വെറും 7 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുമോ?ബെംഗളൂരു - മംഗളൂരു വന്ദേ ഭാരത് ട്രയൽ റൺ നാളെ
ബെംഗളൂരു- മംഗളൂരു സെൻട്രൽ പാതയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ നടത്താനൊരുങ്ങി റെയിൽവെ. നാളെയാണ് ട്രയൽ റണ്‍ നടത്തുക. സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയിൽ ട്രയൽ റണ്‍ വിജയകരമായി നടത്തിയതിന് പിന്നാലെയാണ് നടപടി. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക് (എഇബി ) സംവിധാനം ഘടിപ്പിച്ച 16 റേക്കുള്ള വന്ദേഭാരത് ഉപയോഗിച്ചായിരിക്കും ട്രെയൽ റണ്‍ നടത്തുക.
രാവിലെ 6.5 നാണ് യശ്വന്ത്പൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുക. 8 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് ട്രെയിൻ യാത്രാ സമയം പൂർത്തിയാക്കുക. ഉച്ചയ്ക്ക് 2.25 ന് ട്രെയിൻ മംഗളൂരുവിൽ എത്തും. ഹസൻ 9.5, സകലേഷ്പൂർ 10, സുബ്രഹ്മണ്യ റോഡ് 12.35 എന്നിങ്ങനെയാകും വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം. തിരികെ ഉച്ചയ്ക്ക് 3 ന് മംഗളൂരിൽ നിന്നും പുറപ്പെട്ട് രാത്രി 11 ഓടെയാണ് യശ്വന്ത്പൂരിൽ തിരിച്ചെത്തുക

യശ്വന്ത്പൂരിനും ഹാസനുമിടയിലെ ട്രയൽ ബെംഗളൂരു ഡിവിഷനാണ് നടത്തുക. ഹാസനും മംഗളൂരുവിനുമിടയിൽ മൈസൂരു ഡിവിഷനും. ട്രെയിനിന്റെ സമയം, സ്റ്റോപ്പുകൾ, ഘാട്ട് പാതയിലൂടെയുള്ള യാത്ര എന്നിവ ട്രെയൽ റണ്ണിൽ വിശദമായി പരിശോധിക്കും.
അതേസമയം 8.20 മണിക്കൂർ എന്ന സമയം ദൈർഘ്യമേറിയതാണെന്നും അതുകൊണ്ട് തന്നെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ട്രെയിനിൻ്റെ യാത്ര സമയം കുറക്കണമെന്നും റെയിൽവ ബോർഡ് നിർദേശിച്ചിട്ടുണ്ട്. യശ്വന്ത്പൂർ-ഹസൻ പാതയിൽ വേഗം കൂട്ടി പരമാവധി 7 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കണമെന്ന നിർദേശമാണ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും നൽകിയിരിക്കുന്നത്.
ട്രെയൽ റിപ്പോർട്ട് വിവരങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും സർവ്വീസിന് റെയിൽവെ മന്ത്രാലയം അനുമതി നൽകുകയെന്ന് മൈസൂരു ഡിആർഎം മുദിത് മിത്തൽ വ്യക്തമാക്കി.ഘാട്ട് പാതയിൽ എഇബി സംവിധാനത്തിന്റെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആർഡിഎസ്ഒ നേരത്തേ തന്നെ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് യശ്വന്ത്പൂർ-മാംഗളൂരു റൂട്ടിൽ 9.25 മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്. 9 ഇടങ്ങളിലാണ് ട്രെയിനിന്‍ സ്റ്റോപ്പ് ഉള്ളത്. അതേസമയം വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാൽ തന്നെ ഇത്രയും സ്റ്റോപ്പുകൾ അനുവദിച്ചേക്കില്ല.
അതേസമയം ബെംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് ശ്വന്ത്പൂരിനും ഹാസനുമിടയിൽ രണ്ടര മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്. രണ്ട് സ്റ്റോപ്പുകൾ കൂടി ഈ പാതയിൽ ഉണ്ട്. ഒരിടത്തും സ്റ്റോപ്പ് ഇല്ലമെങ്കിലും വന്ദേഭാരത് ട്രയൽ റണ്ണിന് മൂന്ന് മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ഈ ദൂരം രണ്ടര മണിക്കൂർ കൊണ്ട് വന്ദേഭാരതിന് പൂർത്തിയാക്കാനായാൽ യാത്ര സമയം ഏഴ് മണിക്കൂറായി കുറക്കാനാകും.




Click it and Unblock the Notifications