എത്തിയത് ഉദ്ഘാടനത്തിന്, ഒടുവിൽ പാലാപ്പള്ളി പാട്ടിന് ചുവടുവെച്ച് മന്ത്രി ബിന്ദു; വൈറലായി വീഡിയോ
ഇളങ്ങുളം (കോട്ടയം): എലിക്കുളത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ നൃത്തച്ചുവടുകളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ജനപ്രതിനിധികൾക്കും വയോജനങ്ങൾക്കും കന്യാസ്ത്രീകൾക്കും ഒപ്പമാണ് മന്ത്രി ചുവടുവെച്ചത്. പാല പള്ളി തിരുപ്പള്ളി എന്ന ഗാനത്തിനാണ് മന്ത്രി ചുവടുവെച്ചത്. സദസ്സിൽ ഇരുന്ന് ഗാനമേള ആസ്വദിക്കുകയായിരുന്നു ഡോ. ബിന്ദു.

ഗായകൻ എം.ജി. മുരളീദാസ്, പാലാ പള്ളി...എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോൾ സദസ്സിലെ വയോധികരിൽ ചിലർ നൃത്തം വെയ്ക്കാൻ തുടങ്ങി. പാമ്പോലി സെറിനിറ്റി ഹോമിലെ വയോധികരും ആയെത്തിയ കന്യാസ്ത്രീകളും ഇവരോടൊപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചി.
കവ്യാസ്ത്രീകളിൽ ഒരാളാണ് മന്ത്രിയുടെ കൈപിടിച്ച് നൃത്തം ചെയ്യാൻ വിളിക്കുന്നത്. ഇതോടെ മന്ത്രിയും ചുവടുവെച്ചു. പാട്ട് തീരും വരെ മന്ത്രി ഇവർക്കൊപ്പം നൃത്തം ചെയ്തു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തിയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത് 'മാജിക് വോയ്സ്' ഗാനമേള ട്രൂപ്പ് രൂപീകരിച്ചത്. ഇതിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, അംഗം മാത്യൂസ് പെരുമനങ്ങാട്ട്, ജില്ലാപഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ, ജോസ്‌മോൻ മുണ്ടയ്ക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിൻറെ പദ്ധതി വിഹിതത്തിൽപ്പെടുത്തി ആണ് ട്രൂപ്പിനുളള സംഗീത ഉപകരണങ്ങൾ വാങ്ങി നൽകിയത്.












Click it and Unblock the Notifications