഉണ്ടാകുക. തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ നിന്നതെല്ലാം കേരളത്തിലേക്ക് സർവ്വീസ് ഉണ്ടാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണം സീസണിൽ ഇരട്ടിയോളം അധിക സർവ്വീസുകളാണ് റെയിൽവെ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 55 ട്രെയിനുകൾ മാത്രമായിരുന്നു സ്പെഷ്യലായി പ്രഖ്യാപിച്ചത്. ഇത്തവണ അത് 112 ആയാണ് ഉയർത്തിയിരിക്കുന്നത്. ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗാച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, മംഗളൂരു എന്നീ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേകം ട്രെയിന ഉണ്ടാകും. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികൾ , വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വിനോദസഞ്ചാരികൾ എന്നിവർക്ക് സ്പെഷ്യൽ സർവ്വീസുകൾ ആശ്വാസമാകും.
സ്പെഷ്യൽ വന്ദേഭാരത് ഉണ്ടാകുമോ?
കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് സർവ്വീസുകൾക്കെല്ലാം മികച്ച ഒക്യുപെൻസി റേറ്റാണ്. പലപ്പോഴും ടിക്കറ്റിനായി കാത്തുകിടക്കേണ്ട അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമാണ്. ഇപ്പോഴിതാ ഓണത്തിരക്ക് നിയന്ത്രിക്കാൻ പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നും വന്ദേഭാരത് സർവ്വീസ് കേരളത്തിലേക്ക് സ്പെഷ്യലായി എത്തുമോയെന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
സംസ്ഥാനത്തിന് പുറത്ത് ബെംഗളൂരിൽ നിന്ന് മാത്രമാണ് കേരളത്തിലേക്ക് വന്ദേഭാരത് ഉള്ളത്. രണ്ട് വർഷം മുൻപ് ഓണത്തിന് കേരളത്തിലേക്ക് ബെംഗളൂരിൽ നിന്ന് സർവ്വീസ് ഓടിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് ആവശ്യം ശക്തമായതോടെ കൊച്ചി-ബെംഗളൂരു റൂട്ടിൽ സ്ഥിരം സർവ്വീസ് പ്രഖ്യാപിച്ചത്. ഓണത്തിരക്ക് ആയതോടെ ഒരു മാസം മുൻപ് തന്നെ വന്ദേഭാരതിൻ്റെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിരുന്നു. യാത്രക്കാർ ആവശ്യം ഉയർത്തിയതോടെ വന്ദേഭാരതിന് കൂടുതൽ കോച്ചുകൾ അനുവദിക്കുമെന്ന് റെയിൽവെ അറിയിച്ചു. 8 കോച്ചുകൾ 16 ആക്കുമെന്നായിരുന്നു വഗ്ദാനം. എന്നാൽ ഇതുവരേയും കോച്ചുകൾ ഉയർത്തിയിട്ടില്ല. അതിനിടയിലാണ് ഒരു സർവ്വീസെങ്കിലും അധികമായി ഓടിക്കുമോയെന്ന ആവശ്യം യാത്രക്കാർ ഉയർത്തുന്നത്. എന്നാൽ റെയിൽവെ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.


Click it and Unblock the Notifications